ആഗോള സമുദ്ര ഗതാഗത ഭൂപടത്തിൽ കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചുകൊണ്ടാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുന്നേറുന്നത്. 2024 ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചതിനുശേഷം പത്തു മാസങ്ങൾക്കുള്ളിൽ 500 കപ്പലുകളെയാണ് വിഴിഞ്ഞം തുറമുഖം സ്വീകരിച്ചത്. ഇന്ത്യയുടെ സമുദ്രവ്യാപാര ചരിത്രത്തിലെ നിർണായക നാഴികക്കല്ലായി വിഴിഞ്ഞം മാറിയെന്നും ആഗോള ചരക്ക് ഗതാഗതത്തിൽ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഉയർന്നുവെന്നും വ്യക്തമാകുന്നതാണ് ഈ നേട്ടം. 

ഈ കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഉൾപ്പെടെ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona), 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. ആദ്യ വർഷം 3 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടിടത്ത് 9 മാസം കൊണ്ട് പത്ത് ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്ത ഈ തുറമുഖം ലോകത്തിന് മുന്നിലുള്ള ഇന്ത്യയുടെ തന്നെ കവാടമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ രാജ്യത്തെ ആദ്യ  ട്രാൻസ്ഷിപ്പ്‌മെന്റ് സീ പോർട്ട് കൂടിയാണ് വിഴിഞ്ഞം. 

അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് ‘സാൻ ഫെർണാണ്ടോ’ നങ്കൂരമിട്ട നിമിഷം മുതൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ചരിത്ര നേട്ടങ്ങൾ കെെവരിച്ചു. ആഗോളതലത്തിൽ തന്നെ ജലഗതാഗത രംഗത്തെ മികച്ച പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരൊറ്റ കപ്പലിൽ 10,330 ടിഇയു (ഇരുപത് അടി തുല്യ യൂണിറ്റുകൾ) കൈകാര്യം ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. 24,346TEU കണ്ടെയ്‌നർ വാഹക ശേഷിയുള്ള ഈ കൂറ്റൻ ചരക്ക്‌ കപ്പലിന്റെ വരവ്, ആഗോള ചരക്കുനീക്ക ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. കൂടാതെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം TEU (Twenty-foot Equivalent Unit) കണ്ടെയ്നറുകൾ കൈകാര്യം ചെയ്തിരിക്കുകയാണ് തുറമുഖം. തുറമുഖത്തിന്റെ തന്ത്രപരമായ മേന്മയും APSEZ-ന്റെ ലോകോത്തര പ്രവർത്തന മികവും ഈ ശ്രദ്ധേയമായ നേട്ടത്തിന് സഹായിച്ചു.  

സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സുപ്രധാന സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം തുറമുഖം അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകളും നൂതന ഓട്ടോമേഷൻ സംവിധാനങ്ങളോടും കൂടി ഷിപ്പിംഗ് കാര്യക്ഷമതയിൽ മുൻപന്തിയിലുള്ള എല്ലാ തുറമുഖങ്ങളോടും കിടപിടിക്കുന്ന തരത്തിൽ നൂതന സജ്ജീകരണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. 

ആഴത്തിലുള്ള ഡ്രാഫ്റ്റ് ബെർത്തുകളും നൂതന കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ തുറമുഖത്തിന് ഉണ്ട്. ഇന്ത്യൻ തീരപ്രദേശത്തിന്റെ മധ്യഭാഗത്തായുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം, അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളുടെ സാമീപ്യം, ഇന്ധന ബങ്കറിങ്ങിനുള്ള അനുയോജ്യമായ സ്ഥാനം, സ്വാഭാവികമായ ആഴം, ലിറ്റോറൽ ഡ്രിഫ്റ്റ്  സൗകര്യങ്ങൾ തുടങ്ങിയ പ്രത്യേകതകൾ പ്രാദേശിക വികസനത്തിനും ആഗോള വ്യാപാര ശൃംഖലകളിലേക്കുള്ള ഇന്ത്യയുടെ സംയോജനത്തിനും ഗണ്യമായ സംഭാവന നൽകുന്നു. കൂടാതെ  ഇത് വിഴിഞ്ഞം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും  അന്താരാഷ്ട്ര വ്യവസായ വാണിജ്യ രംഗത്ത് അനന്ത സാധ്യതകൾ തുറക്കുകയും ചെയ്യുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി- ഇറക്കുമതി വർദ്ധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലകളിൽ വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-24 14:25:51

ലേഖനം നമ്പർ: 1866

sitelisthead