കേരളത്തിന്റെ തനത് താറാവിനമായ കുട്ടനാടൻ താറാവിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) അംഗീകൃതമായ മൃഗ ഇനങ്ങൾക്കുള്ള രജിസ്ട്രേഷൻ (എൻ.ബി.എ.ജി.ആർ) സർട്ടിഫിക്കറ്റ് ലഭിച്ചു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടനാടൻ താറാവിന് ഈ രജിസ്ട്രേഷൻ ലഭിച്ചത്. 

കേരളത്തിലെ തനത് ഇനങ്ങളായ വെച്ചൂർ പശു, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക് ആട്, തലശ്ശേരി കോഴി എന്നിവയ്ക്കാണ് മുമ്പ് ഈ ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഈ രജിസ്ട്രേഷൻ കുട്ടനാട് താറാവിന്റെ ജനിതക സവിശേഷത ഔദ്യോഗികമായി രേഖപ്പെടുത്തുന്നു.  

കുട്ടനാടൻ താറാവുകളിലെ ചാര, ചെമ്പല്ലി എന്നീ ഇനങ്ങൾക്കാണ് അംഗീകാരം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 18 ലക്ഷം കുട്ടനാടൻ താറാവുകളുള്ളതായാണു കണക്ക്. തവിട്ടു നിറത്തിൽ കറുപ്പ് നിറം കൂടുതലുള്ളവയെ ചാരയെന്നും, ഇളം തവിട്ടു നിറത്തിലുള്ളവയെ ചെമ്പല്ലിയെന്നും രണ്ട് ഇനങ്ങളായാണ് കുട്ടനാടൻ താറാവുകൾ അറിയപ്പെടുന്നത്. ശരാശരി ഒന്നരക്കിലോ മുതൽ രണ്ടു കിലോ വരെ തൂക്കം വരുന്ന ഈ ഇനം രാജ്യത്ത് ഏറ്റവും കൂടുതൽ ഉത്പാദന ക്ഷമതയുള്ള നാടൻ താറാവിനമാണ്. 

കുട്ടനാടൻ താറാവ് വർഷത്തിൽ 250 മുട്ടകൾ വരെ ഇടും. മറുനാടൻ താറാവുകളെക്കാൾ മുട്ടയ്ക്ക് തൂക്കവും കൂടുതലാണ്.കുട്ടനാടൻ താറാവുകളിലെ ചാര , ചെമ്പല്ലി എന്നീ തദ്ദേശീയ ഇനങ്ങൾ രോഗ പ്രതിരോധശേഷിയിലും ഇറച്ചിയുടെയും മുട്ടയുടെയും ഗുണമേന്മ കൊണ്ടും വേറിട്ട് നിൽക്കുന്നു.  കേരളത്തിലെ കാലാവസ്ഥയോടെ ചേർന്ന് നിൽക്കുന്നവ ആയതിനാൽ മികച്ച രോഗപ്രതിരോധ ശേഷിയുമുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-21 16:58:23

ലേഖനം നമ്പർ: 1944

sitelisthead