കൊച്ചി നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആരംഭിച്ച ‘മെട്രോ കണക്ട്’ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഒരു വർഷം പൂർത്തിയാക്കുന്നു. മെട്രോയിലേക്കും വാട്ടർ മെട്രോയിലേക്കും യാത്രക്കാർക്ക് തടസ്സമില്ലാത്ത ‘അവസാന മൈൽ കണക്റ്റിവിറ്റി’ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2025 ജനുവരി 15-ന് ആരംഭിച്ച ഈ പദ്ധതി ഇന്ന് കൊച്ചിയിലെ യാത്രാ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറികഴിഞ്ഞു. സുസ്ഥിര നഗരവികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി, ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ആധുനിക ഗതാഗത സംവിധാനം നടപ്പിലാക്കിയത്.

പദ്ധതിയുടെ ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി 15 അത്യാധുനിക ഇലക്ട്രിക് ബസുകൾ സർവീസ് നടത്തി വരുന്നു. ഈ കാലയളവിൽ ഏകദേശം 14 ലക്ഷത്തോളം യാത്രക്കാരാണ് മെട്രോ കണക്ടിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ആകെ 7 ലക്ഷത്തോളം കിലോമീറ്റർ പിന്നിട്ട ഈ സംവിധാനം പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവീസാണ് നഗരത്തിൽ നടത്തുന്നത്. യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ചത് ആലുവ–സിയാൽ എയർപോർട്ട് റൂട്ടിലാണ്. സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനൊപ്പം മെട്രോയുടെയും വാട്ടർ മെട്രോയുടെയും വരുമാനം വർദ്ധിപ്പിക്കാനും ഈ ഫീഡർ സർവീസുകൾ വലിയ പങ്ക് വഹിച്ചു.

നൂതന സാങ്കേതികവിദ്യയുടെ ഉപയോഗമാണ് മെട്രോ കണക്ടിനെ മറ്റ് ഗതാഗത സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഡാറ്റ അനലിറ്റിക്സ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി സർവീസും ചാർജിംഗും ഒപ്റ്റിമൈസ് ചെയ്തതിലൂടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും 15 ശതമാനത്തോളം വളർച്ച കൈവരിക്കാൻ സാധിച്ചു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും GIZ ഇന്ത്യയുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ഈ ഡിജിറ്റൽ സംവിധാനം വഴി ഫെയർ സിസ്റ്റവും ബസ് ട്രാക്കിംഗും കൂടുതൽ കാര്യക്ഷമമാക്കി. കൂടാതെ, എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്‌പോർട്ടേഷനുമായി ചേർന്ന് ബസ് ജീവനക്കാർക്ക് നൽകുന്ന പ്രത്യേക പരിശീലനം യാത്രാ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ‘ലൈവ് ജി.ടി.എഫ്.എസ്’ അടിസ്ഥാനമാക്കിയുള്ള റിയൽ ടൈം വാഹന ട്രാക്കിംഗ് സംവിധാനം നടപ്പിലാക്കാൻ കെ.എം.ആർ.എൽ ലക്ഷ്യമിടുന്നു. ഇതോടെ യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരം മൊബൈൽ ആപ്പ് വഴി അറിയാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. കൂടാതെ, ബസിനുള്ളിൽ തത്സമയ വാർത്തകളും വിവരങ്ങളും ലഭ്യമാക്കുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഉടൻ നിലവിൽ വരും. കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തോടൊപ്പം ഇലക്ട്രിക് ഫീഡർ നെറ്റ്‌വർക്കും നഗരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. സാമ്പത്തിക ലാഭമുള്ള പരിസ്ഥിതി സൗഹൃദമായ ഈ മാതൃക ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നഗര ഗതാഗത സംവിധാനങ്ങളിലൊന്നാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-23 16:31:21

ലേഖനം നമ്പർ: 1948

sitelisthead