സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങൾ, നീതി, അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നത് ന്യായവും ഉൾകൊള്ളലുമുള്ള
ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് പിന്തുണനൽകികൊണ്ട് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി അവകാശങ്ങൾ. നീതി. പ്രവർത്തനം" എന്ന പ്രമേയത്തിന് കീഴിലാണ് ഐക്യരാഷ്ട്രസഭ 2026-ലെ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റേയും, നീതി ലഭ്യമാക്കേണ്ടത്  ഉറപ്പാക്കേണ്ടതിൻ്റേയും, ലോകമെമ്പാടുമുള്ള ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടതിൻ്റേയും ആവശ്യകത ഈ ആചരണം എടുത്തുകാണിക്കുന്നു.

വിദ്യാഭ്യാസം, സംരക്ഷണം, തുല്യ പങ്കാളിത്തം എന്നിവയിലൂടെ അവരെ ശാക്തീകരിക്കുന്നത് സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും സുസ്ഥിര വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും, സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും, ഓരോ സ്ത്രീക്കും പെൺകുട്ടിക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു ഭാവി സൃഷ്ടിക്കുന്നതിനും സർക്കാരുകൾ, സ്ഥാപനങ്ങൾ, സമൂഹം എന്നിവയിൽ നിന്നുള്ള കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഈ പ്രവർത്തങ്ങൾക്ക് കുടുതൽ ശക്തിപകരുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്.  

"അവകാശങ്ങൾ. നീതി. പ്രവർത്തനം. എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി" എന്ന വിഷയത്തിൽ, വിവേചനപരമായ നിയമങ്ങൾ, ദുർബലമായ നിയമ പരിരക്ഷകൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളെ ഇല്ലാതാക്കുന്ന ദോഷകരമായ ആചാരങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവ പോലുള്ള തുല്യ നീതിക്കുള്ള എല്ലാ തടസങ്ങളെയും ഇല്ലാതാക്കുന്നതിനയി അന്തരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നു അന്താരാഷ്ട്ര വനിതാ ദിനം 2026 (IWD 2026) ആഹ്വാനം ചെയ്യുന്നു.

ആഗോള 'ഗിവ് ടു ഗെയിൻ' പ്രചാരണം

ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൂട്ടായ പിന്തുണയുടെ കരുത്ത് വ്യക്തമാക്കുന്ന "ഗിവ് ടു ഗെയിൻ" എന്ന ആഗോള പ്രചാരണ പ്രമേയമാണ് 2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തെ അടയാളപ്പെടുത്തുന്നത്. സ്ത്രീകളെ വളരാനും വിജയിക്കാനും സഹായിക്കുന്ന സമയം, വിഭവങ്ങൾ, മാർഗനിർദ്ദേശം, അവസരങ്ങൾ എന്നിവ സംഭാവന ചെയ്യാൻ ഇത് വ്യക്തികളേയും സംഘടനകളേയും സമൂഹങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു.

ഈ ആശയം ലളിതവും എന്നാൽ ശക്തവുമാണ് – സ്ത്രീകളുടെ അഭിലാഷങ്ങളേയും നേട്ടങ്ങളേയും പിന്തുണയ്ക്കാൻ ആളുകൾ നിക്ഷേപം നടത്തുമ്പോൾ, അതിൻ്റെ ആനുകൂല്യങ്ങൾ വ്യക്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ സമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്ര വനിതാ ദിനം 2026 @ കേരളം 

രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കേരള പൊലീസ് ആരംഭിച്ച "നിർഭയ നിശ'പദ്ധതി അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. രാത്രി ഒന്പത്‌ മുതൽ പുലർച്ചെ അഞ്ച്‌ വരെ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്ന പദ്ധതിയാണ് നിർഭയ നിശ. സേനയുടെ എമർജൻസി റെസ്‌പോൺസ് ആൻഡ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്), പോൽ -ആപ്പിലെ എസ്ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ വാഹനങ്ങൾ എന്നിങ്ങനെ വിവിധ സംവിധാനങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി സ്‌ത്രീകൾ കൂടുതൽ യാത്രചെയ്യുന്ന തിരക്കുള്ള സ്ഥലങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. അപകട വിവരം അറിയിക്കാനുള്ള അലാറം, കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സൗകര്യമുള്ള നിർഭയ നിശ സേഫ്റ്റി പോളുകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.​​

സ്ത്രീകൾക്കൊപ്പം കേരളം  

സുരക്ഷിതവും സ്വാശ്രയവുമായ ഒരു സ്ത്രീസൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതിനായി സർക്കാർ വിഭാവനം നിരവധി പദ്ധതികൾ  സർക്കാർ നടപ്പാക്കി. മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പാക്കുന്നു.

തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം ഉറപ്പാക്കുന്ന 'തൊഴിലരങ്ങത്തേക്ക്' പദ്ധതിയും ഡിജിറ്റൽ സാക്ഷരത നൽകുന്ന 'ഡിജിറ്റൽ പാഠശാല'യും സ്ത്രീകളെ സാമ്പത്തികമായും സാങ്കേതികമായും മുന്നിലെത്തിക്കാൻ സഹായിക്കുന്നു. സുരക്ഷയ്ക്കായി വൺ സ്റ്റോപ്പ് സെന്ററുകളും സ്നേഹിത ഹെൽപ്പ് ഡെസ്കുകളും സജീവമാകുമ്പോൾ, യാത്രകളിലും ജോലിസ്ഥലങ്ങളിലും കുറഞ്ഞ ചിലവിൽ സുരക്ഷിതമായ താമസം ഉറപ്പാക്കാൻ 'സേഫ് സ്റ്റേ', 'വനിതാമിത്ര' കേന്ദ്രങ്ങൾ എന്നിവയും നിലവിലുണ്ട്. ആയോധനകലകളിൽ പരിശീലനം നൽകുന്ന 'ധീര' പദ്ധതിയിലൂടെയും ആരോഗ്യ അവബോധം നൽകുന്ന 'ഷി പാഡ്' പോലുള്ള പദ്ധതികളിലൂടെയും ഓരോ പെൺകുട്ടിയെയും ആത്മവിശ്വാസമുള്ളവരായി വളർത്തുന്ന കേരളം ഇന്ന് സ്ത്രീ സുരക്ഷിതത്വത്തിന്റെ ഉത്തമ മാതൃകയാണ്.

തൊഴിലിടങ്ങളിൽ വനിതകൾക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം ഉറപ്പാക്കി. ലിംഗഭേദമന്യേ മാന്യമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കി. പഠനകാലത്ത് പെൺകുട്ടികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച മാനുഷിക സമീപനം സർക്കാർ സ്വീകരിച്ചു. അഗ്നിരക്ഷാ സേനയിൽ വനിതാ ഓഫീസർമാരെ നിയമിച്ച് ചരിത്രം തിരുത്തി. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിച്ച് നിയമ സംരക്ഷണം ശക്തമാക്കി. 

ഇന്ത്യയിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൻ്റെ  കഥ രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ ദൈനംദിന നേട്ടങ്ങളിൽ പ്രതിഫലിക്കുന്നു. സഹകരണ സംഘങ്ങളെ നയിക്കുന്നതിലും, സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലും, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും, പ്രാദേശിക ഭരണത്തിൽ പങ്കുചേരുന്നതിലും ഇത് കാണാൻ കഴിയും. ഈ യാത്രകൾ സംയുക്തമായി ഇന്ത്യയുടെ വികസന പശ്ചാത്തലത്തിലെ വലിയൊരു മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.അവകാശങ്ങൾ സ്ത്രീകളുടെ അന്തസ്സും സംരക്ഷണവും ശക്തിപ്പെടുത്തി; നീതി അവരുടെ ശബ്ദവും പ്രാതിനിധ്യവും വിപുലീകരിച്ചു; സുസ്ഥിരമായ പ്രവർത്തനം സ്ത്രീകൾക്ക് സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ പങ്കുചേരാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു.

ഇന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾ സ്വയംസഹായ സംഘങ്ങളുടെ ഭാഗമാണ്, പലരും പ്രാദേശിക ഭരണസമിതികളിൽ സേവനമനുഷ്ഠിക്കുന്നു, വർദ്ധിച്ചുവരുന്ന സ്ത്രീകളുടെ പങ്കാളിത്തം  ഔദ്യോഗിക സാമ്പത്തിക സംവിധാനങ്ങളും സംരംഭകത്വ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നു. ഈ മാറ്റങ്ങൾ സ്ത്രീകളുടെ നേതൃത്വത്തിനും പങ്കാളിത്തത്തിനുമുള്ള വഴികൾ ക്രമാനുഗതമായി വിപുലീകരിക്കുന്നു.ഇന്ത്യ അതിൻ്റെ  വികസന യാത്രയിൽ മുന്നോട്ട് പോകുമ്പോൾ, കുടുംബങ്ങളേയും സമൂഹങ്ങളേയും  രാഷ്ട്രത്തിൻ്റെ ഭാവിയേയും രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ കൂടുതൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു.

കേരളത്തിന്റെ വികസന ദിശയിൽ സ്ത്രീശാക്തീകരണത്തിനും സുരക്ഷയ്ക്കും സമത്വത്തിനും നൽകിയ പ്രാധാന്യം വ്യക്തമാണ്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പദ്ധതികളിലൂടെ സ്ത്രീസൗഹൃദ സമൂഹം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി മുന്നേറുന്നു. “അവകാശങ്ങൾ. നീതി. നടപടി. എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി” എന്ന പ്രമേയത്തിന്റെ ആത്മാവിനെ പ്രായോഗികമായി നടപ്പിലാക്കി, സുരക്ഷിതവും സമത്വപരവുമായ ഒരു കേരളം നിർമ്മിക്കാനുള്ള പ്രതിബദ്ധതയാണ് ഈ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-09 11:25:44

ലേഖനം നമ്പർ: 1979

sitelisthead