സംസ്ഥാനത്തിന്റെ നഗരവികസന യാത്രയ്ക്ക് കരുത്തേകി 2025-ലെ ദേശീയ ഇ-ഗവേണൻസ് സിൽവർ അവാർഡ് സ്വന്തമാക്കി അമൃത് മിഷൻ (അഠല്‍ മിഷന്‍ ഫോര്‍ റിജുവിനേഷന്‍ ആന്‍റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷൻ). തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അമൃത് പ്രോജക്ടുകളുടെ ഓൺലൈൻ നിരീക്ഷണത്തിനും, ജലഗുണനിലവാര പരിശോധനയ്ക്കും വേണ്ടിയുള്ള പ്രോജക്ട് മോണിറ്ററിങ് ആൻഡ് വാട്ടർ ക്വാളിറ്റി മോണിറ്ററിങ് സിസ്റ്റത്തിനാണ് പുരസ്കാരം ലഭിച്ചത്. 

അമൃത് മിഷൻ പ്രവർത്തനങ്ങൾ രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ നഗരവികസനത്തിൽ ഈ പദ്ധതി സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്.  2768 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അമൃത് 1, 2 പദ്ധതികളിലായി കേരളം പൂർത്തിയാക്കിയത്. ജലവിതരണ പദ്ധതികൾക്കായി 1848 കോടി രൂപയും മലിനജല സംസ്കരണത്തിന് 359 കോടി രൂപയും അമൃത് പദ്ധതികൾ വഴി നടപ്പിലാക്കി. മറ്റ് പദ്ധതികൾ പുരോഗമിക്കുകയാണ്. 5872 കോടി രൂപയുടെ അമൃത് പദ്ധതികളിൽ 3337 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വിഹിതവും 2535 കോടി രൂപ കേന്ദ്രവിഹിതവുമാണ്.

എല്ലാ വാസഗൃഹങ്ങളിലും ജലവിതരണത്തിനായുള്ള ഒരു ടാപ്പും ജലവിതരണവും മലിനജല നിര്‍ഗമനത്തിനുള്ള കണക്ഷനും ഉണ്ടായിരിക്കണമെന്നതാണ് മിഷന്‍റെ ലക്ഷ്യം. നഗരവാസികൾക്ക് ശുചിത്വവും സൗകര്യങ്ങളും നിറഞ്ഞ ആരോഗ്യകരമായ നഗരജീവിതം ഒരുക്കുകയാണ് മറ്റൊരു ലക്ഷ്യം. അതിനായി പച്ചപ്പും നന്നായി പരിപാലിച്ച പാർക്കുകളും ഉൾപ്പെടുന്ന തുറന്ന ഇടങ്ങൾ സൃഷ്ടിക്കുകയും, പൊതുഗതാഗതം പ്രോത്സാഹിപ്പിച്ച് മലിനീകരണം കുറയ്ക്കുകയും, നടക്കാനും സൈക്കിൾ ഉപയോഗിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. പദ്ധതിയിൽ ജലവിതരണത്തിന് മുൻഗണന നൽകുന്നതോടൊപ്പം മലിനജല സംസ്കരണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-27 14:17:35

ലേഖനം നമ്പർ: 1874

sitelisthead