കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാറുന്ന ആഗോള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി സർക്കാർ വിവിധ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ബജറ്റിലും നൂറുദിന കർമപദ്ധതികളിലും ഉൾപ്പെടുത്തി നിരവധി നൂതന പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനം, പൈതൃക സംരക്ഷണം, പരിസ്ഥിതി സൗഹൃദ ടൂറിസം, പുതിയ ടൂറിസം അനുഭവങ്ങളുടെ സൃഷ്ടി എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഈ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

കേരളത്തിന്റെ പ്രകൃതി, സംസ്കാരം, പൈതൃകം എന്നിവയുടെ വൈവിധ്യമാണ് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്തേകുന്നത്. കടലും കായലും മലനിരകളും വനങ്ങളും ഉൾപ്പെടുന്ന പ്രകൃതിസമ്പത്തിനൊപ്പം നൂറ്റാണ്ടുകളുടെ ചരിത്രവും സമ്പന്നമായ പൈതൃകവും വിശ്വാസപാരമ്പര്യങ്ങളും കലാരൂപങ്ങളും ഭക്ഷണവൈവിധ്യവും ഗ്രാമീണ ജീവിതവും തനത് പ്രാദേശിക അറിവുകളും കേരളത്തിന്റെ ടൂറിസം അനുഭവത്തെ സവിശേഷമാക്കുന്നു. പൈതൃക-തീർഥാടന കേന്ദ്രങ്ങൾക്കൊപ്പം വെൽനെസ്, ഗ്രാമീണ, സാഹസിക ടൂറിസം മേഖലകളിലേക്കും സാധ്യതകൾ വികസിപ്പിക്കുന്നതിലൂടെ വിവിധ വിഭാഗം സഞ്ചാരികൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കാനാകും.  

പ്രകൃതിയെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ട് പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും ഉപജീവന സാധ്യതകളും ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിനാണ് കേരളം പ്രാധാന്യം നൽകുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഒരുപോലെ ഊന്നൽ നൽകുന്ന ഈ സമീപനം രാജ്യത്തിന് തന്നെ മാതൃകയായിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ സുസ്ഥിര വികസനത്തിന്റെ ആശയം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, പുതിയ അനുഭവങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്ന ടൂറിസം വികസനത്തിലേക്കാണ് കേരളം മുന്നേറുന്നത്.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, മുസിരിസ് പൈതൃക പദ്ധതി, ഗ്രീൻ മാർഷൽസ്, ബ്രാൻഡ് വയനാട് തുടങ്ങിയ പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വൈവിധ്യവും സാധ്യതകളും കൂടുതൽ വിപുലപ്പെടുത്തുന്ന ഇടപെടലുകളാണ്. സംസ്ഥാനത്തിന്റെ ടൂറിസം അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ വിനോദസഞ്ചാര അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും ഇതിലൂടെ കൂടുതൽ അവസരങ്ങൾ ഒരുങ്ങും.

ഗ്രീൻ മാർഷൽസ്

ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സുരക്ഷ, പൊതുസൗകര്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ്  ഗ്രീൻ മാർഷൽസ്. പദ്ധതിയുടെ ആദ്യഘട്ടം ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ എന്നിവിടങ്ങളിൽ നടപ്പാക്കും.ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക, സന്ദർശകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായവും നൽകുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പിന്തുണ നൽകുക, മാലിന്യ നിർമാർജനവും പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണവും നിരീക്ഷിക്കുക, പൊതുസൗകര്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക തുടങ്ങിയവയാണ് ഗ്രീൻ മാർഷൽസിന്റെ പ്രധാന ചുമതലകൾ.

ഗ്രീൻ മാർഷൽമാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിനോദസഞ്ചാര വകുപ്പ് പ്രത്യേക പരിശീലനം നൽകും. കൂടാതെ, ടൂറിസം കേന്ദ്രങ്ങളിൽ സർക്കാർ നേരിട്ടോ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിലോ ഏകീകൃത രൂപകൽപനയും ബ്രാൻഡിങ്ങും ഉൾപ്പെടെയുള്ള ആധുനിക ശുചിമുറി സൗകര്യങ്ങൾ ഒരുക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനും സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും ശുചിത്വപൂർണവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകൾക്ക് ഇതിലൂടെ കൂടുതൽ ശക്തി പകരും.

ടൂറിസം സംരംഭകത്വ പ്രോത്സാഹന പദ്ധതി

ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പുതിയ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി കേരള ടൂറിസം നിക്ഷേപ പ്രോത്സാഹന പാക്കേജ്/ഇൻസെന്റീവ് നയം പ്രഖ്യാപിക്കും. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകൾ വിപുലപ്പെടുത്തുന്നതിനും സംരംഭക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നയത്തിലൂടെ ഇടപെടലുകൾ ഒരുക്കും.

ബ്രാൻഡ് വയനാട്

ടൂറിസം, കൃഷി, ആദിവാസി പൈതൃകം, ഉത്തരവാദിത്ത ടൂറിസം എന്നിവ സമന്വയിപ്പിച്ച് വയനാടിനെ കേരളത്തിലെ പ്രധാന സുസ്ഥിര മലയോര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനായി 'ബ്രാൻഡ് വയനാട്’  പദ്ധതി ആരംഭിക്കും. വയനാടിന്റെ പ്രകൃതി, കാർഷിക പാരമ്പര്യം, തദ്ദേശീയ സംസ്കാരം എന്നിവയുടെ സവിശേഷതകൾ വിനോദസഞ്ചാര സാധ്യതകളുമായി കൂട്ടിയിണക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി ടൂറിസം സർക്യൂട്ടുകളുടെയും അനുബന്ധ പദ്ധതികളുടെയും വികസനം, ടൂറിസം പ്രവർത്തനങ്ങളുടെ വ്യാപനം, തോട്ടം അധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ വികസനം, ആദിവാസി ജീവിതരീതികളും സംസ്കാരവും അടുത്തറിയുന്നതിനുള്ള അവസരങ്ങൾ ഒരുക്കൽ, പുതിയ ടൂറിസം സർക്യൂട്ടുകളുടെ രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കും. വയനാടിന്റെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകൾ ദേശീയ-അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുന്നതിനായി Why Not Wayanad? എന്ന പ്രചാരണ പരിപാടിക്കും തുടക്കമിടും.

മുസിരിസ് ആഗോള പൈതൃക ടൂറിസം പദ്ധതി

മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതിനായി മുസിരിസ് പൈതൃക പദ്ധതി കൂടുതൽ വിപുലീകരിക്കും. ചരിത്രവും പൈതൃകവും പ്രകൃതിയും സമന്വയിപ്പിച്ച് മുസിരിസിനെ ഇന്ത്യയിലെ പ്രധാന ഹെറിറ്റേജ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കുന്നതിനുള്ള വിവിധ ഇടപെടലുകൾ നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങൾ, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര തുടങ്ങിയവ ഒരുക്കും. മാള സിനഗോഗിന്റെ തകർന്ന മേൽക്കൂരയുടെ പുനർനിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കുമായി വീണ്ടും തുറന്നുനൽകും.

വിനോദസഞ്ചാരികളുടെ സന്ദർശനസൗകര്യം വർധിപ്പിക്കുന്നതിനായി വാട്ടർ ടാക്സി സർവീസുകൾ നവീകരിച്ച് പ്രവർത്തനം ആരംഭിക്കും. മുസിരിസിലെ വിവിധ പൈതൃക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വാട്ടർ ടൂറിസം സർക്യൂട്ടുകൾ രൂപീകരിക്കുന്നതിനൊപ്പം പറവൂർ കേന്ദ്രീകരിച്ച് ജലാധിഷ്ഠിത ടൂറിസം സർവീസുകൾക്കും തുടക്കമിടും. ഇതിലൂടെ മുസിരിസിന്റെ ചരിത്ര-പൈതൃക പ്രാധാന്യത്തോടൊപ്പം ജലസഞ്ചാര സാധ്യതകൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കും.

ലൈഫ് എക്സ്‌പീരിയൻസ് ട്രയൽസ്

കേരളത്തിന്റെ ഗ്രാമീണ ജീവിതവും തനത് ഭക്ഷ്യസംസ്‌കാരവും കരകൗശല പാരമ്പര്യവും കാർഷിക രീതികളും അടുത്തറിയാനും നേരിട്ട് അനുഭവിക്കാനും സന്ദർശകർക്ക് അവസരമൊരുക്കുന്ന പുതിയ ടൂറിസം സഞ്ചാരപഥത്തിന് രൂപം നൽകും. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലൈഫ് എക്സ്‌പീരിയൻസ് ട്രയൽസ്’ പദ്ധതിയിൽ പ്രകൃതി അധിഷ്ഠിതവും ജലാധിഷ്ഠിതവുമായ അനുഭവങ്ങൾ, തദ്ദേശീയ കലകൾ, സാംസ്‌കാരിക പൈതൃകം എന്നിവയും ഉൾപ്പെടുത്തും.

തദ്ദേശീയ സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ഗ്രാമീണ ജീവിതവും സംസ്കാരവും വിനോദസഞ്ചാര അനുഭവങ്ങളുമായി കൂട്ടിയിണക്കുന്നതിനും പ്രാദേശിക ഉൽപ്പന്നങ്ങൾക്കും പരമ്പരാഗത തൊഴിൽ മേഖലകൾക്കും കൂടുതൽ വിപണി സാധ്യതകൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകമാകും.
  
മറ്റ് ബജറ്റ് പ്രഖ്യാപനങ്ങൾ

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ വൈവിധ്യവത്കരിക്കുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വികസനം ഉറപ്പാക്കുകയും ചെയ്യുന്നതിനായി ബജറ്റിൽ വിവിധ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • വിനോദസഞ്ചാര മേഖലയ്ക്കായി 325.36 കോടി രൂപ വകയിരുത്തും.
  • ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.
  • തോട്ടം മേഖലയിൽ ടൂറിസം ആവശ്യങ്ങൾക്ക് കൂടുതൽ ഭൂമി പ്രയോജനപ്പെടുത്താൻ ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരും.
  • ആലപ്പുഴ ടൂറിസം സർക്യൂട്ട് പദ്ധതിയിലെ ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്‌ബോട്ട് ടെർമിനലുകളും നവീകരിച്ച് കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തും.
  • ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള മാലിന്യം സംസ്കരിക്കുന്നതിനായി മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും.
  • അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം സർക്യൂട്ട് വികസിപ്പിക്കും.
  • പാതിരാമണൽ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കും. മുഹമ്മ ജെട്ടിയിൽ നിന്ന് ദ്വീപിലേക്ക് സഞ്ചാരികൾക്കായി റോപ്പ്‌വേ സൗകര്യം ഒരുക്കും.
  • കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിൽ വികസിപ്പിക്കും.
  • ജൈവവൈവിധ്യം, കണ്ടൽക്കാടുകൾ, ഫാം ടൂറിസം, കാർഷിക ടൂറിസം, ഗ്രാമീണ ജീവിതാനുഭവങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ടൂറിസം മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകും.
  • കേരളത്തിന്റെ തനത് പാരമ്പര്യം, ഭക്ഷ്യസംസ്‌കാരം, സാംസ്‌കാരിക പൈതൃകം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം ഹബ്ബുകളും സാംസ്‌കാരിക ടൂറിസം ഹബ്ബുകളും സ്ഥാപിക്കും.
  • അഷ്ടമുടി ടൂറിസം കൂടുതൽ പ്രോത്സാഹിപ്പിക്കും.
  • സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങൾ, ഹോംസ്റ്റേകൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവ സംസ്ഥാനത്തുടനീളം വിപുലീകരിക്കും.
  • നിർമിതബുദ്ധി അധിഷ്ഠിത ഡിജിറ്റൽ ടൂറിസം പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള സ്മാർട്ട് ടൂറിസം ആപ്ലിക്കേഷനുകൾ വികസിപ്പിക്കും.

പ്രകൃതിയും പൈതൃകവും സംസ്കാരവും തദ്ദേശീയ ജീവിതാനുഭവങ്ങളും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള വികസന സമീപനമാണ് കേരളത്തിന്റെ ടൂറിസം മേഖലയ്ക്കായി ആവിഷ്‌കരിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം, സംരംഭകത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ മേഖലയുടെ സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തും. പുതിയ ടൂറിസം കേന്ദ്രങ്ങളും അനുഭവങ്ങളും വികസിപ്പിച്ച് കേരളത്തെ കൂടുതൽ സുസ്ഥിരവും വൈവിധ്യപൂർണവുമായ വിനോദസഞ്ചാര അനുഭവങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തുടർപ്രവർത്തനങ്ങൾക്ക് ഈ പദ്ധതികൾ വഴിയൊരുക്കും.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-25 05:45:33

ലേഖനം നമ്പർ: 2097

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo