കേരളത്തിലെ ഭക്ഷ്യ-പൊതുവിതരണ സംവിധാനം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും അവശ്യവസ്തുക്കളുടെ തുല്യമായ വിതരണത്തിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സമഗ്ര ശൃംഖലയാണ്. കേരളത്തിന്റെ സാമൂഹ്യക്ഷേമ സംരംഭങ്ങളുടെ ആണിക്കല്ലായി ഇത് പ്രവർത്തിക്കുന്നു. ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്തുക്കളും നൽകുന്ന, ഫലപ്രാപ്തി കൊണ്ട് ഏറെ ശ്രദ്ധേയമാണ് കേരളത്തിൻ്റെ പൊതുവിതരണ സംവിധാനം (പിഡിഎസ്).
പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ ജനവിഭാഗങ്ങൾക്ക് ഊന്നൽ നൽകി, സാർവത്രികമായ ഭക്ഷ്യലഭ്യത ഉറപ്പാക്കി, വിതരണ പ്രക്രിയയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിച്ച് കേരളം മികച്ച രീതിയിലാണ് ഈ സംവിധാനത്തെ നിലനിർത്തുന്നത്. റേഷൻ കടകളും ന്യായവില ഔട്ട്ലെറ്റുകളും മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ പോലുള്ള ടെക്നോളജി മുന്നേറ്റങ്ങൾ വരെ ഉൾപ്പെടുത്തി കാലാനുസൃതമായി നവീകരിച്ചും പരിഷ്കരിച്ചും കുറ്റമറ്റതാക്കുകയാണ് ഈ സംവിധാനത്തെ.
പ്രധാന ലക്ഷ്യങ്ങൾ:
ഭക്ഷ്യസുരക്ഷ: എല്ലാവർക്കും, പ്രത്യേകിച്ച് ദുർബലരും സാമ്പത്തികമായി ദുർബലരുമായ മനുഷ്യർക്ക് ആവശ്യമായ സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കുക.
വിലസ്ഥിരത: വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുക.
തുല്യമായ വിതരണം: എല്ലാവർക്കും താങ്ങാനാവുന്ന വില ഉറപ്പാക്കാൻ അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുക.
പോഷകാഹാര പിന്തുണ: മുഴുവൻ ജനസംഖ്യയുടെയും, പ്രത്യേകിച്ച് കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ പോഷകാഹാരം മെച്ചപ്പെടുത്തുക.
കാര്യക്ഷമമായ മാനേജ്മെൻ്റ്: പാഴാക്കുന്നത് കുറയ്ക്കുന്നതിനും സമയബന്ധിതമായ ലഭ്യത ഉറപ്പാക്കുന്നതിനും സംഭരണം, വിതരണ പ്രക്രിയകൾ എന്നിവ കാര്യക്ഷമമാക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 19-09-2024
ലേഖനം നമ്പർ: 1479