കേരളത്തിന്റെ വികസന ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് രണ്ടാംഘട്ട വികസനത്തിന് തുടക്കം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആഗോള സമുദ്ര ചരക്കുനീക്കത്തില്‍ ദക്ഷിണേഷ്യയുടെ തന്ത്രപരമായ വ്യാപാര കവാടമായി മാറിയ വിഴിഞ്ഞത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഏകദേശം 9,700 കോടി രൂപയുടെ ബൃഹത്തായ നിക്ഷേപത്തിലൂടെ വിഴിഞ്ഞം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി മാറുകയാണ്.
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സമ്പൂര്‍ണ്ണ വികസനം 2028-ഓടെ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് പൂര്‍ത്തിയാക്കും. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 710 കപ്പലുകളെ സ്വീകരിക്കാന്‍ കഴിഞ്ഞത് വിഴിഞ്ഞത്തിന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്നു.
രണ്ടാംഘട്ടത്തിലെ പ്രധാന വികസന ലക്ഷ്യങ്ങള്‍
നിലവിലെ 10 ലക്ഷം TEU കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 50 ലക്ഷം TEU ആയി ഉയരും. 28,000 TEU വരെ ശേഷിയുള്ള ലോകത്തിലെ ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട ഭീമന്‍ കപ്പലുകളെ സ്വീകരിക്കാന്‍ ഇതോടെ വിഴിഞ്ഞം സജ്ജമാകും.
തുറമുഖത്തെ ബെര്‍ത്തിന്റെ നീളം നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്ററായി വര്‍ദ്ധിപ്പിക്കും. കടലിലെ തിരമാലകളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള ബ്രേക്ക് വാട്ടറിന്റെ (പുലിമുട്ട്) നീളം 3 കിലോമീറ്ററില്‍ നിന്ന് 4 കിലോമീറ്ററായി ഉയര്‍ത്തും. ബെര്‍ത്തിന്റെ വിപുലീകരണത്തോടെ ഒരേസമയം നാല് കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് വിഴിഞ്ഞത്ത് അടുക്കാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേരായ ബെര്‍ത്ത് ഉള്ള തുറമുഖമായി വിഴിഞ്ഞത്തെ മാറ്റും.
രണ്ടാംഘട്ട വികസനത്തിനായി അധികമായി ഭൂമി ഏറ്റെടുക്കാതെ കടലില്‍ നിന്ന് 55 ഹെക്ടര്‍ ഭൂമി നികത്തിയെടുക്കും. കണ്ടെയ്‌നര്‍ യാര്‍ഡിന്റെ ശേഷി 35,000-ല്‍ നിന്ന് ഒരു ലക്ഷമായി വര്‍ദ്ധിപ്പിക്കും. തുറമുഖം കേവലം ഒരു ചരക്ക് കൈമാറ്റ കേന്ദ്രം എന്നതിലുപരി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന വിവിധ പദ്ധതികള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് സമീപമായതിനാല്‍, ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍ വലിയ കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞത്തെ ആശ്രയിക്കാം. ഇത് സംസ്ഥാനത്തിന് വലിയ രീതിയിലുള്ള നികുതി വരുമാനം ഉറപ്പാക്കും. ആധുനിക ക്രൂയിസ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ലോകത്തിലെ വന്‍കിട യാത്രാക്കപ്പലുകള്‍ കേരള തീരത്തേക്ക് എത്തുന്നതോടെ ടൂറിസം വരുമാനവും വര്‍ദ്ധിക്കും.
റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ടാങ്ക് ഫാം എന്നീ സൗകര്യങ്ങള്‍ സജ്ജമാകുന്നതോടെ റോഡ്-റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ചരക്കുനീക്കം സുഗമമാകും. തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കായി കിന്‍ഫ്ര (KINFRA) വഴി ഭൂമി ഏറ്റെടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. പുതിയ ഷിപ്പിംഗ്, ലോജിസ്റ്റിക് കമ്പനികള്‍ വിഴിഞ്ഞത്തേക്ക് എത്തുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നവകേരളത്തിന്റെ അഭിമാന പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആഗോളതലത്തില്‍ ഇതിനോടകം തന്നെ പ്രശസ്തിയിലേക്ക് ഉയർന്നുകഴിഞ്ഞു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-23 16:48:35
ലേഖനം നമ്പർ: 1949