ഡിജിറ്റൽ ഇടങ്ങളിലേക്ക് ചുവടുറപ്പിച്ച് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷൻ 'KMTWWFB' പുറത്തിറങ്ങി. ആപ്പ് പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 11,000 കവിഞ്ഞു. ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ മോട്ടോർ തൊഴിലാളികൾക്കും വാഹന ഉടമകൾക്കും സ്മാർട്ട്ഫോൺ വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ഒരേപോലെ അംശാദായം അടയ്ക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. യു.പി.ഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പ്രതിമാസ അംശാദായം സുരക്ഷിതമായി ഓണ്‍ലൈനായി ആപ്പിലൂടെ അടയ്ക്കാം. പണമടച്ചയുടന്‍ തന്നെ പേയ്‌മെന്റ് രസീതുകള്‍ ഫോണില്‍ ലഭ്യമാക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. കൂടാതെ, മുന്‍പ് അടച്ച അംശാദായ വിവരങ്ങളും നാളിതുവരെയുള്ള ഇടപാടുകളുടെ കൃത്യമായ രേഖകളും ആപ്പിലൂടെ പരിശോധിക്കാം.

മൊബൈല്‍ ആപ്പിനോടൊപ്പം ബോര്‍ഡിന്റെ പുതിയ കെ.എം.ടി.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി ഔദ്യോഗിക വെബ് പോര്‍ട്ടലും (kmtwwfb.kerala.gov.in) പ്രവർത്തനസജ്ജമാണ്. ഇത് ‍ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്. വാഹനങ്ങളുടെയും ജീവനക്കാരുടെയും പുതിയ രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈൻ സോഫ്റ്റ്‌വെയർ മുഖേനയാണ് നടപ്പാക്കുന്നത്. കൂടാതെ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ സമർപ്പണവും ധനസഹായ വിതരണവും ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളും ഘട്ടംഘട്ടമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KMTWWFB' എന്ന് തിരഞ്ഞോ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

KMTWWFB ആപ്പ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-06 09:19:48

ലേഖനം നമ്പർ: 2137

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo