ജനക്ഷേമവും സാമ്പത്തിക ഉത്തരവാദിത്തവും വികസനവും ഒരേസമയം ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹിക നീതിയിലും ഊന്നൽ നൽകുന്ന സമഗ്ര ധനരേഖയായാണ് കേരള ബജറ്റ് 2026–27 അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് മുൻഗണന നൽകുന്നതിനോടൊപ്പം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ തൊഴിൽ സൃഷ്ടി, നവസാങ്കേതിക മേഖലകളിലെ മുന്നേറ്റം എന്നിവ കൂടി ഉറപ്പാക്കുന്ന രീതിയിലുള്ളതാണ് ഈ ബജറ്റ്.

2026–27 സാമ്പത്തിക വർഷത്തിൽ 1.82 ലക്ഷം കോടി രൂപ റവന്യൂ വരുമാനവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്നതായാണ് ബജറ്റിൽ വ്യക്തമാക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി 30,961.48 കോടി രൂപയുടെ എഫക്ടീവ് മൂലധന ചെലവ് വകയിരുത്തിയിട്ടുണ്ട്. ധനകാര്യ ശാസ്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് സാമ്പത്തിക പുനരുജ്ജീവനവും വളർച്ചയും കൈവരിക്കുകയെന്നതാണ് ബജറ്റിന്റെ മുഖ്യ സമീപനം. 

ധനകാര്യ സ്ഥിതിവിവരക്കണക്കുകളും വരുമാന വർധന ലക്ഷ്യങ്ങളും

ബജറ്റിൽ 34,587 കോടി രൂപയുടെ റവന്യൂ കമ്മി (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം)യും 55,420 കോടി രൂപയുടെ ധനക്കമ്മി (GSDP-യുടെ 3.4 ശതമാനം)യുമാണ് കണക്കാക്കുന്നത്. അതേസമയം, റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർധനവ് ലക്ഷ്യമിടുന്നു. തനത് നികുതി വരുമാനം 10,271.51 കോടി രൂപയും, നികുതിയേതര വരുമാനം 1,595.05 കോടി രൂപയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണ നടപടികൾ രൂപപ്പെടുത്തിയിരിക്കുന്നത്.


തൊഴിലാളി–ജീവനക്കാരുടെ ക്ഷേമം

സാമൂഹിക സേവന മേഖലയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഭാവന അംഗീകരിക്കുന്നതിന്റെ ഭാഗമായി ബജറ്റിൽ വൻതോതിലുള്ള വേതന–പെൻഷൻ വർധനവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 1000 രൂപ, അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ, ആശാ വർക്കർമാർക്കും പ്രീ-പ്രൈമറി അധ്യാപകർക്കും 1000 രൂപ വീതം വേതന വർധനവ് അനുവദിച്ചു. സാക്ഷരതാ പ്രേരക്മാർക്കും ഇതേ തോതിൽ പ്രതിമാസ വർധനവ് നൽകും. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ വർധിപ്പിക്കുകയും, കരാർ/ദിവസവേതന ജീവനക്കാരുടെ വേതനത്തിൽ 5 ശതമാനം വർധനവ് നടപ്പാക്കുകയും ചെയ്യുന്നു. പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 1500 രൂപ ഉയർത്തിയതും, ലൈബ്രേറിയൻമാരുടെ അലവൻസ് 1000 രൂപ വർധിപ്പിച്ചതും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.

ശമ്പള പരിഷ്കരണവും DA/DR വിതരണം

അഞ്ചുവർഷ തത്വം പാലിച്ചുള്ള ശമ്പള പരിഷ്കരണം ഇടതുപക്ഷ സർക്കാരുകളുടെ നയമാണെന്ന് ബജറ്റ് വീണ്ടും ആവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിക്കുകയും, മൂന്നു മാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാർുടെയും അവശേഷിക്കുന്ന DA, DR ഗഡുക്കൾ പൂർണ്ണമായും നൽകും. ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കുകയും, ശേഷിക്കുന്ന ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകുകയും ചെയ്യും. DA/DR കുടിശ്ശിക ഘട്ടംഘട്ടമായി തീർപ്പാക്കും; ആദ്യ ഗഡു ബജറ്റ് വർഷം തന്നെ അനുവദിക്കും. സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കുന്നതും ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അഷ്വേർഡ് പെൻഷൻ: സാമൂഹിക സുരക്ഷയുടെ പുതിയ മാതൃക

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി 2026 ഏപ്രിൽ 1 മുതൽ നടപ്പാക്കും. ഇതിലൂടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ പരമാവധി പെൻഷൻ ഉറപ്പാക്കുകയും, അഷ്വേർഡ് പെൻഷനിൽ DR അനുവദിക്കുകയും ചെയ്യും. നിലവിലെ NPS-ൽ നിന്ന് അഷ്വേർഡ് പെൻഷനിലേക്ക് മാറുന്നതിനുള്ള ഓപ്ഷനും ജീവനക്കാർക്ക് ലഭ്യമാകും.

ആരോഗ്യവും സാമൂഹിക സുരക്ഷയും

ആരോഗ്യരംഗത്ത് ബജറ്റ് പ്രത്യേക ശ്രദ്ധ നൽകുന്നു. കാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയരോഗ ബാധിതർക്കുള്ള പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു. റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘ലൈഫ് സേവർ’ പദ്ധതി നടപ്പാക്കും.
അപൂർവ്വരോഗ ചികിത്സയ്ക്കുള്ള KARE പദ്ധതി വഴി സ്പൈനൽ മസ്കുലാർ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാൻ 30 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിൽ മെനോപ്പോസ് ക്ലിനിക്കുകൾ സ്ഥാപിക്കാൻ 3 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 14,500 കോടി രൂപ വകയിരുത്തിയതിലൂടെ സാമൂഹിക സുരക്ഷയോടുള്ള സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത ബജറ്റ് പ്രകടിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനം

സംസ്ഥാനത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. തിരുവനന്തപുരം–അങ്കമാലി എം.സി റോഡ് വികസനത്തിന് 5,217 കോടി രൂപയുടെ KIIFB പദ്ധതി നടപ്പാക്കും. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ തുടങ്ങിയ പട്ടണങ്ങളിൽ ബൈപാസുകളും ജംഗ്ഷൻ വികസനങ്ങളും പദ്ധതിയുടെ ഭാഗമാണ്. തിരുവനന്തപുരം–കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി അനുവദിച്ചു. ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ ഫിനാൻസ് ടവർ സ്ഥാപിക്കും. GST സംവിധാനത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളെ അത്യാധുനിക നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനും ബജറ്റ് ലക്ഷ്യമിടുന്നു.

തൊഴിൽ, നവസാങ്കേതികത, വ്യവസായം

യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ‘Connect to Work’ സ്കോളർഷിപ്പ് പദ്ധതിക്ക് 400 കോടി രൂപ അനുവദിച്ചു. വർക്ക് നിയർ ഹോം പദ്ധതി വിപുലീകരിക്കാൻ 150 രൂപ കോടി നീക്കിവെച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ ചവറയിൽ സ്ഥാപിക്കുന്നതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും ഏകദേശം 50,000 കോടി രൂപയുടെ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ക്രിറ്റിക്കൽ മിനറൽ മിഷൻ, പ്രതിരോധ ഇടനാഴി, കൊച്ചി ഇൻഫോ പാർക്കിലെ AI–സൈബർ വാലി (PPP), തൊഴിൽ പരിശീലനത്തിനായുള്ള ആഗോള സ്കൂൾ തുടങ്ങിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

തദ്ദേശ സ്വയംഭരണം, സാമൂഹികവും സാംസ്കാരികവും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ട് 3,237 കോടി രൂപ, മെയിന്റനൻസ് ഫണ്ട് 4,316 കോടി രൂപ, പ്ലാൻ ഫണ്ട് 10,189 കോടി രൂപ എന്നിങ്ങനെ വൻതോതിലുള്ള ധനസഹായം അനുവദിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കൗൺസിലർമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കുമെന്നും, മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമനിധി രൂപീകരിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. സംസ്കാര-ഗവേഷണ രംഗത്ത് വി.എസ്. അച്യുതാനന്ദന്റെ സ്മരണാർത്ഥം വി.എസ് സെന്റർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം II ചരിത്ര ഗവേഷണ കേന്ദ്രം, അയ്യങ്കാളി പഠന കേന്ദ്രം, കാവാരികുളം കണ്ടൻ കുമാരൻ പഠന കേന്ദ്രം, മാർ ഇവാനിയോസ് മ്യൂസിയം, കേരള കലാകേന്ദ്രം, CDS-നെ മികവിന്റെ കേന്ദ്രമാക്കൽ തുടങ്ങിയ പദ്ധതികൾക്കും ബജറ്റ് പിന്തുണ നൽകുന്നു.

വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടന്‍ പ്രഖ്യാപിക്കും. ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റില്‍ ഉണ്ട്. സാമൂഹിക പെൻഷനുകൾക്കായി 14,500 കോടി രൂപ മാറ്റിവെച്ചും, തൊഴിലുറപ്പ് പദ്ധതിക്ക് അധികമായി 1000 കോടി അനുവദിച്ചും സാധാരണക്കാരന്റെ കൈകളിൽ പണമെത്തിക്കാനും സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് ഈ ബജറ്റ് ശ്രമിക്കുന്നത്. സാമൂഹിക നീതിയും സാമ്പത്തിക ശാസ്ത്രവും വികസന ദർശനവും ഒരുമിച്ചു ചേർത്ത ധനരേഖയാണ് കേരള ബജറ്റ് 2026–27. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ ദീർഘകാല വളർച്ച ഉറപ്പാക്കുന്നതിനും ഈ ബജറ്റ് നിർണായക പങ്ക് വഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ബജറ്റ് പ്രഖ്യാപനങ്ങൾ ചുരുക്കത്തിൽ:


1.    അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

2.    അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി

3.    ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

4.    പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

5.    സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ വര്‍ധിപ്പിച്ചു

6.    സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

7.    കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദിന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി

8.    പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു

9.    ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു

10.    കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു

11.    ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കും

12.    12th Pay Revision കമ്മീഷന്‍ പ്രഖ്യാപിച്ചു.  3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും

13.    സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗ‍ഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും

14.    ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും

15.    അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും

16.    സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.

17.    പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍

18.    അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും 

19.    അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡി.ആര്‍ അനുവദിക്കും

20.    നിലവിലെ NPS-ല്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടാകും

21.    മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ

22.    കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി രൂപ

23.    ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3 കോടി രൂപ

24.    അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി രൂപ

25.    കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി രൂപ

26.    മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി രൂപ

27.    ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി രൂപ

28.    കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി രൂപ

29.    റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ

30.    അപൂര്‍വ്വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി രൂപ

31.  തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി

32.    കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം

33.    തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ

34.    ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും

35.    വില്‍പ്പന നികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും

36.    കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി രൂപ

37.    മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി രൂപ

38.    മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടി രൂപ

39.    ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി രൂപ 

40.    നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും 5 കോടി രൂപ

41.    കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി രൂപ

42.    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടി രൂപയും മെയിന്റനന്‍സ് ഫണ്ട് 4316 കോടി രൂപയും പ്ലാന്‍ ഫണ്ട് 10,189 കോടി രൂപയും

43.    പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും

44.    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും

45.    വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും.  ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും

46.    ക്രിറ്റിക്കല്‍ മിനറല്‍ മിഷന് 100 കോടി രൂപ

47.    പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി രൂപ

48.    പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി രൂപ

49.    തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി രൂപ

50.    വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി രൂപ

51.    ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷ്യല്‍ എൻറിച്ച്മെന്റ് പദ്ധതിയ്ക്ക് 60 കോടി രൂപ

52.    ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി രൂപ

53.    പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ

54.    ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്

55.    ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന‍്‍‍ 20 കോടി രൂപ

56.    തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി രൂപ

57.    റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി രൂപ

58.    വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി രൂപ

59.    അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും

60.    1 മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 15 കോടി രൂപ

61.    കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി രൂപ

62.    കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി രൂപ

63.    സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി രൂപ

64.    കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-29 15:07:40

ലേഖനം നമ്പർ: 1954

sitelisthead