നവകേരളം കർമപദ്ധതി
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിലൂടെ ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ തുടക്കം കുറിച്ചതാണ് നവകേരളം കർമപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാനത്തിൻറെ വികസനത്തിനും ദീർഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങൾക്ക് അടിത്തറ പാകുന്നതിനുമായി കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കർമപദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയ്ക്ക് കീഴിൽ വിവിധ മേഖലയ്ക്ക് പ്രാധാന്യമേകി 5 മിഷനുകൾ പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: നവകേരളം കർമപദ്ധതി
ആർദ്രം മിഷൻ
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണിത്. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചാവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
എല്ലാ ജില്ലകളിലും സമ്പൂർണ്ണ, സാർവ്വത്രിക ഇമ്മ്യൂണൈസേഷൻ പരിപാടികളും പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ഓരോ പ്രദേശത്തെയും പൗരന്മാരുടെ മുഴുവൻ അടിസ്ഥാന ആരോഗ്യ വിവരങ്ങൾ ശേഖരിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ജീവിതശൈലി രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ഒരുക്കുകയും ചെയ്തുവരുന്നു.
ജനസൗഹൃദ ഔട്ട്പേഷ്യന്റ് സേവനങ്ങൾ നൽകുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുക, പാർശ്വവൽക്കരിക്കപ്പെട്ട/ദുർബലരായ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ, പ്രതിരോധ സേവനങ്ങൾ കൈയ്യെത്തും ദൂരെ ലഭ്യമാക്കുക, ആരോഗ്യ സേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ പ്രാവർത്തികമാക്കുക എന്നിവയാണ് ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക്: ആർദ്രം മിഷൻ
വിദ്യാകിരണം
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും പഠന ബോധന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. സാമൂഹിക നീതിയും അവസര തുല്യതയും അടിസ്ഥാനമാക്കി, സാങ്കേതിക വിദ്യാസാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി എല്ലാ കുട്ടികളുടെയും അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി സമഗ്രമായ കാഴ്ചപ്പാടും നൂതനമായ പ്രവർത്തന പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് ബഹുജന കൂട്ടായ്മയിലൂടെ വിദ്യാകിരണം മുന്നേറുന്നു. സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം, സ്കൂൾ മാസ്റ്റർപ്ലാനുകൾ തയ്യാറാക്കൽ എന്നിവ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക, എല്ലാ ക്ലാസ് മുറികളും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സ്മുറികളാക്കി കാലോചിതമായ ബോധനവിദ്യകൾ ഉപയോഗപ്പെടുത്തി പഠനപ്രവർത്തനങ്ങൾക്കു പുതിയ മാനം നൽകുക, വിദ്യാർഥികളുടെ ആശയവിനിമയശേഷിയും ജീവിത നൈപുണികളും വികസിപ്പിക്കുക തുടങ്ങിയവയെല്ലാം വിദ്യാകിരണത്തിന്റെ ലക്ഷ്യങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: വിദ്യാകിരണം
ലൈഫ് മിഷൻ
എല്ലാവർക്കും പാർപ്പിടവും ഉപജീവനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമഗ്ര പദ്ധതിയാണ് ലൈഫ് മിഷൻ. പാർപ്പിട മേഖലയിൽ കേരളം അഭിമുഖീകരിക്കുന്ന ബഹുമുഖവും സമ്മിശ്രവുമായ പ്രശ്നങ്ങൾക്ക് ജനപങ്കാളിത്തത്തോടെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്തുണയോടെയും പരിഹാരം കാണുക, ഉപജീവന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുക, ജീവനോപാധി കണ്ടെത്താൻ ആവശ്യമായ തൊഴിലധിഷ്ഠിത പരിശീലനം, തൊഴിൽ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിനും തൊഴിൽദാതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതിനും പദ്ധതികൾ, ഭൂഘടനയ്ക്ക് അനുയോജ്യമായ വിധത്തിൽ പരിസ്ഥിതി സൗഹാർദ്ദ നിർമാണം എന്നിവയാണ് മിഷന്റെ പ്രത്യേകതകൾ. ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് മിഷനിലൂടെ വിഭാവനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ലൈഫ് മിഷൻ
ഹരിതകേരളം മിഷൻ
ശുചിത്വ – മാലിന്യ സംസ്‌കരണത്തിനും മണ്ണ് – ജല സംരക്ഷണത്തിനും ഊന്നൽ നൽകുന്ന മിഷനാണ് ഹരിതകേരളം മിഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ മിഷൻ പ്രവർത്തനങ്ങൾ താഴെത്തട്ടുകളിൽ നടപ്പാക്കുന്നു. അതിജീവനത്തിനായി ജൈവവൈവിധ്യങ്ങളുടെ പച്ചത്തുരുത്ത്, പരിസ്ഥിതി പുനഃസ്ഥാപനത്തിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, പുഴകൾക്ക് പുതുജീവനേകിയും നീർച്ചാലുകൾ വീണ്ടെടുത്തും ഇനി ഞാനൊഴുകട്ടെ ക്യാമ്പയിൻ, ജലബജറ്റ്, ജല ഗുണപരിശോധന, ഗ്രീൻ ക്യാമ്പസ്, ഹരിത നിയമ സാക്ഷരത, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ, പരിസ്ഥിതി സംരക്ഷിത കാർഷിക വികസനം എന്നിവ മിഷൻറെ പ്രവർത്തനങ്ങളാണ്.
പൗരസമിതികൾ, ബഹുജന സംഘടനകൾ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ-ക്ഷേമ പ്രവർത്തന രംഗങ്ങളിലെ ജനകീയ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മതസ്ഥാപനങ്ങൾ, കമ്പനികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സാങ്കേതികസഹായം, സന്നദ്ധ സേവനം, സാമ്പത്തിക സഹായം തുടങ്ങി ബഹുവിധ സഹായസഹകരണങ്ങൾ സമാഹരിച്ചുകൊണ്ടാണ് മിഷൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഹരിതകേരളം മിഷൻ
കേരള പുനർനിർമാണ പദ്ധതി
2018 ഓഗസ്റ്റിൽ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രളയം സമസ്ത മേഖലകളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു. ദുരന്തത്തെ ഒരു വെല്ലുവിളിയായി കണ്ട് നവകേരളം പടുത്തുയർത്തുതിനും അതുവഴി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ജീവിതനിലവാരം മെച്ചപ്പെടുത്തുതിനുമായാണ് കേരള പുനർനിർമാണ പദ്ധതിക്ക് രൂപം നൽകിയത്. ഇനിയൊരു ദുരന്തത്തിനും മുന്നിൽ പകച്ച് നിൽക്കേണ്ടി വരരുതെന്ന ദൃഢനിശ്ചയത്തോടെ സാങ്കേതിക മികവുകൾ ഉറപ്പുവരുത്തി, പ്രകൃതി സൗഹൃദ നിർമ്മാണ രീതിയിൽ സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് കേരള പുനർനിർമാണ പദ്ധതി (Rebuild Kerala Initiative) യുടെ ലക്ഷ്യം.
വിശദമായ പദ്ധതിരേഖയും നിർവ്വഹണ സമയക്രമവും നിശ്ചയിച്ച് പ്രാപ്തരായ ഏജൻസികൾ വഴി പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന നിർവഹണ സമീപനമാണ് പദ്ധതിയുടേത്. കൃഷി, ജലവിഭവം, പരിസ്ഥിതി, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഗതാഗതം, മത്സ്യബന്ധനം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകൾ വഴി പദ്ധതിരേഖകൾ തയ്യാറാക്കി വിവിധ ഫണ്ടിംഗ് ഏജൻസികൾക്ക് സമർപ്പിക്കുന്നതിനുള്ള നടപടിയാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്: കേരള പുനർനിർമാണ പദ്ധതി
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 03-01-2025
ലേഖനം നമ്പർ: 1609