മരണാനന്തര അവയവദാന പ്രക്രിയ (Deceased Organ Donation) മികച്ച രീതിയിൽ പുനരുജ്ജീവിപ്പിച്ച് കാര്യക്ഷമമാക്കിയ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്കാരം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് ഭാരതീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ചാണ് ഈ നേട്ടം. മൃതസഞ്ജീവനി പദ്ധതിക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് സംസ്ഥാന അവയവ മാറ്റിവെക്കൽ അതോറിറ്റിയായി കെ-സോട്ടോയെ ശക്തിപ്പെടുത്തിയതാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്.
അവയവദാന രംഗത്ത് രാജ്യത്ത് ആദ്യമായി മസ്തിഷ്കമരണ സ്ഥിരീകരണം മുതൽ അവയവം മാറ്റിവെക്കൽ വരെയുള്ള സമ്പൂർണ്ണ പ്രക്രിയയ്ക്ക് ഏകീകൃത പ്രോട്ടോകോളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറുകളും (SOP) കെ-സോട്ടോ രൂപീകരിച്ചു. എൻ.ഐ.സി (NIC) യുമായി ചേർന്ന് ഡിജിറ്റൽ പോർട്ടൽ സജ്ജമാക്കിയതിലൂടെ ഓൺലൈൻ രോഗി രജിസ്ട്രേഷൻ, കേന്ദ്രീകൃത വെയിറ്റിംഗ് ലിസ്റ്റ്, സുതാര്യമായ അവയവ വിതരണം എന്നിവ ഉറപ്പാക്കി. മൂന്ന് മേഖലകളിലായി സോണൽ ഏകോപന സംവിധാനം സ്ഥാപിക്കുകയും, 79 ആശുപത്രികൾക്കായി 166 ലൈസൻസ് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, വിദഗ്ദ്ധ നിയമോപദേശകന്റെ (ലീഗൽ കൗൺസൽ) സേവനവും അപ്പീലുകളിൽ തീർപ്പുകൽപ്പിക്കാൻ സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ കമ്മിറ്റിയും (SLTC) സജ്ജമാക്കി നിയമപരമായ സുതാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
അവയവദാന പ്രക്രിയയിലെ ഏറ്റവും നിർണായക ഘടകമായ ഗതാഗത-ഏകോപന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കെ-സോട്ടോ നടപ്പിലാക്കിയത്. അവയവങ്ങൾ, മെഡിക്കൽ ടീം, സാമ്പിളുകൾ എന്നിവ അതിവേഗം എത്തിക്കാൻ സംസ്ഥാനത്തൊട്ടാകെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിപുലമായ ടാക്സി-ആംബുലൻസ് ശൃംഖലയും ഇതിനായി പ്രത്യേക റിവോൾവിംഗ് ഫണ്ടും ആരംഭിച്ചു. പൊലീസുമായി ചേർന്ന് ഗ്രീൻ കോറിഡോറുകൾ സജ്ജമാക്കിയതിനൊപ്പം ഒൻപത് തവണ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് ദ്രുതഗതിയിലുള്ള എയർ ട്രാൻസ്‌പോർട്ടേഷൻ സൗകര്യമൊരുക്കി. അവയവദാന പ്രക്രിയയിൽ ദീർഘനേരം സേവനമനുഷ്ഠിക്കുന്ന മെഡിക്കൽ ടീമിന് പ്രൊഫഷണൽ ഫീ അനുവദിച്ചു.

മരണാനന്തര അവയവദാന പ്രക്രിയ വിജയകരമാക്കുന്നതിൽ ഓരോ ഘട്ടത്തിലും നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമർപ്പിതമായ സേവനമുണ്ട്. അവയവദാനത്തിന് സന്നദ്ധരായ ദാതാക്കളുടെ കുടുംബാംഗങ്ങൾ, അവയവങ്ങൾ സുരക്ഷിതമായും സമയബന്ധിതമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഗ്രീൻ കോറിഡോർ ഒരുക്കിയ കേരള പോലീസ്, ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ അതിവേഗവും സുരക്ഷിതവുമായി വാഹനം ഓടിച്ച ആംബുലൻസ് ഡ്രൈവർമാർ, വിമാന-ഹെലികോപ്റ്റർ ഗതാഗതത്തിന്റെ ഏകോപനം നിർവഹിച്ച ഉദ്യോഗസ്ഥർ, മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് മുതൽ അവയവം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പൂർത്തിയാകുന്നതുവരെയുള്ള മുഴുവൻ നടപടികൾക്കും നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സുമാർ, ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർമാർ, മറ്റ് ആശുപത്രി ജീവനക്കാർ, പോസ്റ്റ്മോർട്ടം നടപടികൾ ദ്രുതഗതിയിലാക്കിയ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഈ മഹത്തായ പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും പങ്കാളികളായ എല്ലാവരുടെയും സേവനമാണ് അനേകം ജീവനുകൾക്ക് പുതുജീവൻ നൽകുന്നത്.
മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ഔദ്യോഗികമായി ആദരിക്കുന്ന 'സ്മൃതി വന്ദനം' പദ്ധതി, 'ജീവനേകാം ജീവനാകാം' സോഷ്യൽ മീഡിയ കാമ്പയിൻ, തിയേറ്റർ വീഡിയോകൾ, ഡോക്ടർമാർക്കുള്ള പരിശീലനങ്ങൾ എന്നിവയിലൂടെ സമൂഹത്തിൽ വലിയ തോതിലുള്ള അവബോധം സൃഷ്ടിക്കാൻ സാധിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ 108 മരണാനന്തര അവയവദാതാക്കളിലൂടെ 347 ജീവൻരക്ഷാ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്താൻ സാധിച്ച കേരളത്തിന്, വരും ദിവസങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ ഈ ദേശീയ പുരസ്കാരം വലിയ പ്രചോദനമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-08-03 09:27:16
ലേഖനം നമ്പർ: 2054