മുണ്ടക്കൈ–ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിർമിച്ച വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. അതിജീവിതർക്ക് സുരക്ഷിതവും വാസയോഗ്യവുമായ ഇടം ഒരുക്കുന്നതിനായി വയനാട് ജില്ലയിലെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, തൊഴിലാളികൾ എന്നിവരുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാക്കിയത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി വീണ്ടെടുത്ത് സുസ്ഥിര ജനജീവിതം കെട്ടിപ്പടുക്കുക എന്ന ബൃഹത്തായ ലക്ഷ്യവും ടൗൺഷിപ്പ് പദ്ധതിയുടെ ഭാ​ഗമാണ്.

ടൗൺഷിപ്പിൽ ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൊത്തം 1662 ലധികം ആളുകൾക്കാണ് വീടൊരുങ്ങുന്നത്. ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ കൈമാറുന്നത്.

1000 ചതുരശ്രയടി വിസ്തൃതിയിൽ ഒറ്റനിലയായി നിർമിച്ച വീടുകൾ ഭാവിയിൽ ഇരുനിലയായി വികസിപ്പിക്കാനാകുന്ന വിധത്തിലാണ് രൂപകൽപ്പന. പ്രധാന കിടപ്പുമുറി, രണ്ട് അധിക മുറികൾ, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാകുന്ന സുസ്ഥിര നിർമ്മാണ മാനദണ്ഡങ്ങളാണ് നിർമാണത്തിൽ പിന്തുടർന്നിരിക്കുന്നത്.

വീടുകൾക്കൊപ്പം പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നു. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന–വാക്സിനേഷൻ–ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ എന്നിവ സജ്ജീകരിക്കും. പൊതുമാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികളുടെ കളിസ്ഥലം, പാർക്കിങ് സൗകര്യം എന്നിവ ഉണ്ടാകും. കമ്മ്യൂണിറ്റി സെന്ററിൽ മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്, കളിസ്ഥലം, ഓപ്പൺ എയർ തിയേറ്റർ എന്നിവയും ഉൾപ്പെടും.

ടൗൺഷിപ്പ് നിർമ്മാണത്തിനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 2025 മാർച്ച് 27-ന്  ടൗൺഷിപ്പിന് തറക്കല്ലിട്ടു. ശേഷിക്കുന്ന ഘട്ടങ്ങളുടെയും നിർമാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ദുരന്തബാധിതരുടെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഭാവി ഉറപ്പാക്കാനുള്ള സർക്കാരിന്റെ കരുതലിന്റെ പ്രതിഫലനമാണ് വയനാട് മാതൃകാ ടൗൺഷിപ്പ്. പുനരധിവാസത്തെ ആത്മവിശ്വാസത്തിന്റെയും നവജീവിതത്തിന്റെയും തുടക്കമായി മാറ്റുന്ന ഒരു മാതൃകാപദ്ധതി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1968

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo