സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ചേർത്തുനിർത്തുന്ന ജനക്ഷേമ ദൗത്യത്തിന് തുടക്കമിട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം മാറിവരുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ കൃത്യമായി പരിശോധിച്ച്, അനർഹരെ ഒഴിവാക്കി ഏറ്റവും അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (AAY) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണം പൂർത്തിയായി. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തനം അതിവേഗം പൂർത്തിയാക്കിയത്.

അപേക്ഷകൾ അതിവേഗം പരിഗണിച്ചാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഈ നേട്ടം കൈവരിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50,000 കാർഡുകൾ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും, നടപടികൾ വേഗത്തിലാക്കിയതോടെ 73,024 പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ കഴിഞ്ഞു.

പുതിയ കാർഡുടമകൾക്ക് ഈ മാസം മുതൽ തന്നെ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങും. ഏറ്റവും നിർദ്ധനരായ കുടുംബങ്ങൾക്കുള്ള 2,000 അന്ത്യോദയ അന്നയോജന (AAY) കാർഡുകളുടെ വിതരണവും ഇതോടൊപ്പം തടസ്സമില്ലാതെ നടന്നു വരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ പൂർണ്ണമായി തീർപ്പാക്കി കാർഡുകൾ കൈമാറാൻ സാധിച്ചത് പൊതുവിതരണ വകുപ്പിന്റെ കാര്യക്ഷമതയുടെ പ്രതിഫലനമാണ്. 

ശക്തമായ വിപണി ഇടപെടലുകളാണ് പൊതുവിതരണ വകുപ്പും സപ്ലൈകോയും തയാറാക്കിയിരിക്കുന്നത്. ഓണക്കാലത്തെ വിലക്കയറ്റം തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും സപ്ലൈകോ ഓണച്ചന്തകൾ സംഘടിപ്പിക്കുന്നു. ഇത്തവണ ചന്തകളുടെ പ്രവർത്തനദൈർഘ്യം 4 ദിവസത്തിൽ നിന്ന് 6 ദിവസമാക്കി വർധിപ്പിച്ചു. ഓണക്കാല വിപണി ഇടപെടലുകൾക്കായി 253 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴി 27 രൂപ നിരക്കിൽ അരിയും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാക്കും. ഓഗസ്റ്റ് മാസത്തിൽ തന്നെ സെപ്റ്റംബറിലെ റേഷൻ വിഹിതം വാങ്ങാനുള്ള സൗകര്യവും കാർഡുടമകൾക്കായി ഒരുക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങൾ സമാഹരിച്ച് ആധുനിക ഗോഡൗണുകളിൽ സംഭരിക്കുകയും, പൊതുവിപണിയിൽ വില ഉയരുന്ന സമയത്ത് കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന പുതിയ സപ്ലൈ ചെയിൻ മാനേജ്‌മെന്റ് സംവിധാനം സപ്ലൈകോയിൽ നടപ്പിലാക്കും. അർഹരായവർക്ക് കൃത്യസമയത്ത് ആനുകൂല്യങ്ങൾ എത്തിച്ചുനൽകി, പൊതുവിതരണ ശൃംഖലയെ കൂടുതൽ സുതാര്യവും ശക്തവുമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-08-04 10:13:45

ലേഖനം നമ്പർ: 2057

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo