രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ സമഗ്രമായി വിലയിരുത്തുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 'ഹാൻഡ്‌ബുക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2024 - 2025' പ്രകാരം ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നെന്ന നേട്ടം കൈവരിച്ച് കേരളം. 2025 ഡിസംബർ 11-ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പതിപ്പിലുള്ള വിവരങ്ങൾ പ്രകാരം ജനസംഖ്യാ പരിവർത്തനം, വിദ്യാഭ്യാസ നേട്ടങ്ങൾ, ലിംഗ സമത്വം, ജീവിത നിലവാര സൂചികകൾ തുടങ്ങിയ മനുഷ്യവികസനത്തിന്റെ പ്രധാന മേഖലകളിൽ കേരളം തുടർച്ചയായി മികവ് പുലർത്തുന്നു.
ശക്തമായ ഭരണ സംവിധാനവും ഫലപ്രദമായ പൊതുജനക്ഷേമ നയങ്ങളും സാമൂഹിക മേഖലയിലേക്കുള്ള സ്ഥിരമായ നിക്ഷേപങ്ങളും സംസ്ഥാനത്തിന്റെ നേട്ടങ്ങൾക്ക് പിന്തുണയാകുന്നുണ്ട്. നിരവധി ദേശീയ മാനദണ്ഡങ്ങളിൽ സ്ഥിരമായി മുൻനിരയിൽ തുടരുന്ന കേരളം, ജനകീയവുമായ വികസനത്തിന്റെ മാതൃകയായി നിലകൊണ്ടു വരുന്നു. സാമ്പത്തിക പ്രതിരോധശേഷിയും സാമൂഹിക നീതിയും കൈകോർക്കുന്ന സമതുലിതവും സുസ്ഥിരവുമായ വികസനത്തിന് കേരളം ഇന്ത്യയ്ക്ക് മുന്നിലൂടെ വഴികാട്ടുന്നുവെന്നാണ് ഏറ്റവും പുതിയ ആർ.ബി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രധാന നേട്ടങ്ങൾ
2016-ൽ ₹1,66,246 ആയിരുന്ന കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2024-25-ൽ ₹3,08,338 ആയി ഇരട്ടിയായി ഉയർന്നു. 2021-ൽ പ്രതിശീർഷ വരുമാനത്തിൽ രാജ്യത്ത് 11-ാം സ്ഥാനത്ത് നിന്നിരുന്ന കേരളം 2024-ൽ 7-ാം സ്ഥാനത്തെത്തി. കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക ശേഷിയിലും ജീവിത നിലവാരത്തിലും രാജ്യത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ച സംസ്ഥാനമാണെന്ന് ഇത് വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GSDP) അതിവേഗം വളർന്നു. 2015-16-ലെ ₹5.61 ലക്ഷം കോടിയിൽ നിന്ന് 2024-25-ൽ ₹12.48 ലക്ഷം കോടിയായി ഉയർന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാകുന്നതിന്റെ തെളിവാണ്. 2024-25-ൽ നിർമ്മാണ മേഖലയിലെ മൂല്യവർദ്ധനവ് ചരിത്രത്തിലാദ്യമായി ₹1 ലക്ഷം കോടി കടന്നത് വ്യവസായ മേഖലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്നു. 2015-16 മുതൽ 2024-25 വരെ വ്യവസായ GVA ഇരട്ടിയായി, ₹1,30,079.46 കോടിയിൽ നിന്ന് ₹2,67,124.60 കോടിയായി ഉയർന്നുകൊണ്ടിരുന്നു.
സാമ്പത്തിക സേവനങ്ങളുടെ വളർച്ചയും വളരെ ശ്രദ്ധേയമാണ്. 22,335.10 കോടിയിൽ നിന്ന് ₹58,134.50 കോടിയായി മൂന്നിരട്ടിയായി ഉയർന്നുവന്നത് ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ കൂടുതൽ ലഭ്യമാകുകയും പണലഭ്യത വർദ്ധിക്കുകയും ചെയ്‌തതിന്റെ തെളിവാണ്. നികുതി ഇതര വരുമാനം 2015-16-ലെ ₹8,425 കോടിയിൽ നിന്ന് 2024-25-ൽ ₹18,356 കോടിയായി ഇരട്ടിയായി. നികുതിയേതര മാർഗങ്ങളിലൂടെ വരുമാനം സമാഹരിക്കുന്നതിൽ കേരളം വ്യവസായ സംസ്ഥാനം ആയ പശ്ചിമ ബംഗാളിനേക്കാളും മുന്നിലാണ്. അതുപോലെ തന്നെ 2015-ലെ ₹38,995 കോടിയായിരുന്ന തനത് നികുതി വരുമാനം 2024-25-ൽ ₹84,884 കോടിയായി 117% വർദ്ധിച്ചു. ഇതോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനം ₹1 ലക്ഷം കോടി എന്ന ചരിത്ര നേട്ടം പിന്നിട്ടു — 2015-ലെ ₹47,420 കോടിയിൽ നിന്ന് 2024-25-ൽ ₹1,03,240 കോടിയായി ഉയർന്ന്.
അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നൽകിയ പ്രാധാന്യം മൂലധന ചെലവിൽ ഉണ്ടായ വർദ്ധനയിൽ വ്യക്തമാണ്. 2015-16-ലെ ₹12,417 കോടിയിൽ നിന്ന് 2024-25-ൽ ₹39,359 കോടിയായി മൂന്നിരട്ടിയായി ഉയർന്നു. സാമൂഹിക മേഖലയിലേക്കുള്ള ചെലവും ഇരട്ടിയായി — 2015-16-ലെ ₹33,088 കോടിയിൽ നിന്ന് 2024-25-ൽ ₹64,950 കോടിയായി, വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതായി ഇത് കാണിക്കുന്നു. പ്രകൃതി ദുരന്തങ്ങൾക്കുള്ള സഹായ ചെലവും വർദ്ധിച്ചു; 217.32 കോടിയിൽ നിന്ന് ₹485.31 കോടിയായി ഉയർന്നത് ദുരന്തനിവാരണത്തിൽ സർക്കാർ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം പുലർത്തുന്നതിന്റെ തെളിവാണ്.
വാണിജ്യ ബാങ്കുകളിൽ നിക്ഷേപം കഴിഞ്ഞ പത്ത് വർഷത്തിനിടെ മൂന്നിരട്ടിയായി. 2015-ലെ ₹36.61 ലക്ഷം കോടിയിൽ നിന്ന് 2024-ൽ ₹89.48 ലക്ഷം കോടിയായി ഉയർന്നത് ജനങ്ങളുടെ സമ്പാദ്യശേഷിയും സാമ്പത്തിക സുരക്ഷയും മെച്ചപ്പെട്ടതിന്റെ സൂചനയാണ്. ടൂറിസം രംഗത്തും വളർച്ച ശക്തിപ്രാപിക്കുന്നുണ്ട്. 2016-ലെ 13.17 മില്യൺ ആഭ്യന്തര വിനോദസഞ്ചാരികളിൽ നിന്ന് 2024-ൽ 22.25 മില്യണായി ഉയർന്നത് കോവിഡ് ശേഷമുള്ള ശക്തമായ തിരിച്ചുവരവിനെ വ്യക്തമാക്കുന്നു. 2024-25-ൽ 7.38 ലക്ഷം വിദേശ വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചു, രാജ്യത്ത് 7-ാം സ്ഥാനത്തെത്തി, കേരളത്തിന്റെ ഗ്ലോബൽ വിനോദസഞ്ചാര പ്രതിച്ഛായ ഉറപ്പിക്കപ്പെട്ടു.
തൊഴിലാളികളുടെ ക്ഷേമത്തിലും കേരളം മുന്നിലാണ്. 2024-ൽ ഏകദേശം ₹750 ആയിരുന്നു കാർഷികേതര തൊഴിലാളികളുടെ ദിവസംകൂലി. രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കാണിത്. കാർഷിക തൊഴിലാളികളുടെ ദിനവേതനത്തിലും കേരളം ഒന്നാമതാണ്; 2015-ലെ ₹608.8-ൽ നിന്ന് 2024-ൽ ₹868.7 ആയി ഉയർന്നു. ജലസേചന സൗകര്യങ്ങളും 48,000 ഹെക്റ്റർ വരെ വ്യാപിച്ചു, കാർഷിക ഉൽപ്പാദന ശേഷി മെച്ചപ്പെട്ടു. വൈദ്യുതി ഉത്പാദന ശേഷി 4,172 MW ൽ നിന്ന് 7,470 MW ആയി ഉയർന്നതോടെ, ദേശീയ ശരാശരിയേക്കാൾ 23% കൂടുതലായി സംസ്ഥാനം ഊർജസ്വയംപര്യാപ്തതയിലേക്ക് ഉറപ്പോടെ മുന്നേറുന്നു.
സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, മനുഷ്യവികസനം എന്നിവയുടെ സമന്വയത്തിലൂടെ കേരളം രാജ്യത്തിന് മുന്നിൽ ഒരു മാതൃകയായി ഉയർന്നുവന്നിട്ടുണ്ടെന്നാണ് ആർ.ബി.ഐ പുറത്തിറക്കിയ ഡാറ്റ സൂചിപ്പിക്കുന്നത്. സാമ്പത്തിക മേഖലയിലെ ശക്തമായ മുന്നേറ്റം മുതൽ തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലുടനീളം കേരളം നേടിയ നേട്ടങ്ങൾ സംസ്ഥാനത്തിന്റെ ദൂരദർശിതയുള്ള ഭരണനയങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ്. കേരളത്തിന്റെ വികസനയാത്ര ഉയർന്ന ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിന്റെ ശുഭസൂചനകളാണ് ഈ കണക്കുകൾ നൽകുന്നത്.
ഹാൻഡ്‌ബുക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2024 - 2025
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-29 16:24:42
ലേഖനം നമ്പർ: 1926