സംസ്ഥാനത്ത് ജനക്ഷേമ, വികസന ചരിത്രത്തിൽ മുന്നേറ്റത്തിന്റെ അധ്യായങ്ങളൊരുക്കി നാലാം വാർഷികാഘോഷവുമായി സംസ്ഥാന സർക്കാർ. 'നവകേരളം പുതുവഴികൾ' എന്ന പ്രമേയം ആസ്പദമാക്കി  2025 ഏപ്രിൽ 21 മുതൽ മെയ് 30 വരെ സംസ്ഥാനത്തുടനീളം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. മാതൃകാ വികസനത്തിന്റെ പാതയിൽ മുന്നേറുന്ന കേരളത്തിന്റെ നേട്ടങ്ങളും ജനോപകാര ക്ഷേമ പദ്ധതികളും ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 

വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനം രാജ്യത്തെ തന്നെ മികച്ച നിലവാരത്തിലെത്തിയതിന്റെ ചരിത്രവും നേടിയ അംഗീകാരങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് എങ്ങനെ ഉപയുക്തമാകുന്നുവെന്ന് ചിത്രീകരിച്ചും ജനങ്ങളെ ആകർഷിക്കാൻ വിനോദ വാണിജ്യ പരിപാടികളും ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം 'എൻറെ കേരളം' പ്രദർശന വിപണന മേളയും സംഘടിപ്പിക്കും. 

കാസർകോട് ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മേള ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഏപ്രിൽ 21 ന് കാസറഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും എന്റെ കേരളം പ്രദർശനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടങ്ങളും സംയുക്തമായാണ് എന്റെകേരളം സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലും ചുരുങ്ങിയത് 7 ദിവസം മേള സംഘടിപ്പിക്കും. കൂടാതെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല,മേഖലാതല യോഗങ്ങൾ നടക്കും. ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ,ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ, യുവജനത,വിദ്യാർത്ഥികൾ,സാംസ്‌കാരിക,കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ,വ്യവസായികൾ,പ്രവാസികൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ,സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിന്റെ ഭാഗമാകും.

കിഫ്ബിയാണ് എന്റെകേരളം മേളയുടെ അടിസ്ഥാന സൗകര്യം സജ്ജീകരിക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിപണന സ്റ്റാളുകൾ മേളയിലുണ്ടാകും. വകുപ്പുകളുടെ സ്റ്റാളുകളിൽ സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. 2500 ചതുരശ്ര അടിയിൽ ഐ&പിആർഡിയുടെ തീം പവലിയൻ ഒരുക്കും. കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള,കാർഷിക പ്രദർശനം,ഹരിത കേരള മിഷന്റെ പ്രവർത്തനം സംബന്ധിച്ച ഇൻസ്റ്റലഷൻ എന്നിവ മേളയുടെ ഭാഗമാകും. സ്റ്റാർട്ടപ്പ് മിഷൻ,ടൂറിസം,കിഫ്ബി,സ്പോർട്സ് എന്നിവയ്ക്ക് പവലിയനിൽ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്ഷോ,കാരവൻ ടൂറിസം,മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാരുടെ ലൈവ് ഡെമോൺസ്ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

എന്റെ കേരളം പ്രദർശന വിപണനമേള- പ്രോഗ്രാം ഷെഡ്യൂൾ 

എന്റെ കേരളം പ്രദർശന വിപണന മേള -2025  ഏപ്രിൽ 21 മുതൽ മെയ് 30 വരെ 

  • കാസറഗോഡ്  - പിലിക്കോട് കാലിക്കടവ് മൈതാനം : ഏപ്രിൽ 21 മുതൽ 27 വരെ 
  • വയനാട് - കൽപറ്റ എസ് കെ എം ജെ സ്‌കൂൾ : ഏപ്രിൽ 22 മുതൽ 28 വരെ
  • കോട്ടയം - നാഗമ്പടം മൈതാനം -  ഏപ്രിൽ 25 മുതൽ മെയ് 1 വരെ  
  • ഇടുക്കി - ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനം - ഏപ്രിൽ 29 മുതൽ മെയ് 5 വരെ
  • കോഴിക്കോട് - ബീച്ച് -മെയ് 3 മുതൽ 12 വരെ
  • പാലക്കാട് - ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിർ വശത്തുള്ള മൈതാനം  : മെയ് 4 മുതൽ 10 വരെ 
  • ആലപ്പുഴ - ബീച്ച് - മെയ് 6 മുതൽ 12 വരെ
  • മലപ്പുറം - കോട്ടക്കുന്ന്-മെയ് 7 മുതൽ 13 വരെ 
  • കണ്ണൂർ - പോലീസ് മൈതാനം - മെയ് 8 മുതൽ 14 വരെ
  • കൊല്ലം - ആശ്രമം മൈതാനം - മെയ് 11 മുതൽ 17 വരെ
  • പത്തനംതിട്ട - ശബരിമല ഇടത്താവളം മൈതാനം - മെയ് 16 മുതൽ 22 വരെ
  • എറണാകുളം - മറൈൻഡ്രൈവ് - മെയ് 17 മുതൽ 23 വരെ 
  • തിരുവനന്തപുരം - കനകക്കുന്ന് -  മെയ് 17 മുതൽ 23 വരെ 
  • തൃശ്ശൂർ- സ്വരാജ് ഗ്രൗണ്ട് - മെയ് 18 മുതൽ 24 വരെ 

മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ
രാവിലെ 10.30 മുതൽ 12.30 വരെ 

  • കാസറഗോഡ് : ഏപ്രിൽ 21 
  • വയനാട് : ഏപ്രിൽ 22
  • പത്തനംതിട്ട : ഏപ്രിൽ 24
  • ഇടുക്കി :  ഏപ്രിൽ 28
  • കോട്ടയം : ഏപ്രിൽ 29
  • പാലക്കാട് : മെയ് 5
  • ആലപ്പുഴ : മെയ് 6
  • എറണാകുളം : മെയ് 7
  • കണ്ണൂർ : മെയ് 9 
  • മലപ്പുറം : മെയ് 12 
  • കോഴിക്കോട് : മെയ് 13 
  • തൃശൂർ : മെയ് 14
  • കൊല്ലം :  മെയ് 22
  • തിരുവനന്തപുരം : മെയ് 23 

മുഖ്യമന്ത്രി പങ്കെടുക്കുന്ന  മേഖലാ അവലോകന യോഗങ്ങൾ
രാവിലെ 10.30 മുതൽ 12.30 വരെ 

പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം മെയ് 8 ന് പാലക്കാട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരം. 
കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം മെയ് 26 ന് കണ്ണൂർ. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മെയ് 29 ന് കോട്ടയം. 
 
മാറ്റത്തിന്റെയും പുരോഗതിയുടെയും ഭൂപടം പുതുക്കിയുള്ള യാത്രയിലാണ് ഇന്ന് കേരളം, നവകേരളം എന്ന കാഴ്ചപ്പാടിന്റെ ദിശയിൽ ദൃഢനിശ്ചയത്തോടെ മുന്നേറുന്നത്. സമൂഹത്തിന്റെ എല്ലാ തട്ടുകളെയും സമവായപ്പെടുത്തുന്ന സുസ്ഥിര വികസന മാതൃകയാണ് സർക്കാർ രൂപകൽപന ചെയ്യുന്നതും, അതിന്റെ പൂർണ്ണതയോടെ നടപ്പിലാക്കുകയും ചെയ്യുന്നത്.

വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക ഐക്യം, ക്ഷേമം, വ്യവസായം തുടങ്ങി അനേകം മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ 'എൻറെ കേരളം' പ്രദർശനത്തിലൂടെ ജനങ്ങളിലേക്ക് സമഗ്രമായി എത്തിക്കും. 'നവകേരളം പുതുവഴികൾ' എന്ന ദൗത്യത്തിന്റെ ആശയവും ലക്ഷ്യവും ഈ പരിപാടിയിലൂടെ പൊതുസമൂഹത്തിലെത്തിച്ച്, കേരളത്തിന്റെ വികസനഗാഥയെ കൂടുതൽ ജനകീയമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-19 16:20:24

ലേഖനം നമ്പർ: 1752

sitelisthead