കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ

കേരളത്തിലെ പൊതുവിതരണരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് 1974-ൽ സ്ഥാപിതമായ കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ. ഇത് സപ്ലൈകോ എന്നറിയപ്പെടുന്നു. സംസ്ഥാനത്താകമാനം വ്യാപിച്ചുകിടക്കുന്ന വില്പനശാലകൾ വഴി മിതമായ വിലയ്ക്ക് അത്യാവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു. മാവേലി സ്റ്റോറുകൾ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ഒരു ശൃംഖല ഇതിനായി പ്രവർത്തിക്കുന്നു. അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും വിപണിയിൽ വില സ്ഥിരത ഉറപ്പാക്കാനും കഴിയുന്നു. ഒപ്പം തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിനും സപ്ലൈകോ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഭക്ഷ്യ, സിവിൽ സപ്ലൈസ് & ഉപഭോക്തൃകാര്യ വകുപ്പ്

ഭക്ഷ്യ, സിവിൽ സപ്ലൈസ് & ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽപ്പെടുന്നവയാണ് പൊതുവിതരണം, വിപണി വില നിയന്ത്രണം, ഉപഭോക്തൃ ബോധവത്കരണം,  ഉപഭോക്തൃ  താൽപര്യ സംരക്ഷണം എന്നിവ. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള സംസ്ഥാനമാണ് കേരളം. യോഗ്യരായ കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പൊതുവിതരണ സംവിധാനം (പിഡിഎസ്) ഉൾപ്പെടെ വിവിധ ഭക്ഷ്യസുരക്ഷാ, പൊതുവിതരണ പരിപാടികളുടെ നടത്തിപ്പിന് ഈ വകുപ്പ് മേൽനോട്ടം വഹിക്കുന്നു.

കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ

ഭക്ഷ്യ വിതരണത്തിൻ്റെ ഗുണനിലവാരത്തിലും സുരക്ഷയിലും നിർണായക പങ്ക് വഹിക്കുന്ന സംവിധാനമാണ് 1959-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ. ഭക്ഷ്യധാന്യങ്ങൾക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും വ്യാവസായിക വസ്തുക്കൾക്കും മറ്റ് ചരക്കുകൾക്കും സംഭരണ ​​സൗകര്യം നൽകി അവയുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. സംസ്ഥാനത്തുടനീളം ഗോഡൗണുകൾ, കലവറകളും മറ്റ് സംഭരണ സംവിധാനങ്ങളുമുള്ള ഈ ശൃംഖല കൊച്ചിയിലെ പ്രധാ കേന്ദ്രത്തിലൂടെ നിയന്ത്രിക്കപ്പെടുന്നു. കരാറുകൾ മുഖേന സർക്കാർ വകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ എന്നിവയ്ക്കായി ഗോഡൗണുകൾ വാടകയ്‌ക്കു കൊടുക്കുകയും ചെയ്യുന്നു. കാർഷിക മേഖലയിൽ വില നിയന്ത്രണം നടപ്പാക്കുന്നതിനും സംഭരണക്ഷമത മെച്ചപ്പെടുത്തുന്നതിനും വെയർഹൗസിംഗ് കോർപ്പറേഷൻ്റെ കാര്യമായ ഇടപെടലുണ്ട്.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ് (കൺസ്യൂമർഫെഡ്)

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ്, എന്നറിയപ്പെടുന്ന കൺസ്യൂമർഫെഡ്, 1984-ൽ സ്ഥാപിതമായ ഒരു സർക്കാർ സഹകരണ സ്ഥാപനമാണ്. കേരളത്തിലെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ പരമോന്നത സ്ഥാപനമാണിത്. നീതി സ്റ്റോറുകളിലൂടെ അവശ്യസാധനങ്ങളുടെ വിതരണവും മിതമായ വിലയും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. കൺസ്യൂമർഫെഡ്, കൺസ്യൂമർ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, എന്നിവ കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിച്ചുവരുന്നു.  

കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ

കേരളത്തിലെ കശുവണ്ടി മേഖലയുടെ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 1966ലാണ് കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥാപിതമായത്. കശുവണ്ടി ഉൽപന്നങ്ങളുടെ വിതരണവും ഗുണനിലവാരവും ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിൻ്റെ ഭക്ഷ്യ വിതരണ ശ്രമങ്ങളിലും പങ്കാളിയാകുന്നു. കശുവണ്ടി കൃഷിയിലെയും വ്യവസായത്തിലെയും വിവിധ ഘട്ടങ്ങളിൽ, പ്രത്യേകിച്ച് കശുവണ്ടി വിളവെടുപ്പ്, പ്രോസസിങ്, പാക്കേജിംഗ് എന്നിവയിൽ കർഷകരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയും പ്രചരണവും ഉറപ്പാക്കുകയും ചെയ്യുന്നു. കർഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും, ഉയർന്ന നിലവാരമുള്ള കശുവണ്ടി ഉല്പാദിപ്പിക്കാനും വിദഗ്ദ്ധ പരിശീലന പരിപാടികൾ, നിക്ഷേപ പദ്ധതികൾ, പരിഷ്കാരങ്ങൾ എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളും ചെയ്തുവരുന്നു.   

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ഗ്രാമീണ വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായുള്ള പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. ഭക്ഷ്യവിതരണ സംവിധാനവുമായി ബന്ധപ്പെട്ട്, ഗ്രാമീണ മേഖലകളിൽ ചെറുകിട ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉത്പാദനം, പ്രോസസിംഗ്, വിതരണ സംവിധാനം എന്നിവ വികസിപ്പിക്കുന്നതിൽ ബോർഡ് പ്രധാന പങ്ക് വഹിക്കുന്നു. പ്രാദേശിക കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കുമായി താങ്ങാവുന്ന വിപണിയും കൂടുതൽ തൊഴിൽസാധ്യതകളും സൃഷ്ടിക്കുന്നു. ഇതുവഴി, ഭക്ഷ്യവിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും, പ്രാദേശിക ഉൽപ്പന്നങ്ങൾ പൊതുവിതരണ ശൃംഖലയുടെ ഭാഗമാക്കുകയും ചെയ്യുന്നത് ഗ്രാമീണ മേഖലയിലെ സമ്പദ്‌വ്യവസ്ഥയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും സഹായകമാണ്.

കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രൊഡക്ട്സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (ഹോർട്ടികോർപ്പ്)

1992ലാണ് കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രൊഡക്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ അഥവാ ഹോർട്ടികോർപ്പ് സ്ഥാപിതമായത്. സംസ്ഥാനത്ത് ഫലവർഗ്ഗങ്ങളും പച്ചക്കറികളും തോട്ടവിളകളും അടങ്ങുന്ന വിളകളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിതരണം എന്നിവയിലും ഹോർട്ടികോർപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രാദേശിക കർഷകരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ സംഭരിച്ച്, ന്യായവിലയിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി വിപുലമായ ഒരു വിപണന ശൃംഖല തന്നെ ഹോർട്ടികോർപ്പിനുണ്ട്. ​ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളും ന്യായമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുന്നു. കൂടാതെ വിളകളുടെ ഗുണമേന്മയും കർഷകരുടെ വരുമാനവും മെച്ചപ്പെടുത്തുന്നതിനായി ഹോർട്ടികോർപ്പ് പ്രത്യേക പദ്ധതികളും ഉപജീവന പരിപോഷണ പരിപാടികളും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും നടപ്പിലാക്കി വരുന്നു. ഇതിലൂടെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും തോട്ടവിള മേഖലയുടെ സമഗ്രവികസനവും ഉറപ്പാക്കുന്നു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 14-08-2024

ലേഖനം നമ്പർ: 1481

sitelisthead