പൊതുവിതരണ സംവിധാനം:
വിവിധ തരം റേഷൻകാർഡുകൾ
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും താങ്ങാനാവുന്ന തരത്തിൽ ഭക്ഷണം ലഭ്യമാക്കുന്നതിനുമായുള്ള സംവിധാനമാണ് റേഷൻ കാർഡുകൾ. കേരള സിവിൽ സപ്ലൈസ് വകുപ്പാണ് കേരളത്തിൽ റേഷൻകാർഡുകൾ വിതരണം ചെയ്യുന്നത്. കേരള സർക്കാർ നൽകുന്ന എല്ലാ സബ്‌സിഡികളും ലഭ്യമാകാൻ യോഗ്യരായവരെ കണ്ടെത്തുന്നതിനും വർഗീകരിക്കുന്നതിനുള്ള ശ്രമവും റേഷൻകാർഡ് പദ്ധതിയിലടങ്ങിയിരിക്കുന്നു. വിവിധ നിറത്തിലുള്ള കാർഡിന്റെ അടിസ്ഥാനത്തിൽ സാമ്പത്തികമായി ജനങ്ങളെ വർഗീകരിച്ചിരിക്കുന്നു. ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു രേഖയായും റേഷൻകാർഡുകൾ വർത്തിക്കുന്നു.
കേരളത്തിൽ അഞ്ച് തരം റേഷൻ കാർഡുകളാണ് അനുവദിക്കപ്പെടുന്നത്.
അന്ത്യോദയ അന്നയോജന-എ.എ.വൈ (മഞ്ഞ കാർഡ്) : സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിനാണിത്.
മുൻഗണനാ വിഭാഗം-പിഎച്ച്എച്ച് (പിങ്ക് കാർഡ്) : മുൻഗണനാവിഭാഗം അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ (ബിപിഎൽ) ഉള്ളവർക്കാണിത്.
പൊതുവിഭാഗം സബ്സിഡി-എൻപിഎസ് (നീല കാർഡ്) : സംസ്ഥാന സബ്സിഡി ലഭിക്കുന്ന മുൻഗണനയില്ലാത്ത അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ (എപിഎൽ) ഉള്ളവർക്കാണിത്.
പൊതുവിഭാഗം-എൻപിഎൻഎസ് (വെള്ള കാർഡ്) : സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിനാണിത്.
പൊതുവിഭാഗം സ്ഥാപനം-എൻപിഐ (ബ്രൗൺ കാർഡ്) : സംസ്ഥാനത്ത് സർക്കാർവക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതും രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്തികൾക്കും പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനാണിത്.
ഉച്ചഭക്ഷണ പദ്ധതി
സ്കൂൾ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം നൽകുന്നു. സ്‌കൂളുകളിൽ നൽകുന്ന ഭക്ഷണം പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് തയ്യാറാക്കുന്നതെന്ന് സംസ്ഥാനം ഉറപ്പാക്കുന്നു. സംസ്ഥാനത്തുടനീളമുള്ള സ്കൂൾ കുട്ടികൾക്ക് സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.
സംയോജിത ശിശു വികസന സേവനങ്ങൾ (ഐസിഡിഎസ്)
1975-ല്‍ ഇന്ത്യയില്‍ ആരംഭിച്ച ഒരു സമഗ്ര സര്‍ക്കാര്‍ പദ്ധതിയാണ് സംയോജിത ശിശു വികസന സേവനങ്ങൾ. കുട്ടികളുടെ സമഗ്രമായ വികസനവും അമ്മയുടെ ശാക്തീകരണവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതി അങ്കണവാടി കേന്ദ്രങ്ങൾ വഴിയാണ് പ്രാഥമികമായി പ്രവർത്തിക്കുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും അവരുടെ അമ്മമാർക്കും അനുബന്ധ പോഷകാഹാരം, പ്രതിരോധ കുത്തിവയ്പ്പുകൾ, ആരോഗ്യ പരിശോധനകൾ, പ്രീസ്‌കൂൾ വിദ്യാഭ്യാസം എന്നിവ ഇത് ഉറപ്പാക്കുന്നു.
അന്നപൂർണ പദ്ധതി
അന്നപൂർണ പദ്ധതി 2000-ൽ ഇന്ത്യയിൽ ആരംഭിച്ച ഒരു ക്ഷേമ പദ്ധതിയാണ്. ഇത് പ്രധാനമായും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎൽ) മുതിർന്ന പൗരന്മാർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 65 വയസ്സിന് മുകളിലുള്ള, സ്വന്തമായി വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ദേശീയ വാർദ്ധക്യ പെൻഷന് അർഹതയുണ്ടെങ്കിലും അത് ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് ഇതിലൂടെ പ്രതിമാസം 10 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നു. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളോടൊപ്പം ചേരുന്നതാണ് ഈ പദ്ധതിയും.
വിശപ്പ് രഹിത കേരളം
വിശപ്പ് രഹിത കേരളം കേരള സർക്കാർ ആരംഭിച്ച ഒരു ശ്രദ്ധേയമായ പദ്ധതിയാണ്. സമ്പൂർണ വിശപ്പു രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. പ്രകൃതിദുരന്തങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ കാരണം ഭക്ഷണം ലഭിക്കാത്തവർക്ക് അടിയന്തരമായ സഹായം എത്തിക്കുന്നതിനായി വിശപ്പ് രഹിത കേരളം പദ്ധതി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ധാരാളം സംരംഭങ്ങൾ ഈ പദ്ധതിയ്ക്ക് കീഴിലുണ്ട്. ജനകീയ ഭക്ഷണശാലകൾ പോലുള്ളവ ഇതിനുദാഹരണങ്ങളാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 14-08-2024
ലേഖനം നമ്പർ: 1482