സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വലിയ തോതിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെയും 'വിജ്ഞാന കേരളത്തിന്റെയും'   നേതൃത്വത്തിൽ ആരംഭിച്ച ' തൊഴിൽ ക്യാമ്പയിൻ്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങളുടെ ഫലമായി അരലക്ഷത്തിലേറെ വനിതകൾക്ക് തൊഴിൽ സാധ്യമാക്കി. കുടുംബശ്രീ അംഗങ്ങൾക്കും മറ്റ് തൊഴിൽ സന്നദ്ധരായ സ്ത്രീകൾക്കും നൈപുണ്യ പരിശീലനം നൽകി പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നാളിതുവരെ 1,41,323 തൊഴിലുകളാണ് കണ്ടെത്തിയത്. വിവിധ തൊഴിൽ മേഖലകളിലായി ആകെ 55,913 വനിതകൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചു. ഏറ്റവും കൂടുതൽ തൊഴിലുകൾ കണ്ടെത്തിയത് കണ്ണൂർ ജില്ലയിലാണ് (15,641 തൊഴിലുകൾ).

സംസ്ഥാനത്ത് സ്ത്രീകൾക്ക് കൂടുതൽ ഡിജിറ്റൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി വിവിധ വൻകിട കമ്പനികളും സ്വകാര്യ സ്ഥാപനങ്ങളും ക്യാമ്പയിൻ്റെ ഭാഗമായിട്ടുണ്ട്. റിലയൻസുമായി കൈകോർത്ത് 10,000 വനിതകൾക്ക് തൊഴിലൊരുക്കാൻ സർക്കാർ ധാരണയായിട്ടുണ്ട്. റിലയൻസ് ടെലികോം ഡിവിഷനായ ജിയോയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു ലഭ്യമാകുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റൽ സേവനങ്ങളും നൽകുന്നതിനാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. കൂടാതെ, കസ്റ്റമർ കെയർ ടെലികോളിംഗും ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കും കുടുംബശ്രീ വനിതകളെ പരിഗണിക്കും.

തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും. തൊഴിലവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകൾ വഴി റിലയൻസിന് ലഭ്യമാക്കും. ഇവരുടെ ജോലി ഫ്രീലാൻസ് മാതൃകയിലായിരിക്കും, ചെയ്യുന്ന ജോലിക്കനുസരിച്ചാണ് വേതനം. നിലവിൽ ജിയോയിൽ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15,000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്. ടെലികോളിംഗ് മേഖലയിൽ മുന്നൂറു പേർക്ക് 'വർക്ക് ഫ്രം ഹോം' ജോലിയും നൽകുന്നുണ്ട്. പുറത്ത് പോയി ജോലി ചെയ്യാൻ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകൾക്ക് ഇത് ഏറെ സഹായകമാകും.

റിലയൻസിന് പുറമെ മൈ ജി, ലുലു ഹൈപ്പർ മാർക്കറ്റ്, ട്രാവൻകൂർ മെഡിസിറ്റി, പോപ്പുലർ ഹുണ്ടായി, കിംസ് ഹോസ്പിറ്റൽ, മക് ഡൊണാൾഡ്, ഇൻഫോപാർക്ക് ചേർത്തല, ചെമ്മണ്ണൂർ ഇൻ്റർനാഷനൽ, ടി വി എസ് ഗ്രൂപ്പ്, കല്യാൺ സിൽക്‌സ്, നിക്ഷാൻ, കെൽട്രോൺ, മലബാർ ഗ്രൂപ്പ്, സൈലം, പോപ്പി, ജോൺസ് തുടങ്ങി നിരവധി സ്വകാര്യ സ്ഥാപനങ്ങളിൽ മികച്ച വേതനത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്. നവകേരള നിർമ്മാണത്തിന് സ്ത്രീ ശാക്തീകരണത്തിലൂടെ വേ​ഗതകൂട്ടുന്ന പദ്ധതിയായി വിജ്ഞാന കേരളം മാറിക്കഴിഞ്ഞു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-13 17:51:35

ലേഖനം നമ്പർ: 1887

sitelisthead