കേരളത്തിന് കാര്യക്ഷമമായ ഒരു പൊതുജനാരോഗ്യ സംവിധാനമാണുള്ളത്. പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും പ്രാപ്യമായതും തുല്യതയുള്ളതും താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതാണ് സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനം.

പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലായുള്ള സമഗ്രമായ ആരോഗ്യ സംരക്ഷണ ശൃംഖല, മികച്ച രോഗപ്രതിരോധ നടപടികള്‍, സാങ്കേതിക നവീകരണം, ആരോഗ്യ പരിപാലന വിദഗ്ധര്‍ തുടങ്ങി എല്ലാ മേഖലകളിലും കേരളം കൈവരിച്ച നേട്ടം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ആയുര്‍ദൈര്‍ഘ്യം, ശിശു-മാതൃ മരണനിരക്ക്, ലിംഗാനുപാതം തുടങ്ങിയ സുപ്രധാന ആരോഗ്യ സൂചകങ്ങളിലെല്ലാം കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.

ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കൗമാരക്കാരുടെ ആരോഗ്യം, റോഡ് ട്രാഫിക് അപകടങ്ങള്‍ എന്നിങ്ങനെ ഉയര്‍ന്നുവരുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതില്‍ സംസ്ഥാനം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കോവിഡ് മുതല്‍ നിപ്പ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി എല്ലാ പകര്‍ച്ചവ്യാധികളെയും കേരളം നേരിടുന്ന രീതി മികവുറ്റതാണ്. അതിന്റെ ഫലം കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമായതുമാണ്.

പൊതുമേഖലയില്‍ പ്രതിരോധ, രോഗചികിത്സ, സാന്ത്വന പരിചരണ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഓരോ വ്യക്തിക്കും വേണ്ട ഫലപ്രദമായ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ജനകേന്ദ്രീകൃത ആരോഗ്യ വിതരണ സംവിധാനത്തിലൂടെ ഉറപ്പാക്കാന്‍ കേരളം പുതിയ നയങ്ങളും പദ്ധതികളും തുടര്‍ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-04-2024

ലേഖനം നമ്പർ: 678

sitelisthead