ലോകപ്രശസ്ത വിദ്യാഭ്യാസ-വിനോദ സോഫ്റ്റ്‌വെയറായ 'ജികോംപ്രിസ്' (GCompris)-ലേക്ക് തമിഴ്, കന്നഡ ഭാഷകളിലെ വിപുലമായ ഉള്ളടക്കങ്ങൾ കൂടി ഉൾപ്പെടുത്തി കൈറ്റ്. കേരളത്തിലെ തമിഴ്, കന്നഡ മീഡിയം വിദ്യാർത്ഥികൾക്കായി കൈറ്റ് വികസിപ്പിച്ചെടുത്ത തർജമകളും വോയ്‌സ് ഓവറുകളുമാണ് ഇപ്പോൾ ജികോംപ്രിസിന്റെ പുതിയ ആഗോള പതിപ്പിൽ ഔദ്യോഗികമായി ഇടംനേടിയിരിക്കുന്നത്.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റ് തയ്യാറാക്കിയ 'കളിപ്പെട്ടി' ഐ.സി.ടി പാഠപുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറാണ് ജികോംപ്രിസ്. ഇന്ത്യൻ ഭാഷകളിൽ മലയാളത്തിനും സംസ്‌കൃതത്തിനും അപ്പുറം മറ്റ് പ്രാദേശിക ഭാഷകളിൽ ജികോംപ്രിസ് റെപ്പോസിറ്ററി ഇത്ര വിപുലമായി ലഭ്യമായിരുന്നില്ല. ഈ കുറവ് പരിഹരിക്കാനായി കൈറ്റ് വിദഗ്ധർ തമിഴിൽ 1544-ഉം കന്നഡയിൽ 1582-ഉം ഇന്റർഫേസ് തർജമകളും വോയ്‌സ് ഓവറുകളും തയ്യാറാക്കി. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്പർ കൂട്ടായ്മയായ 'കെ.ഡി.ഇ' ഇതിന് അംഗീകാരം നൽകിയതോടെ ഗൂഗിൾ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ ഭാഷാ പതിപ്പുകൾ ലഭ്യമായിത്തുടങ്ങി.
കഴിഞ്ഞ ഒക്ടോബറിൽ കൈറ്റ് ആസ്ഥാനം സന്ദർശിച്ച ജികോംപ്രിസ് കോ-മെയിന്റനറും പ്രശസ്ത ഗ്രാഫിക്സ് ആർട്ടിസ്റ്റുമായ ടിമോത്തെ ജിയറ്റിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ ലോക്കലൈസേഷൻ പാക്കേജുകൾ ആഗോള പ്ലാറ്റ്‌ഫോമിലേക്ക് കൈമാറാൻ കൈറ്റ് തീരുമാനിച്ചത്. പത്തുവയസ്സുവരെയുള്ള കുട്ടികൾക്ക് അക്കം, അക്ഷരം, വായന, ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ കളികളിലൂടെ പഠിക്കാൻ സഹായിക്കുന്ന ഇരുനൂറോളം പ്രവർത്തനങ്ങൾ ഈ സോഫ്റ്റ്‌വെയറിലുണ്ട്.
ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്ന ജികോംപ്രിസിന്റെ പുതിയ 'ക്ലയന്റ്-സെർവർ' മാതൃക ഭിന്നശേഷി കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കൈറ്റ് നടത്തിവരുന്നു. കളിയിലൂടെയുള്ള പഠനരീതി കൂടുതൽ ലളിതമാക്കാൻ കൂടുതൽ ഭാഷാ പരിഭാഷകൾ വരും കാലങ്ങളിൽ ഉൾപ്പെടുത്തും.
ലോകത്ത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇത്രയധികം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രാദേശിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച ഉള്ളടക്കം ആഗോള സമൂഹത്തിനായി കൈമാറാൻ കഴിഞ്ഞത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മികവിന് ആഗോളതലത്തിലുള്ള പ്രാധാന്യം സൂചിപ്പിക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-04 17:04:26
ലേഖനം നമ്പർ: 1976