1. ആയുർദൈർഘ്യം

ജനങ്ങളുടെ ജീവിതനിലവാരവും ക്ഷേമവും വിലയിരുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അളവുകോലാണ് ആയുർദൈർഘ്യം. കേരളത്തിൽ ആയുർദൈർഘ്യം (ജനനത്തില്‍) ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേക്കാളും ഉയർന്നതാണ്. സംസ്ഥാനത്ത് ജനനസമയത്തെ ആയുർദൈർഘ്യം 75 എന്നത് ദേശീയ തലത്തേക്കാൾ (70) ഉയർന്നതാണ്. ആയുർദൈർഘ്യത്തിൽ കേരളം ഒന്നാം സ്ഥാനം (പുരുഷൻ (71.9), സ്ത്രീ (78.0)) നിലനിർത്തുന്നു. ഇത് ദേശീയ തലത്തിലെ പുരുഷന്മാരുടെയും (68.6) സ്ത്രീകളുടെയും (71.4) ശരാശരി ആയുർദൈർഘ്യത്തെക്കാളും ഉയർന്നതാണ്. സംസ്ഥാനത്ത് സ്ത്രീകളുടെ ആയുർദൈർഘ്യം (78) പുരുഷന്മാരേക്കാൾ (71.9) കൂടുതലാണ്.

2. മാതൃ ആരോഗ്യ സംരക്ഷണം 

മാതൃ ആരോഗ്യത്തിന്റെ പ്രാഥമിക സൂചകം മാതൃമരണ അനുപാതം (എംഎംആർ) ആണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ എംഎംആർ (19) ഉള്ളത് കേരളത്തിലാണ്, ദേശീയ തലത്തിൽ എംഎംആർ 97 ആണ്.

ശരിയായ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനം കേരളത്തില്‍ ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ നാലിലൊന്ന് മാത്രമാണ്. മരണത്തിന് മുമ്പ് മരണപ്പെട്ടയാൾക്ക് സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വൈദ്യസഹായം ലഭിച്ചതിന്റെ കേരളത്തിലെ അനുപാതം 80.7 ആണ്, ഇത് ഇന്ത്യയിൽ 48.7 ശതമാനമാണ്. 

എന്നിരുന്നാലും, കേരളത്തിലെ ചാപിള്ള ജനനനിരക്ക് ഇന്ത്യയേക്കാൾ അല്പം കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രസവങ്ങൾ ഏറെക്കുറെ പൂർണമായും ആശുപത്രികളിലാണെന്നതും, മെച്ചപ്പെട്ട വിവര ശേഖരണവും ഇതിന് കാരണമാകാം. പ്രത്യുൽപാദന നിരക്ക് ദേശീയ കണക്കുകളേക്കാൾ കുറവാണ്. ശരിയായ വൈദ്യസഹായം അമ്മമാര്‍ക്ക് ലഭിക്കതെയുള്ള ജനനങ്ങളുടെ ശതമാനം കേരളത്തിൽ 0.1 ഉം ദേശീയ തലത്തിൽ 7.8 ഉം ആണ്.

3. ശിശുമരണ നിരക്ക് (ഐ.എം.ആർ) 

ഒറ്റ അക്ക ശിശുമരണനിരക്ക് (6) ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അതേസമയം അഖിലേന്ത്യാ തലത്തിൽ ഇത് 28 ആണ്. സംസ്ഥാനത്തെ നവജാത ശിശുക്കളുടെ മരണനിരക്ക് (എൻ.എൻ.എം.ആർ.) 4 ആണ്. ഇത്ദേശീയ ശരാശരിയുടെ (20) അഞ്ചിലൊന്നാണ്. 

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 8 ആണ്, ഇത് അഖിലേന്ത്യാ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ (32) നാലിലൊന്നാണ്. പ്രസവത്തിനു നിശ്ചിതദിവസങ്ങള്‍ക്കു മുന്‍പോ പ്രസവത്തിനുശേഷം ഒരാഴ്ച്ചക്കകത്തുള്ള ശിശുമരണനിരക്ക് (പിഎൻഎംആർ), ആദ്യ ഘട്ടത്തിലുള്ള നവജാത ശിശു മരണനിരക്ക് (ഏർളി നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ്), അവസാനപാദ നവജാത ശിശു മരണനിരക്ക് (ലേറ്റ് നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ്), പോസ്റ്റ് നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ് (പിഎൻഎൻഎംആർ) എന്നിവയും അഖിലേന്ത്യാ കണക്കുകളേക്കാൾ കുറവാണ്. ഈ നേട്ടങ്ങളുടെ ഒരു പ്രധാന കാരണം കേരളത്തിലെ 99.9 ശതമാനം അമ്മമാർക്കും പ്രസവസമയത്ത് സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ യോഗ്യതയുള്ള പ്രൊഫഷണലുകളുടെ വൈദ്യസഹായം ലഭിക്കുന്നു എന്നതാണ്, ഇത് ഇന്ത്യയിൽ 82.6 ശതമാനമാണ്.

4. പ്രത്യുല്പാദനക്ഷമത

നാഷണൽ ഫാമിലി ഹെൽത്ത് സർവേ 2019-20 (എന്‍.എഫ്.എച്ച്.എസ്.- 5) പ്രകാരം 25-49 വയസ് പ്രായമുള്ള സ്ത്രീകൾക്കിടയിൽ ആദ്യ വിവാഹത്തിന്റെ ശരാശരി പ്രായം 21.5 വയസ്സാണ്. 20-24 വയസ് പ്രായമുള്ള ആറ് ശതമാനം സ്ത്രീകള്‍ നിയമപരമായ, കുറഞ്ഞ പ്രായമായ 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരായവരാണ്. 20-49 വയസ് പ്രായമുള്ള സ്ത്രീകളിൽ 10.2 ശതമാനം മാത്രമാണ് വിവാഹിതരായിട്ടില്ലാത്തതെങ്കില്‍ 20-49 വയസ് പ്രായമുള്ള 35.9 ശതമാനം പുരുഷന്മാരും വിവാഹിതരായിട്ടില്ല. മൊത്തം ഫെർട്ടിലിറ്റി റേറ്റ് (TFR) കേരളത്തിൽ 1.5 ആണ്, ദേശീയതലത്തില്‍ ഇത് 2 ആണ്.

കൂടുതൽ അറിയാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-04-2024

ലേഖനം നമ്പർ: 1391

sitelisthead