രാജ്യത്തിന്റെ വ്യവസായ-വാണിജ്യ രംഗത്തെ വികസനകൾ പ്രദർശിപ്പിക്കുന്ന 44-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിന് (IITF) ഡൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്നതാണ് ഈ വർഷത്തെ മേളയുടെ ആശയം. 2025 നവംബർ 14 മുതൽ 27 വരെയാണ് വ്യാപാരമേള സംഘടിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെ സുസ്ഥിരമായ വ്യവസായ-വാണിജ്യ മേഖലയിലെ വികസനങ്ങളാണ് അന്താരാഷ്ട്ര വ്യാപാരമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള പവലിയനും വ്യാപാരമേളയുടെ ഭാഗമാകും. നാലാം നമ്പർ ഹാളിലാണ് 299 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കേരള പവലിയൻ ഒരുക്കിയിരിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പവലിയന്റെ മേൽനോട്ടം വഹിക്കുന്നത്. പ്രദർശന നഗരിയിലെ 27 സ്റ്റാളുകളിലും കേരളത്തിന്റെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആണ് പ്രദർശിപ്പിച്ചിട്ടുള്ളത്. 

സാംസ്‌കാരിക വകുപ്പ്, കേരള ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാന്റ് ലൂം ആൻഡ് ടെക്സ്റ്റയിൽസ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോർക്ക, ഫാം ഇൻഫർമേഷൻ ബ്യൂറോ, കുടുംബശ്രീ, ഹാൻടെക്സ്, കയർ മാർക്കറ്റിങ് ഫെഡറേഷൻ, ഫിഷറീസ് (സാഫ്), അതിരപ്പള്ളി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഹാൻഡി ക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ (കൈരളി), ഹാൻവീവ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഔഷധി, വിനോദസഞ്ചാര വകുപ്പ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനിൽ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. നവംബർ 18 വരെയുള്ള ദിവസങ്ങൾ ബിസിനസ് കാര്യങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശകർക്കായി പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

സ്വയംപര്യാപ്തത, അഭിവൃദ്ധി, വികസനം, നവീനവും, സുസ്ഥിരവും എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടുള്ള ഭരണ സംവിധനത്തിലൂടെയുള്ള സാമ്പത്തിക വളർച്ച, സാമൂഹ്യ പുരോഗതി എന്നിവയാണ് മേളയിൽ കേരളം പ്രതിനിധാനം ചെയ്യുന്നത്. വളർച്ചാ സൂചികയിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ച സാങ്കേതിക മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഗ്രീൻ എനർജി, വ്യവസായ സൗഹൃദനയമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവയെല്ലാം പവലിയൻ ഒരുക്കാനുള്ള ആശയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മേളയുടെ ഭാഗമായി പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടേയും സേവനങ്ങളുടേയും വിവരങ്ങൾ നൽകുന്ന എൻറോൾമന്റ് സെന്റർ സ്റ്റാൾ നമ്പർ 11-ൽ സജ്ജമാക്കിയിട്ടുണ്ട്. ഈ സ്റ്റാളുകളിൽ വെച്ച് നോർക്ക കെയർ, നോർക്ക ഐ.ഡി കാർഡ് എന്നിവയുടെ എൻറോൾമന്റ് സൗകര്യം പ്രവാസി കേരളീയർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. കേരളത്തിന്റെ രുചിവൈവിധ്യമൊരുക്കി കുടുംബശ്രീയും സാഫും ഭക്ഷണശാലകൾ ഒരുക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ച്  വിവിധ കലാപരിപാടികളും അരങ്ങേറും. കോഴിക്കോട് ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് (ജി.ഐ.ടി സെസ്റ്റ് ) ആണ് കേരള പവലിയന്റെ രൂപകൽപനയും നിർമാണവും നിർവഹിച്ചിട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-11-18 11:40:19

ലേഖനം നമ്പർ: 1914

sitelisthead