ആഗോളതലത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, നിയമവിരുദ്ധ കടത്ത്, ലഹരി ശൃംഖലകളുടെ വ്യാപനം എന്നിവയെ പ്രതിരോധിക്കുന്നതിനും ലഹരിമുക്തമായ ഒരു സമൂഹം വാർത്തെടുക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. 2026ലെ ഐക്യരാഷ്‌ട്ര സഭയുടെ പ്രമേയം "ലോക ലഹരി പ്രശ്നം: നിലനിൽക്കുന്ന പ്രശ്നങ്ങൾ, പുതിയ വെല്ലുവിളികൾ, നൂതനപരിഹാരങ്ങൾ " (The world Drug Problem: Persisting issues, New challenges, Innovative Responses) എന്നതാണ്.

ഈ ദിനത്തോടനുബന്ധിച്ച് രാജ്യങ്ങൾ ബോധവത്കരണ പരിപാടികൾ, പ്രതിരോധ പ്രവർത്തനങ്ങൾ, നിയമനടപടികൾ, ചികിത്സ-പുനരധിവാസ പദ്ധതികൾ എന്നിവ സംഘടിപ്പിച്ച് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നു. വ്യക്തികളുടെയും സമൂഹത്തിൻേറയും സർക്കാരുകളുടെയും വിവിധ സംഘടനകളുടെയും പങ്കാളിത്തത്തോടെയും പിന്തുണയോടെയും, നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗവും സമൂഹത്തിനുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഗോള പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്  ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുമ്പോൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗവും അനധികൃത മയക്കുമരുന്ന് കടത്തും തടയുന്നതിനായി സർക്കാർ വകുപ്പുകൾ, കേരള പൊലീസ്, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ഏകോപിതമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് അടിത്തറയാകുന്നത്. ബോധവത്കരണ പ്രവർത്തനങ്ങൾ, ശക്തമായ നിയമനടപടികൾ, പ്രതിരോധ പ്രവർത്തനങ്ങൾ, പൊതുജന പങ്കാളിത്തം എന്നിവയിലൂടെ ലഹരിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കൂടുതൽ ഊർജിതമായി തുടരുകയാണ്.

ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനം ചെറുക്കുന്നതിനായി വിപുലമായ പരിശോധനകളും റെയ്ഡുകളും ഉൾപ്പെടുത്തി ‘ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്’ പ്രത്യേക പദ്ധതിയുമായി കേരള പോലീസ്. മയക്കുമരുന്ന് ശൃംഖലകളെ കണ്ടെത്തി നിയമനടപടി ശക്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി  ലഹരിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് പോലീസിൽ അറിയിക്കാം. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം  ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കും ഓപ്പറേഷൻ തൂഫാൻ മുൻഗണന നൽകും. വിദ്യാർഥികൾക്കിടയിലുള്ള ലഹരി ഉപയോഗം തടയുക എന്നതും ഇതിലെ പ്രധാന ലക്ഷ്യമാണ്. സ്‌കൂൾ അധികൃതരുമായും എക്‌സൈസുമായും ചേർന്ന് പോലീസ് പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കുന്നത്. 
 
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ചു സംശയാസ്പദ കേന്ദ്രങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കി.ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ വ്യാപിപ്പിച്ചു.  പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന 'തൂഫാൻ സ്ട്രൈക്ക്', വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തിയുള്ള 'തൂഫാൻ വാരിയേഴ്സ്', ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന 'തൂഫാൻ കെയർ' എന്നീ മൂന്ന് ഘടകങ്ങളാണ് നടപ്പാക്കുന്നത്.  

ലഹരിമരുന്ന് മാഫിയയെ തടയാൻ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട് പദ്ധതിയിലേക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ 9497979794, 9497927797, 9995966666 (വാട്‌സ്ആപ്പ്)  വിളിച്ച് അറിയിക്കാം. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.

വൺ മില്യൻ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026  

 

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം നൽകുന്ന  'വൺ മില്യൻ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' ക്യാമ്പയിൻ ചരിത്ര നേട്ടമാണ് കൈവരിച്ചത്. ജൂൺ 11 മുതൽ ജൂലൈ 20 വരെ പത്തു ലക്ഷം ഗോളുകൾ അടിച്ചുതീർക്കാൻ സ്‌കൂളുകൾക്ക് ടാർഗറ്റ് നൽകിയിരുന്നെങ്കിലും ക്യാമ്പയിൻ ആരംഭിച്ച് വെറും പത്ത് പ്രവൃത്തി ദിനങ്ങൾ പിന്നിട്ടപ്പോൾത്തന്നെ (ജൂൺ 25) കേരളത്തിലെ വിദ്യാലയങ്ങൾ ഈ ലക്ഷ്യം കൈവരിച്ചു. ജൂൺ 25 വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്നായി 10,67,038 ഗോളുകൾ അടിച്ചു. 'ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക' എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തി ജൂൺ 10-നാണ് ഈ കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.  

മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. മലപ്പുറം 2,19,225, ആലപ്പുഴ 1,58,761, തൃശൂർ 1,20,870 ഗോളുകളും ഈ സമയത്തിനകം സ്‌കോർ ചെയ്തിട്ടുണ്ട്. സ്‌കൂളുകളും ജില്ലകളും തിരിച്ച് സ്‌കോറുകൾ തത്സമയം പൊതുജനങ്ങൾക്ക് കാണാൻ കൈറ്റ് പ്രത്യേകമായി www.goals2026.kite.kerala.gov.in ൽ സജ്ജമാക്കി. ഗോളുകൾ രേഖപ്പെടുത്തുന്നതിനൊപ്പം സ്‌കൂളുകളുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 'സ്‌കൂൾവിക്കി' പോർട്ടലിലും (www.schoolwiki.in) കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരിയെ മറികടന്ന് 'ശുദ്ധമായ ജീവിതത്തിലേക്ക്' ഗോളടിക്കാൻ ഓരോ സ്‌കൂളിലും താല്ക്കാലിക 'തൂഫാൻ ഗോൾ പോസ്റ്റുകൾ' സ്ഥാപിച്ചാണ് പെനാൽറ്റി കിക്കുകൾ സംഘടിപ്പിച്ചത്.സ്‌കൂളുകളിൽ 'ടീം തുഫാൻ' പിയർ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ലഹരിവിരുദ്ധ തെരുവ് നാടകങ്ങൾ, റീൽസ് മത്സരങ്ങൾ, ഡിജിറ്റൽ പോസ്റ്ററുകൾ എന്നിവ വഴിയുള്ള വിപുലമായ ബോധവൽക്കരണം തുടരുകയും ചെയ്യും.   

ലഹരി വസ്തുക്കളുടെയും അവയുടെ അനധികൃത വ്യാപാരത്തിന്റെയും വ്യാപനം സമൂഹത്തിന് നേരെയുള്ള ഗുരുതരമായ ഭീഷണിയാണ്. അതിനാൽ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്ന ശൃംഖലകൾക്കും അവയ്ക്ക് പിന്നിലെ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കുമെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിൽ കേരള സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്' ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ കരുത്ത് പകരുന്ന മാതൃകാപരമായ നടപടിയാണ്. ലഹരി വിൽപ്പന തടയുന്നതിൽ മാത്രം ഒതുങ്ങാതെ, മയക്കുമരുന്നിന്റെ ഉറവിടങ്ങളും വിതരണ ശൃംഖലകളും കണ്ടെത്തി പൂർണമായും തകർക്കുന്നതിനുള്ള ഏകോപിതമായ പ്രവർത്തനങ്ങളാണ് ശക്തിപ്പെടുത്തേണ്ടത്. ലഹരി ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നിയമത്തിന്റെ പരിധിക്കുള്ളിൽ കൊണ്ടുവന്ന് ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം സമൂഹത്തിന്റെ സജീവ പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്.

അതേസമയം, ലഹരി പ്രശ്നത്തെ നിയമനടപടികളിലൂടെ മാത്രം പരിഹരിക്കാനാവില്ല. ബോധവത്കരണം, ശാസ്ത്രീയ ചികിത്സ, പുനരധിവാസം, മാനസികാരോഗ്യ പിന്തുണ എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്ര സമീപനമാണ് ആവശ്യം. വിദ്യാർഥികളിലും യുവജനങ്ങളിലും ആത്മവിശ്വാസം, ജീവിതനൈപുണ്യം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ബോധവത്കരണ പരിപാടികൾ ചെറുപ്രായത്തിൽ തന്നെ ആരംഭിക്കണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൗൺസിലിങ് സേവനങ്ങൾ, ഓൺലൈൻ മാനസികാരോഗ്യ പിന്തുണ, കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ലഹരി ഉപയോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണം. വ്യക്തി, കുടുംബം, സമൂഹം എന്നിവയെ ഒരുപോലെ ബാധിക്കുന്ന ഈ സാമൂഹിക വിപത്തിനെ ചെറുക്കാൻ സർക്കാർ, നിയമപാലന ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സാംസ്കാരിക-സാമൂഹിക സംഘടനകൾ, മതസ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴേ ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യം യാഥാർഥ്യമാകൂ.

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-27 06:15:42

ലേഖനം നമ്പർ: 2039

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo