വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരമുള്ള നാടാക്കി കേരളത്തെ പരിവർത്തനം ചെയ്യുന്നതിന്, സംസ്ഥാന സർക്കാർ 'നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ ബൃഹത്തും സമഗ്രവുമായ വികസനക്ഷേമ പഠന പരിപാടി നടപ്പാക്കുന്നു. സംസ്ഥാനത്തിൻ്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകുന്നതിനായി, ജനങ്ങളിലേക്കെത്തി അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട് വികസന ചർച്ചകളിൽ പങ്കുചേർത്തും, പൗരൻമാരെ നയരൂപീകരണത്തിൻ്റെ ഘടകമാക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്താകെ സന്നദ്ധസേനാ അംഗങ്ങൾ ജനങ്ങൾക്ക് അരികിലെത്തിയാണ് ഈ പഠനം നടത്തുക. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മാംശത്തിൽ കേൾക്കുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുകയും ചെയ്യും. എല്ലാ കുടുംബങ്ങളിൽ നിന്നും വികസനക്ഷേമ പദ്ധതികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും തേടി, സമയബന്ധിതമായി മുഴുവൻ കുടുംബങ്ങളിലും പദ്ധതികളുടെ ഗുണഫലം എത്തിക്കാനുള്ള കർമപദ്ധതിക്ക് പഠനത്തിന്റെ ഭാഗമായി രൂപം നൽകും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിലേയ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയിൽ പങ്കുചേരാനും ഈ നാട്ടിലെ ഓരോ പൗരനും ഇതിലൂടെ അവസരം ലഭിക്കും.
2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേനാ അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി വാർഡ് അടിസ്ഥാനത്തിലാണ് അഭിപ്രായം തേടുക. ഓരോ വാർഡിലും നാല് സന്നദ്ധപ്രവർത്തകരെ സംസ്ഥാന സാമൂഹ്യ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് നിയോഗിക്കും. എൻ.എസ്.എസ്. വളണ്ടിയർമാർ, എൻ.സി.സി. കേഡറ്റുകൾ, പ്രൊഫഷണൽ വിദ്യാർഥികൾ എന്നിവർക്കും ഈ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ അവസരമുണ്ടാകും. പഠനത്തിന്റെ ഭാഗമാകുന്ന ഇവർക്ക് അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൽകും.
സന്നദ്ധപ്രവർത്തകർ വീടുകൾ, ഫ്ളാറ്റുകൾ, വാസസ്ഥലങ്ങൾ, ഉന്നതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ-വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽശാലകൾ, കുടുംബശ്രീ, തൊഴിലുറപ്പ്, ബസ്/ ഓട്ടോ/ടാക്സി സ്റ്റാൻഡ്, വായനശാല, ക്ലബ്ബ്, മറ്റു കൂട്ടായ്മകൾ എന്നിവിടങ്ങൾ സന്ദർശിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കും. വികസന ആവശ്യങ്ങൾ, നിലവിൽ നടപ്പാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ, സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും തുടങ്ങിയവ റിപ്പോർട്ടിൻ്റെ ഭാഗമാകും. കൂടാതെ സാമൂഹ്യജീവിതത്തിലെ വ്യത്യസ്ത പ്രശ്നങ്ങളും ഉൾപ്പെടുത്തി തയാറാക്കുന്ന പഠന റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും.
പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനതല ഉപദേശകസമിതി രൂപീകരിച്ചുണ്ട്. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ ഐ.എം.ജി., പ്രൊഫസർ ഐ.ഐ.എം. കോഴിക്കോട് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതിയിലെ അംഗങ്ങൾ. സംസ്ഥാനതല ഉപദേശകസമിതിയെ കൂടാതെ സംസ്ഥാനതല നിർവഹണ സമിതിയും നിലവിൽ വരും. തദ്ദേശസ്ഥാപന– അസംബ്ലി– ജില്ലാതലങ്ങളിലും ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കും. സംസ്ഥാന സമിതിക്ക് സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് ഉചിതമായ ശിപാർശ സമർപ്പിക്കാൻ തിരുവനന്തപുരം ഐ.എം.ജി.യിൽ പ്രത്യേക സംവിധാനമൊരുക്കും. സംസ്ഥാനതല നിർവഹണസമിതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം കേരളത്തിന്റെ സമഗ്രവികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന നവോത്ഥാനപദ്ധതിയാണ്. ജീവിത നിലവാരസൂചികയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ വ്യാവസായിക അടിസ്ഥാനസൗകര്യ മേഖലകളിൽ കുടുതൽ വികസനമൊരുക്കുന്നതിന് സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം പുതിയ ദിശ നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-15 15:45:28
ലേഖനം നമ്പർ: 1890