ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയെന്ന നേട്ടം കൈവരിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതും ഇതാദ്യമായാണ്.
ഈ ചരിത്ര നേട്ടം കൈവരിച്ചതോടെ, കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം പതിനൊന്നായി. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോ. രാജീവനും നേതൃത്വം നൽകി. ഡോക്ടർമാർ, നഴ്സുമാർ, പെർഫ്യൂഷനിസ്റ്റുകൾ, ടെക്നീഷ്യൻമാർ, മറ്റ് ജീവനക്കാർ ഉൾപ്പെടെ ഏകദേശം 50 ഓളം പേരാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. മൂന്ന് ഓപ്പറേഷൻ തിയറ്ററുകളിൽ മൂന്ന് ടീമുകളാണ് ഒരേസമയം ശസ്ത്രക്രിയകൾ നടത്തിയത്.
മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് സ്വദേശിയായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എ.ആർ. അനീഷിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ദാനം ചെയ്ത എട്ട് അവയവങ്ങളിൽ ഒരു വൃക്ക, ഹൃദയം, ശ്വാസകോശം, രണ്ട് നേത്രപടലങ്ങൾ എന്നിവ കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കാണ് ലഭിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് ദാതാവിൽ നിന്നുള്ള അവയവങ്ങൾ സ്വീകരിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. തുടർന്ന് 9 മണിയോടെ സ്വീകർത്താക്കൾക്ക് അവയവം മാറ്റിവയ്ക്കുന്ന മൂന്ന് ശസ്ത്രക്രിയകളും തുടങ്ങി. പുലർച്ചെ 2 മണിയോളം ശസ്ത്രക്രിയകൾ നീണ്ടു. ഇത്തരത്തിലുള്ള ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും സർക്കാർ മേഖലയിൽ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
ആധുനിക സൗകര്യങ്ങൾ ഒരുക്കി കോട്ടയം മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാർ 746.10 കോടി രൂപയാണ് മെഡിക്കൽ കോളേജിന്റെ വികസനത്തിനായി അനുവദിച്ചത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഫാർമസി ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് എന്നിവ പൂർത്തിയാക്കി. നിർമ്മാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ഇൻഫെക്ഷ്യസ് ഡിസീസ് ബ്ലോക്കും പൂർത്തിയാകുന്നതോടെ കോട്ടയം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് എത്തിച്ചേരും. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി എയിംസ് നിലവാരത്തിലേക്ക് ഉയരുന്ന ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറിക്കൊണ്ടിരിക്കുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-25 11:12:17
ലേഖനം നമ്പർ: 1896