ഭവനരഹിതർക്കും ഭൂമിയില്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുന്നതിൽ കേരളം മുന്നോട്ടുവച്ച മികച്ച മാതൃകയായ ലൈഫ് മിഷൻ ഭവന പദ്ധതി നിതി ആയോഗിന്റെ ബെസ്റ്റ് പ്രാക്ടീസ് പട്ടികയിൽ ഇടംപിടിച്ചു. രാജ്യത്തെ അഫോർഡബിൾ ഹൗസിംഗ് മേഖലയിലെ നയരൂപീകരണത്തിനായി നിതി ആയോഗ് തയ്യാറാക്കിയ 2025-ലെ ‘A Comprehensive Framework to Promote Affordable Housing’ എന്ന റിപ്പോർട്ടിലാണ് ലൈഫ് മിഷൻ പദ്ധതിയെ മികച്ച പ്രവർത്തന മാതൃകയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഭവനനിർമ്മാണത്തോടൊപ്പം സാമൂഹിക ഉൾക്കൊള്ളൽ, ജീവിതോപാധി ഉറപ്പാക്കൽ, സാമ്പത്തിക ശാക്തീകരണം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസന മാതൃക ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാമൂഹികവികസനത്തിന്റെ ഭാഗമായി നി‍ർധനരേയും അഗതികളേയും നവകേരളനിർമ്മിതിയിൽ പൊതുധാരയോടൊപ്പം ചേർക്കുക എന്ന  ലക്ഷ്യം മുൻനിർത്തിയാണ്, സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവ‍ർക്കു വീടും അവരിൽ തന്നെ തീ‍ർത്തും പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഉപജീവനമാ‍ർഗ്ഗവും സ്വന്തമായി അധ്വാനിക്കാൻ പോലുമാകാത്തവ‍‍ർക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളും ഉറപ്പാക്കുന്ന പുനരധിവാസ പദ്ധതിയായി LIFE (Livelihood, Inclusion and Financial Empowerment) മിഷനു സ‍ർക്കാർ രൂപം നൽകിയിട്ടുള്ളത്.

മുൻ പദ്ധതികളിൽ ആരംഭിച്ച് പണിപൂർത്തീകരിക്കാനാകാതെ പോയിട്ടുള്ള ഭവനങ്ങളുടെ പൂർത്തീകരണം, സ്വന്തമായി ഭൂമിയുള്ള ഭവനരഹിത‍ർക്ക് ഭവന നിർമ്മാണ ധനസഹായം, ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന് പൊതുവുടമസ്ഥതയിലുള്ള ഭവനസമുച്ചയ നി‍ർമ്മാണം, വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണ സഹായം എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് LIFE മിഷൻ പദ്ധതി നിർവ്വഹണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. 

2016 ൽ ആരംഭിച്ച ലൈഫ് മിഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വീടുകളുടെ നിർമ്മാണ പുരോഗതിയെ അടിസ്ഥാനമാക്കി നാല് ഗഡുക്കളായി 4 ലക്ഷം രൂപ ധനസഹായം നൽകുന്നു. തെരഞ്ഞെടുത്ത പട്ടികവർഗ ഗുണഭോക്താക്കൾക്ക് അഞ്ച് ഗഡുക്കളായി 6 ലക്ഷം രൂപ നൽകുന്നു. 

സംസ്ഥാനത്ത്  ഇതുവരെ ലൈഫ് പദ്ധതിയിൽ 6.5 ലക്ഷം വീടുകൾ നിർമ്മിക്കാനുള്ള കരാറിൽ ഇതിൽ 4,71,442 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. 1,26,660 വീടുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ സർക്കാർ പദ്ധതിക്കായി 18,573.61 കോടി രൂപ ചെലവഴിച്ചു ഫെബ്രുവരിയിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക്  കുതിക്കുന്ന പദ്ധതി ബഹുമുഖ പങ്കാളിത്തത്തിന്റെയും സാമൂഹ്യ അധിഷ്ഠിത മാതൃകയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളിൽ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളിൽ പെടുന്നു.  ഭൂമിയുള്ള ഭവനരഹിതർ,നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായ വീടുപണി പൂർത്തിയാകാത്തവർ, പുറമ്പോക്കിലും തീരത്തും തോട്ടം മേഖലയിലും താൽകാലിക വീടുള്ളവർ,ഭൂമിയേ ഇല്ലാത്തവർ.
 എന്നിങ്ങനെ നാലു വിധത്തിലുള്ള ഗുണഭോക്താക്കളെയാണ് ഈ ദൗത്യം അഭിസംബോധന ചെയ്യുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന-അർബണുമായി ബന്ധപ്പെടുത്തി ഒൻപത് സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ മികച്ച പദ്ധതികളാണ് റിപ്പോർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഉപജീവനമാർഗ്ഗം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള സംയോജിത ഭവന നിർമ്മാണമാണ് ഇവയെന്നും പറയുന്നു. കേരളത്തിന്റെ ലൈഫ് മിഷൻ കൂടാതെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ള പദ്ധതികളും മികച്ച പദ്ധതികളായി ഇടം പിടിച്ചിട്ടുണ്ട്.പ്രധാനമന്ത്രി അർബൻ ആവാസ് യോജന മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനായി സ്വയം സഹായ സംഘങ്ങൾ സംഘങ്ങളുടെ ശൃംഖല ഉപയോഗപ്പെടുത്തിയതിന് കേരളത്തോടൊപ്പം ഈ അഞ്ച് സംസ്ഥാനങ്ങളും പ്രശംസ നേടി.

നീതി ആയോഗ് മികച്ച പ്രവർത്തന മാതൃകയായി അംഗീകരിച്ച ലൈഫ് മിഷൻ പദ്ധതി, സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഉറപ്പാക്കുന്നതിലൂടെ സാമൂഹിക ഉൾക്കൊള്ളലും സാമ്പത്തിക ശാക്തീകരണവും സാധ്യമാക്കി 'നവകേരള' നിർമ്മിതിയുടെ  കരുത്തുറ്റ മാതൃകയാകുന്നു.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-09 18:53:55

ലേഖനം നമ്പർ: 1935

sitelisthead