ആഗോള വിനോദ സഞ്ചാര പ്രദർശനമായ ഐടിബി ബെർലിൻ 2026-ൽ ഇരട്ട പുരസ്‌കാരങ്ങൾ നേടി കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണം ബേപ്പൂർ. സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നൽകുന്ന 'ക്വാളിറ്റി കോസ്റ്റ്' സർട്ടിഫിക്കേഷനിൽ വെങ്കലം , ഉരു നിർമ്മാണ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുൻനിർത്തി സാംസ്‌കാരിക പൈതൃക സംരക്ഷണ വിഭാഗത്തിലെ 'ഐടിബി ഗ്രീൻ ഡെസ്റ്റിനേഷൻ സ്റ്റോറി' പുരസ്ക്കാരം എന്നിവയാണ് ബേപ്പൂർ സ്വന്തമാക്കിയത്. ക്വാളിറ്റി കോസ്റ്റ് സർട്ടിഫിക്കേഷൻ നേട്ടം കരസ്ഥമാക്കുന്ന  ദക്ഷിണേഷ്യയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമാണ് ബേപ്പൂർ. 

ബേപ്പൂരിൻ്റെ വിനോദ സഞ്ചാര സാധ്യതകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്. 2025 ഒക്ടോബറിൽ ദുബായിൽ നടന്ന സുസ്ഥിര വിനോദസഞ്ചാര ഫോറത്തിൽ ലോകത്തിലെ മികച്ച 100 കേന്ദ്രങ്ങളിൽ ഒന്നായി ബേപ്പൂർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 
 
ബേപ്പൂരിന് ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം കേരളത്തിന്റെ സുസ്ഥിര വിനോദസഞ്ചാര മാതൃകയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്. പൈതൃകവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കാമെന്ന സന്ദേശം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതോടൊപ്പം, ബേപ്പൂരിനെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കാനും ഈ നേട്ടം സഹായകരമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-10 14:17:14

ലേഖനം നമ്പർ: 1980

sitelisthead