കേരളത്തിന്റെ സർവതലസ്പർശിയായ നേട്ടങ്ങളും വികസന മുന്നേറ്റങ്ങളും ജനകീയവത്കരിച്ചു ഭാവി നേട്ടങ്ങളിലേക്ക് നവാശയം രൂപീകരിക്കുന്നതിനായി സംസ്ഥാനത്ത് വികസന സദസ്സുകൾക്ക് തുടക്കമായി. കേരളമിന്നോളം ആർജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെ കുറിച്ച് ചർച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവയാണ് ഈ വികസന സദസ്സുകൾ. പൊതുജനങ്ങൾക്ക് ക്രിയാത്മകമായ വികസനാശയങ്ങൾ സർക്കാരിലേക്ക് എത്തിക്കാനും അവയ്ക്ക് പ്രായോഗിക രൂപം നൽകുന്നതിനും പൊതുജന പിന്തുണ ഉറപ്പാക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തിന്റെ വികസനയാത്രയെ പൊതുസമൂഹത്തിനുമുന്നിൽ അടയാളപ്പെടുത്തുന്നതിനായി, 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെ തദ്ദേശസ്വയംഭരണ വകുപ്പ്, വിവര-പൊതുജനസമ്പർക്ക വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വികസന സദസ്സ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തിലുള്ള വികസന നേട്ടങ്ങൾക്കു പുറമെ പ്രാദേശിക തലത്തിലുള്ള വികസന നേട്ടങ്ങളും അവതരിപ്പിക്കപ്പെടും. വികേന്ദ്രീകൃത ആസൂത്രണത്തിൽ രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരള സംസ്ഥാനത്തിന്റെ മറ്റൊരു മാതൃകാപരമായ നാഴികക്കല്ലാണ് വികസന സദസ്സുകൾ.
ഇന്നോളമുള്ള പ്രാദേശിക വികസന നേട്ടങ്ങളെ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് ആവശ്യമായ ജനാഭിപ്രായവും നൂതനാശയങ്ങളും സമാഹരിക്കുന്നതിനും വികസന സദസ്സ് അവസരം ഒരുക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ കേരളത്തിന്റെ മുന്നോട്ടുള്ള വികസനഗതിയ്ക്ക് പദ്ധതികളും നിർദേശങ്ങളും രൂപപ്പെടുത്തുക എന്നതാണ് വികസന സദസ്സിന്റെ പ്രധാന ലക്ഷ്യം. സർക്കാർ പദ്ധതികൾ മുഖേന തദ്ദേശതലത്തിൽ നടപ്പാക്കിയ വിജയ-വികസന മാതൃകകൾ പ്രദേശിക ഭരണകൂട തലത്തിൽ വേദിയിൽ ചർച്ച ചെയ്യും. വികസനപുരോഗതിയും തുടർപ്രവർത്തനങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് ചർച്ചയിലൂടെയാണ് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുക. പൊതുജനങ്ങൾക്കൊപ്പം വിവിധ തലങ്ങളിലെ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. സർക്കാരിൻറെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദർശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശം, ഓരോ തദ്ദേശഭരണ സ്ഥാപനത്തിൻറെയും വികസന നേട്ടങ്ങളുടെ അവതരണം, ഓപ്പൺ ഫോറം എന്നിവയുണ്ടാകും.
വികസന സദസ്സിലെ ചർച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സർക്കാരിന് സമർപ്പിക്കും. പരിപാടിയോടനുബന്ധിച്ച് അതത് തദ്ദേശസ്ഥാപനങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷനും കെ-സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കും സജ്ജീകരിക്കും. വിജ്ഞാന കേരളം ജോബ് ഫെയറും സംഘടിപ്പിക്കും. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങി വികസനപ്രവർത്തനങ്ങളിൽ പങ്കാളികളായവരെ വികസന സദസ്സിൽ ആദരിക്കും. സംസ്ഥാന, തദ്ദേശതല വികസനം സംബന്ധിച്ച് പൊതുവായ പ്രതികരണങ്ങളും നിർദേശങ്ങളും ശേഖരിച്ച് ക്രോഡീകരിക്കുകയാണ് വികസന സദസ്സിലൂടെ നടപ്പാക്കുന്നത്. വികസന സദസ്സിലെ ചർച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സർക്കാരിന് സമർപ്പിക്കും.
കേരളത്തിന്റെ ഭാവി വികസനപാത ജനകീയ പങ്കാളിത്തത്തിലൂടെ കൂടുതൽ സുസ്ഥിരമാക്കാനുള്ള പ്രവർത്തനങ്ങളാണ് വികസന സദസ്സിലൂടെ നടപ്പാക്കുന്നത്. പ്രാദേശിക തലത്തിൽ കൈവരിച്ച നേട്ടങ്ങളെ സമൂഹവുമായി പങ്കുവെച്ച്, പുതിയ ആശയങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന ഈ വേദി, സർക്കാരിന്റെ വികസനനയങ്ങൾക്ക് കൂടുതൽ ശക്തിയും ദിശയും നൽകും. ജനങ്ങളും ഭരണകൂടവും ചേർന്നുള്ള സംവാദത്തിന്റെ ശക്തിയിലൂടെ, നാളെയുടെ കേരളത്തിന് നവോത്ഥാനപൂർണവും സമഗ്രവുമായൊരു വികസന മാതൃക രൂപപ്പെടുമെന്നാണ് വികസന സദസ്സിലൂടെ പ്രതീക്ഷിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-22 16:19:54
ലേഖനം നമ്പർ: 1862