ഭൂരഹിതരും ഭവനരഹിതരുമായ കുടുബങ്ങൾക്ക് വാസയോഗ്യമായ ഭവനങ്ങളൊരുക്കുന്നതിന് കൊച്ചി നഗരസഭ നടപ്പിലാക്കിയ ഭവന സമുച്ചയങ്ങൾ യാഥാർഥ്യമായി. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ ഫ്ലാറ്റ്. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് തുരുത്തിയിൽ 2 ഭവന സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയും, രണ്ടാമത്തെ സമുച്ചയം സി.എസ്.എം.എൽ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡുമാണ് നിർമ്മിച്ചിട്ടുള്ളത്.
കൊച്ചിയുടെ ദൃശ്യങ്ങളിലേക്കുള്ള നേർക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതാണ് ഫ്ളാറ്റുകൾ. എൽ എൻ ജി ടെർമിനൽ, വിശാലമായ അറബിക്കടൽ, ഫോർട്ട് കൊച്ചി ബീച്ച്, ഗോശ്രീ ബ്രിഡ്ജ്, മറൈൻ ഡ്രൈവ് തുടങ്ങി കൊച്ചിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലാണ് ഫ്ലാറ്റ് സമുച്ചയം രൂപകൽപന ചെയ്തിട്ടുള്ളത്.
ആധുനിക സൗകര്യങ്ങളോടെ രണ്ട് ടവറുകൾ
ഫ്ലാറ്റ് 1: 10796.42 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നഗരസഭ നിർമിച്ച ഒന്നാമത്തെ ടവറിന് 41.74 കോടി രൂപയാണ് ചെലവായത്. 11 നിലകളിലായി നിർമ്മിച്ച ഈ ടവറിൽ 300 ചതുരശ്ര അടി വിസ്തൃതിയുള്ള 199 ഫ്ലാറ്റ് യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ യൂണിറ്റിലും ഡൈനിംഗ്/ലിവിംഗ് ഏരിയ, ഒരു ബെഡ്‌റൂം, അടുക്കള, ബാൽക്കണി, രണ്ട് ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
81 പാർക്കിംഗ് സ്ലോട്ടുകൾ, 105 കെ.എൽ.ഡി ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ്, മൂന്ന് എലവേറ്ററുകൾ, മൂന്ന് സ്റ്റെയർകേസുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിൽ 150 ചതുരശ്ര മീറ്റർ വിസ്തൃതിയിലും 11-ാം നിലയിൽ 800 ചതുരശ്ര മീറ്റർ വിസ്തൃതിയിലുമായി കോമൺ ഏരിയകൾ സജ്ജീകരിച്ചിട്ടുണ്ട്. സമുച്ചയത്തിന്റെ താഴത്തെ നിലയിൽ ഒരു അങ്കണവാടിയും 14 വ്യാപാരശാലകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്ലാറ്റ് 2 : കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച രണ്ടാമത്തെ ടവർ, ആധുനിക സൗകര്യങ്ങളോട് കൂടിയ സമഗ്ര ഭവന സമുച്ചയമായി രൂപകൽപന ചെയ്തിരിക്കുന്നു. 13 നിലകളിലായി ഒരു പൊതുമുറ്റത്തെ ചുറ്റിയാണ് ഈ ടവർ ഒരുക്കിയിരിക്കുന്നത്. 195 പാർപ്പിട യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ നിലയിലും 15 യൂണിറ്റുകൾ വീതം സജ്ജീകരിച്ചിരിക്കുന്നു.
താഴത്തെ നിലയിൽ 18 കടമുറികളും ആവശ്യമായ പാർക്കിംഗ് സൗകര്യവുമുണ്ട്. 10221 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ ടവറിൽ മൂന്ന് ലിഫ്റ്റുകളും സ്റ്റെയർകേസും ഒരുക്കിയിട്ടുണ്ട്. ഓരോ യൂണിറ്റിനും 350 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ടവറിന്റെ മുകളിൽ കോമൺ ഏരിയയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് പുനരുപയോഗ ഊർജ്ജം പ്രയോജനപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, 68 കാറുകളും 17 ബൈക്കുകളും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു സമുച്ചയങ്ങളിലും ആധുനിക ലിഫ്റ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയുടെ വികസന യാത്രയിൽ ഒരു പുതിയ അധ്യായം രചിക്കുന്നതാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ ഈ ഭവന സമുച്ചയം. സൗകര്യസമ്പന്നവും ആധുനികമായ രൂപകൽപനയോടും കൂടി വികസിപ്പിച്ച ഈ രണ്ട് സമുച്ചയങ്ങൾ, സ്വന്തമായൊരു വീട് സ്വപ്നം കണ്ട അനേകം കുടുംബങ്ങൾക്ക് പുതുജീവിതം പകർന്നിരിക്കുന്നു. ഭവനരഹിതരില്ലാത്ത കേരളം എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതാണ് ഈ പുനരധിവാസ പദ്ധതി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-03 11:01:57
ലേഖനം നമ്പർ: 1880