കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത് ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി ബേപ്പൂർ. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂർഗ്രീൻ ഡെസ്റ്റിനേഷൻ ഓർഗനൈസേഷന്റെ ആഗോളപട്ടികയിലാണ് ഇന്ത്യയിൽ നിന്നുമുള്ള രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ബേപ്പൂർ ഇടം പിടിച്ചത്. തമിഴ്‌നാട്ടിലെ മഹാബലിപുരമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ബേപ്പൂരിന്റെ ചരിത്രപൈതൃകം, ഉരുനിർമാണം, വിനോദസഞ്ചാര സർക്യൂട്ട്, സാഹിത്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് അംഗീകാരം. ചെറിയ തുറമുഖവും സുന്ദരമായ കടൽത്തീരവും ഉൾക്കൊള്ളുന്ന കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂർ. വിനോദസഞ്ചാരികൾക്കും ചരിത്രപ്രേമികൾക്കും ഒരുപോലെ ആകർഷകമായ ബീച്ച് ഡെസ്റ്റിനേഷനാണ് ബേപ്പൂർ ബീച്ച്. പുരാതനകാലത്ത് ബേപ്പൂർ ഒരു പ്രധാന വ്യാപാര തുറമുഖവും സമുദ്രകേന്ദ്രവുമായിരന്നു. അറേബ്യൻ വ്യാപാരികളും ചൈനീസ് സഞ്ചാരികളും പിന്നീട് യൂറോപ്യൻ വ്യാപാരികളും ഇവിടെ പ്രാദേശിക വ്യാപാരികളുമായി വ്യാപാരബന്ധം പുലർത്തിയിരുന്നു. ഏകദേശം 1,500 വർഷത്തെ പാരമ്പര്യമുള്ള കപ്പൽനിർമാണരംഗമാണ് ബേപ്പൂരിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
കെടിഡിസി ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബേപ്പൂർ മറീനയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ വികസിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ നാലുവർഷമായി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചുവരികയാണ്. ഈ ഫെസ്റ്റിവൽ കേരളത്തിനകത്തും പുറത്തുമുള്ള അനേകം വിനോദസഞ്ചാരികളെ ബേപ്പൂരിലേക്ക് ആകർഷിച്ചു. ദുബൈയിൽ നടക്കുന്ന ഏഷ്യ-പസഫിക് നഗരങ്ങളുടെ സമ്മേളനത്തിൽ, ബേപ്പൂരിന് സുസ്ഥിര വിനോദസഞ്ചാര ഫോറത്തിന്റെ അംഗീകാര സർട്ടിഫിക്കറ്റ് സമ്മാനിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-08 14:39:28
ലേഖനം നമ്പർ: 1884