സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമവും സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി' ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്മയകരമായ മുന്നേറ്റമാണ് കൈവരിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ എട്ടു ലക്ഷത്തിലധികം (8,52,223) അപേക്ഷകൾ ലഭിച്ചു. ഇത് സർക്കാർ ഇടപെടലുകൾക്ക് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന വലിയ സ്വീകാര്യതയുടെ തെളിവാണ്. കേരളത്തിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും അവർക്ക് ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും സമൂഹത്തിൽ മുന്നേറാനുമുള്ള ചാലകശക്തിയായി ഈ പദ്ധതി മാറിക്കഴിഞ്ഞു.

സമൂഹത്തിലെ ഏറ്റവും അർഹരായവരിലേക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള, നിലവിൽ മറ്റ് ക്ഷേമ പെൻഷൻ പദ്ധതികളിലൊന്നും അംഗമല്ലാത്ത സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് പുറമെ ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും ഈ പദ്ധതിയിലൂടെ പ്രതിമാസം 1000 രൂപ വീതം ലഭ്യമാക്കും. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സുരക്ഷാ പദ്ധതി സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം ഉയർത്തുന്ന പുതിയ മാതൃകയാണ്.

ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലഭിച്ച അപേക്ഷകളുടെ എണ്ണം, സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ ഈ പദ്ധതി നൽകുന്ന വലിയ പ്രതീക്ഷ വ്യക്തമാക്കുന്നു. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്ത അർഹരായ ഗുണഭോക്താക്കൾക്ക് https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സ്ത്രീപക്ഷ നവകേരള നിർമ്മിതിയിൽ നിർണ്ണായകമായ ഒരു നാഴികക്കല്ലായി സ്ത്രീ സുരക്ഷാ പദ്ധതിയെ വരുംകാലം അടയാളപ്പെടുത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-05 16:56:22

ലേഖനം നമ്പർ: 1930

sitelisthead