കാർഡിയോളജി വിഭാഗത്തിൽ മൈക്ര എ.വി ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരമായി പൂർത്തിയാക്കി ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ നടത്തിയ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. 74 വയസുള്ള രോഗിയിലാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.
മൈക്ര ലീഡ്ലെസ് പേസ്മേക്കർ എന്നത് ഹൃദയത്തിലേക്ക് നേരിട്ട് സ്ഥാപിക്കുന്ന വിപ്ലവകരമായ ഒരു ഉപകരണമാണ്. ഇത് പേസ്മേക്കർ ലീഡുകളുടെ ആവശ്യകത ഒഴിവാക്കുകയും സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ നൂതന സാങ്കേതികവിദ്യ രോഗികൾക്ക് മികച്ച ഫലവും ജീവിത നിലവാരവും ഉറപ്പാക്കുന്നു.
ഈ ചികിത്സ വഴി ഹൃദയമിടിപ്പ് കുറയാതിരിക്കുന്നതിനും ഹൃദയത്തിന്റെ താളം തെറ്റൽ ക്രമീകരിക്കുന്നതിനും സാധിക്കുന്നു. സങ്കീർണതകൾ കുറയ്ക്കൽ, കുറഞ്ഞ മുറിപ്പാടുകൾ, രോഗിയുടെ മെച്ചപ്പെട്ട ശാരീരികാവസ്ഥ വീണ്ടെടുക്കൽ എന്നിവയ്ക്ക് ഉതകുന്നതാണ് ഈ അത്യാധുനിക ചികിത്സാ രീതി. രോഗികൾക്ക് കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ഹൃദയചികിത്സ ലഭ്യമാക്കുന്നതിലൂടെ പൊതുആരോഗ്യ മേഖലയുടെ സാധ്യതകളും വിശ്വാസ്യതയും കൂടുതൽ ശക്തിപ്പെടുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-11-06 16:24:30
ലേഖനം നമ്പർ: 1911