ആരോഗ്യരംഗത്ത് പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി. വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശിയുടെ ഹൃദയമാണ് നേപ്പാൾ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്ക് മാറ്റി വെച്ചത്.
നേപ്പാൾ സ്വദേശിനിയ്ക്ക് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കേരളം ചികിത്സാസൗകര്യമൊരുക്കിയത്. ഹൃദ്രോഗ ചികിത്സാ ചെലവ് താങ്ങാനാവാത്ത സാഹചര്യത്തിലാണ് യുവതിയെ മികച്ച ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.
മസ്തിഷ്‌ക മരണത്തെത്തുടർന്ന് ഇടവട്ടം സ്വദേശിയുടെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിനും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കുമാണ് നൽകിയത്. ഇതിനുപുറമെ രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കും ചർമ്മം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്കിലേക്കും നൽകി.
അവയവ വിന്യാസത്തിനും ശസ്ത്രക്രിയയ്ക്കുമായി വലിയ തോതിലുള്ള ഏകോപനമാണ് സർക്കാർ തലത്തിൽ നടന്നത്. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയം എറണാകുളത്തേക്ക് എത്തിച്ചത്. പോലീസ് വകുപ്പ് വിവിധ ആശുപത്രികളിലേക്കുള്ള ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി ഗ്രീൻ ചാനൽ ഒരുക്കി. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവർ സംയുക്തമായി ഏറ്റെടുത്ത ഈ ദൗത്യം കെ-സോട്ടോ (K-SOTO) ആണ് ഏകോപിപ്പിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിനോടകം തന്നെ ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി ഈ ആശുപത്രി ചരിത്രം കുറിച്ചിരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിലുള്ള കേരളത്തിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-24 14:52:05
ലേഖനം നമ്പർ: 1924