സംസ്ഥാനത്തെ വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങൾ മുൻനിർത്തി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തനങ്ങൾ വലിയ വിജയത്തിലേക്ക്. സാധാരണക്കാർക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ എന്നിവ സർക്കാർ ആശുപത്രികളിൽ വ്യാപകമാക്കിയതോടെ പ്രതിമാസം 64,000-ലേറെ ഡയാലിസിസുകളാണ് നിലവിൽ സർക്കാർ മേഖലയിൽ നടക്കുന്നത്. മെഡിക്കൽ കോളേജുകൾക്ക് പുറമെ 112 സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കിയതിലൂടെ  വലിയൊരു വിഭാഗം ജനങ്ങൾക്ക് സ്വന്തം നാട്ടിൽത്തന്നെ ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ കേന്ദ്രങ്ങളിലായി നിലവിൽ പ്രവർത്തിക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ ഒരു ഡയാലിസിസ് സെഷന് 1,500 മുതൽ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. മാസത്തിൽ പന്ത്രണ്ടോളം ഡയാലിസിസുകൾ ചെയ്യേണ്ടി വരുന്ന ഒരു രോഗിക്ക് കുറഞ്ഞത് 18,000 രൂപയോളം ചെലവ് വരും. ഈ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നാണ് സർക്കാർ ആശുപത്രികളിലെ സൗജന്യവും മിതമായ നിരക്കിലുമുള്ള സേവനങ്ങൾ സാധാരണക്കാർക്ക് തുണയാകുന്നത്. 'ആർദ്രം' മിഷന്റെ ഭാഗമായുള്ള കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഈ സ്പെഷ്യാലിറ്റി സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ എന്നിവരുടെ സേവനവും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

സാധാരണക്കാർക്ക് ചികിത്സ കൂടുതൽ സുഗമമാക്കുന്നതിനായി വിദൂര മേഖലകളിലുള്ള രോഗികൾക്കായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾക്ക് സംസ്ഥാനത്ത് തുടക്കമിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ, ആശുപത്രിയിൽ വരാതെ തന്നെ വീട്ടിൽ വെച്ച് ചെയ്യാവുന്ന 'പെരിറ്റോണിയൽ ഡയാലിസിസ്' പദ്ധതിയും എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു. ഇതിനാവശ്യമായ മുഴുവൻ ചെലവും സർക്കാർ തന്നെയാണ് വഹിക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് എന്നിവ വഴി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ കേരളത്തിന്റെ പാലിയേറ്റീവ് കെയർ വഴി ആവശ്യമായ എറിത്രോപോയിറ്റിൻ കുത്തിവയ്പ്പുകളും സൗജന്യമായി നൽകുന്നുണ്ട്. നിലവിൽ ഡയാലിസിസ് സൗകര്യമില്ലാത്ത 13 ആശുപത്രികളിൽ കൂടി ഈ സാമ്പത്തിക വർഷം തന്നെ പുതിയ യൂണിറ്റുകൾ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-07 15:11:35

ലേഖനം നമ്പർ: 1931

sitelisthead