അറിവിന്റെ ജനാധിപത്യം ആഘോഷമാക്കാനൊരുങ്ങി സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ ചിന്തകളുടെ സംഗമസ്ഥാനമായ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് . പുരോഗതിയിലേക്കുള്ള അറിവിന്റെ ഒഴുക്ക് (Knowledge Flow for Progress )  എന്ന ആശയം ആധാരമാക്കി സംഘടിപ്പിക്കുന്ന പുസ്തകോത്സവം വായന, സംവാദം, മത്സരങ്ങൾ , കലാപരിപാടികൾ എന്നിവയുടെ വേദിയാകും.  2026 ജനുവരി‍ 7 മുതല്‍ 13 വരെ നിയമസഭ സമുച്ചയത്തിലാണ്  പുസ്തകോത്സവം നടക്കുന്നത്. പൊതുജനങ്ങൾക്ക് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളില്‍ കേരള നിയമസഭ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.  

ഇരുന്നൂറിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 250ലേറെ സ്റ്റാളുകളാണ് ഉൾപെടുത്തിയിരിക്കുന്നത്. തസ്ലിമ നസ്രിന്‍, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് തുടങ്ങി ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഒപ്പം,  മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.  
 
പുസ്തക പ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍,  പ്രഭാഷണങ്ങള്‍ എന്നിങ്ങനെ ആറ് വേദികളിലായി, നിരവധി പരിപാടികൾ പുസ്തകോത്സവത്തിന്റെ ഭാഗമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോര്‍ണറില്‍ നിരവധി പ്രമുഖര്‍ കുട്ടികളുമായി സംവദിക്കും. പപ്പറ്റ് ഷോകള്‍, മാജിക് ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവ സ്റ്റുഡന്റ് കോര്‍ണര്‍ വേദിയെ ആകര്‍ഷകമാക്കും.  പ്രസാധകര്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും നിയമസഭയിലെ മൂന്ന്  വേദികളിലായി നടക്കും. നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭാ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭ ഹാളില്‍വച്ച് നടക്കും.

ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാക്കി മാറ്റും. പുസ്തകോത്സവരാവുകളെ വര്‍ണ്ണാഭമാക്കുന്ന മെഗാഷോകള്‍, കേരളത്തിന്റെ രുചിവൈവിധ്യമറിയാന്‍ ഭക്ഷ്യമേള, ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൈയ്യൊപ്പ് വാങ്ങാന്‍ അവസരം തുടങ്ങിയവ പുസ്തകോത്സവത്തെ അറിവിന്റെ ആഘോഷമാക്കി മാറ്റും. 

അറിവ്, ജ്ഞാനം, പൈതൃകം എന്നിവയുടെ പ്രതീകമായ ഒരു പുസ്തകത്തെ കേന്ദ്രബിന്ദുവാക്കിയാണ് പുസ്തകോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “പുരോഗതിയിലേക്കുള്ള അറിവിന്റെ ഒഴുക്ക്” എന്ന ആശയമാണ് ലോഗോയുടെ ആധാരം. പുസ്തകത്തിൽ നിന്നുയരുന്ന അമ്പുകൾ അരുവികൾപോലെ ശാഖകളായി മാറുന്നത് വളർച്ച, പുരോഗതി, മുന്നോട്ടുള്ള ചലനം എന്നിവയെ സൂചിപ്പിക്കുന്നു. ഒഴുകുന്ന ഈ അരുവികൾ വൈവിധ്യമാർന്ന ശബ്ദങ്ങളുടെയും സംസ്കാരങ്ങളുടെയും സ്വീകാര്യതയെയും പ്രതിനിധീകരിക്കുന്നു. 

സാമൂഹിക ഉത്തരവാദിത്തമില്ലാത്ത അറിവ് അർത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, എല്ലാ പൗരന്മാരുടെയും ക്ഷേമം ലക്ഷ്യമാക്കി സാമൂഹിക പ്രതിബദ്ധതയോടെയാണ് പുസ്തകോത്സവവും ബന്ധപ്പെട്ട പരിപാടികളും നിയമസഭാ സംഘടിപ്പിക്കുന്നത്. ജനങ്ങൾ പ്രബുദ്ധരാകുന്നില്ലെങ്കിൽ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ശ്രമം നിരർത്ഥകമാണെന്ന ബോധ്യമുള്ള സംസ്ഥാനത്തിന്റെ മറ്റൊരു മികച്ച മാതൃകയാണ് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം.

Kerala Legislature International Book Festival

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-24 12:02:14

ലേഖനം നമ്പർ: 1923

sitelisthead