ഭവനരഹിതർക്കും ഭൂമിയില്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്നു ലൈഫ് മിഷൻ ഭവന നിർമ്മാണ
പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു.
സാമൂഹികവികസനത്തിന്റെ ഭാഗമായി നിർധനരേയും അഗതികളേയും നവകേരളനിർമ്മിതിയിൽ പൊതുധാരയോടൊപ്പം ചേർക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്, സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവർക്കു വീടും അവരിൽ തന്നെ തീർത്തും പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഉപജീവനമാർഗ്ഗവും സ്വന്തമായി അധ്വാനിക്കാൻ പോലുമാകാത്തവർക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളും ഉറപ്പാക്കുന്ന പുനരധിവാസ പദ്ധതിയായി LIFE (Livelihood, Inclusion and Financial Empowerment) മിഷനു സർക്കാർ രൂപം നൽകിയിട്ടുള്ളത്. 2016 ലാണ് സർക്കാർ പദ്ധതി ആരംഭിച്ചത്.
2026 ഫെബ്രുവരി വരെ ഏകദേശം 20,831.60 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. കാര്യക്ഷമതയുടെയും സമഗ്രതയുടെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയായ പദ്ധതിയാണ് ലൈഫ്. ഇതുവഴി ഭവനനിർമ്മാണത്തിനായി ഓരോ സാധാരണ കുടുംബത്തിനും 4 ലക്ഷം രൂപയുടെയും പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയുടെയും സാമ്പത്തിക സഹായമാണ് സർക്കാർ ഉറപ്പാക്കുന്നത്.
കുറഞ്ഞ ചിലവിൽ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതികളിലാണ് ബെസ്റ്റ് പ്രാക്ടീസായി നീതി ആയോഗ് ലൈഫ് പദ്ധതിയെ അംഗീകരിച്ചു. മുൻ പദ്ധതികളിൽ ആരംഭിച്ച് പണിപൂർത്തീകരിക്കാനാകാതെ പോയിട്ടുള്ള ഭവനങ്ങളുടെ പൂർത്തീകരണം, സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് ഭവന നിർമ്മാണ ധനസഹായം, ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന് പൊതുവുടമസ്ഥതയിലുള്ള ഭവനസമുച്ചയ നിർമ്മാണം, വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണ സഹായം എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് LIFE മിഷൻ പദ്ധതി നിർവ്വഹണം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളിൽ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളിൽ പെടുന്നു. ഭൂമിയുള്ള ഭവനരഹിതർ,നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായ വീടുപണി പൂർത്തിയാകാത്തവർ, പുറമ്പോക്കിലും തീരത്തും തോട്ടം മേഖലയിലും താൽകാലിക വീടുള്ളവർ,ഭൂമിയേ ഇല്ലാത്തവർ. എന്നിങ്ങനെ നാലു വിധത്തിലുള്ള ഗുണഭോക്താക്കളെയാണ് ഈ ദൗത്യം അഭിസംബോധന ചെയ്യുന്നത്.
സുരക്ഷിതവും മാന്യവുമായ പാർപ്പിടം എല്ലാവർക്കും ഉറപ്പാക്കുന്നതിലൂടെ സാമൂഹിക ഉൾക്കൊള്ളലും സാമ്പത്തിക ശാക്തീകരണവും കൈവരിക്കണമെന്ന സർക്കാരിന്റെ ജനകീയ വികസന ദർശനത്തിന്റെ പ്രധാന ഘടകമാണ് ലൈഫ് മിഷൻ പദ്ധതി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-23 16:03:06
ലേഖനം നമ്പർ: 1969