എൻ‌സി‌ആർ‌ബി ( NCRB ) ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം രാജ്യത്തെ  ജാതി - വർഗീയ സംഘർഷങ്ങളിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനമെന്ന ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി കേരളം. 2016 ൽ 26 വർഗീയ സംഘർഷങ്ങൾ രേഖപ്പെടുത്തിയതിൽ നിന്നും 2023 ൽ ഒരു സംഘർഷം മാത്രമായി റിപ്പോർട്ട് ചെയ്താണ് കേരളം ഈ അപൂർവ നേട്ടം കൈവരിച്ചത്.  

2016 മുതൽ കേരളത്തിൽ കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ 20% കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കേസുകൾ പരിശോധിക്കുമ്പോൾ, 2016 ൽ 7,07,870 കേസുകളായിരുന്നത് 2023 ൽ 5,84,373 കേസുകളായി കുറഞ്ഞു. അക്രമാസക്തമായ കുറ്റകൃത്യങ്ങളിലും 25% കുറവ് കേസുകൾ ആണ് രേഖപ്പെടുത്തിയത്, അതായത് 13,548 കേസുകളിൽ നിന്ന് 10,255 ആയി ഇത്തരം കേസുകൾ കുറഞ്ഞു.

കുറ്റപത്രം സമർപ്പിക്കുന്നതിലെ കാര്യക്ഷമതയിലും കേരളം മുൻ നിരയിൽ തന്നെയാണ്. ഐപിസി കേസുകളിൽ 95.1% പൂർത്തീകരണ നിരക്കാണ്‌ കേരളത്തിനുള്ളത്, ഇത് ദേശീയ ശരാശരി 72.7% നേക്കാൾ വളരെ കൂടുതലാണ്. പട്ടികജാതി വിഭാഗങ്ങൾ ഉൾപ്പെട്ട കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിലും വൻ പുരോഗതിയുണ്ടായി. 2016-ൽ 62.9% ആയിരുന്നത് 2023-ൽ 81.6% ആയി ഉയർന്നു. പട്ടികവർഗ വിഭാഗങ്ങളിൽ, ഇതേ കാലയളവിലെ നിരക്ക് 79.9% ൽ നിന്ന് 85.1% ആയി വർദ്ധിച്ചു. 

സംസ്ഥാനത്തെ പരിഹരിക്കപ്പെടാത്ത കേസുകളുടെ നിരക്ക് 11.4% ആണ്. ഇത് ദേശീയ ശരാശരിയായ 29.2% നേക്കാൾ ഏകദേശം 30% കുറവാണ്. സംസ്ഥാനത്തെ നിയമ നിർവഹണത്തിന്റെ കാര്യക്ഷമവും സുതാര്യവുമായ പ്രകടനത്തെയുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കാണാതായ സ്ത്രീകളെ കണ്ടെത്തുന്നതിൽ 96% വും കാണാതായ കുട്ടികളെ കണ്ടെത്തുന്നതിൽ 95.9% വിജയ നിരക്കുമാണ് റിപ്പോർട്ട് പ്രകാരം ലഭ്യമാകുന്നത്. 

ക്രമസമാധാനവും നിയമകാര്യക്ഷമതയും ഉയർത്തികൊണ്ട് സംസ്ഥാനം അതി ശക്തമായി മുന്നോട്ട് പോകുന്നുവെന്ന് വീണ്ടും കണക്കുകൾ തെളിയിക്കുന്നു. കുറ്റകൃത്യങ്ങളുടെ കുറവ്, കേസുകളുടെ കാര്യക്ഷമമായ പരിഹാരം, ജാതി-വർഗ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവ സംസ്ഥാനത്തിന്റെ സുതാര്യമായ ഭരണ - നിയമ സംവിധാനത്തിന്റെ ശക്തിയും ജനങ്ങളുടെ സുരക്ഷയോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതാണ്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-10 17:26:09

ലേഖനം നമ്പർ: 1886

sitelisthead