സംസ്ഥാന സർക്കാർ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള കർമപദ്ധതിക്ക് രൂപം നൽകുന്നതിനായി ‘റീഇമാജിനിങ് കേരളം’ എന്ന പേരിൽ റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കുന്നു. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന് പദ്ധതികളുടെ ആസൂത്രണം, വിലയിരുത്തൽ, നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള വേദിയായാണ് റൗണ്ട് ടേബിൾ കോൺഫറൻസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 16 - 18 തീയതികളിൽ തിരുവനന്തപുരത്ത് ‘റീഇമാജിനിങ് കേരളം നടക്കും.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികളെക്കുറിച്ച് വിശദമായ കൂടിയാലോചന നടത്തുകയും അവയുടെ സാധ്യതകളും പ്രായോഗികതയും വിലയിരുത്തുകയും തുടർനടപടികൾക്ക് രൂപം നൽകുകയും ചെയ്യുകയാണ് കോൺഫറൻസുകളുടെ പ്രധാന ഉദ്ദേശ്യം. 40-ലധികം വകുപ്പുകളുമായി ബന്ധപ്പെട്ട 73 പദ്ധതികളെ ഏകോപിപ്പിച്ച് സമഗ്രമായ കർമപദ്ധതി തയ്യാറാക്കുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഒന്നിലധികം വകുപ്പുകളുടെ ഏകോപനം ആവശ്യമായ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും.
ആശയങ്ങളിൽ നിന്ന് പ്രായോഗിക പ്രവർത്തനങ്ങളിലേക്ക്
കൂട്ടായ ചിന്തയെ കൂട്ടായ പ്രവർത്തനത്തിലേക്ക് മാറ്റുന്ന സമീപനമാണ് ‘റീഇമാജിനിങ് കേരളം’ മുന്നോട്ടുവയ്ക്കുന്നത്. വിവിധ വകുപ്പുകളുടെയും മേഖലാ വിദഗ്ധരുടെയും കാഴ്ചപ്പാടുകൾ ഏകോപിപ്പിച്ച് ബജറ്റ് പ്രഖ്യാപനങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്. ഓരോ പദ്ധതിയുടെയും നിർവഹണ ലക്ഷ്യം, നടപ്പാക്കൽ രീതി, ആവശ്യമായ വിഭവങ്ങൾ, സമയക്രമം, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച വ്യക്തമായ ധാരണ രൂപപ്പെടുത്തും.
അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, തുറമുഖ-സമുദ്രാധിഷ്ഠിത വികസനം, വ്യോമഗതാഗതം, വ്യവസായ-സാമ്പത്തിക ഇടനാഴികൾ, ഊർജം, പുനരുപയോഗ ഊർജസ്രോതസ്സുകൾ, നഗരവികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ് സയൻസസ്, ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ദുരന്തനിവാരണം, ഡിജിറ്റൽ മേഖല, ടൂറിസം, ക്രിയേറ്റീവ് മേഖല തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾ കോൺഫറൻസുകളിൽ ചർച്ച ചെയ്യും.
പദ്ധതികൾക്ക് ഏകീകൃത ചട്ടക്കൂട്
ഓരോ പദ്ധതിക്കും സർക്കാർ അംഗീകരിച്ച പൊതുചട്ടക്കൂട് രൂപപ്പെടുത്തുന്നതിനാണ് റൗണ്ട് ടേബിൾ കോൺഫറൻസുകളിൽ പ്രധാനമായും ശ്രദ്ധ നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് തുടർനടപടികൾ കൂടുതൽ വ്യക്തതയോടെ ആസൂത്രണം ചെയ്യാനാകും. സാധ്യതാ പഠനങ്ങൾ, മാസ്റ്റർ പ്ലാനുകൾ, വിശദമായ പദ്ധതി റിപ്പോർട്ടുകൾ (DPR), ആവശ്യമായ കൺസൾട്ടൻസി പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിന്റെ തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും വിദഗ്ധ അറിവ് പ്രയോജനപ്പെടുത്തിയും ബജറ്റ് പ്രഖ്യാപനങ്ങളെ സമയബന്ധിതമായ വികസന ഇടപെടലുകളാക്കി മാറ്റുന്നതിനുള്ള സംവിധാനമായാണ് ‘റീഇമാജിനിങ് കേരളം’ മാറുന്നത്. സംസ്ഥാനത്തിന്റെ വികസന മുൻഗണനകൾക്ക് വ്യക്തമായ പ്രവർത്തനരൂപം നൽകുന്നതിനും പദ്ധതികളുടെ നിർവഹണത്തിൽ ഏകോപിതമായ സമീപനം ഉറപ്പാക്കുന്നതിനും റൗണ്ട് ടേബിൾ കോൺഫറൻസുകൾ വഴിയൊരുക്കും
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-16 05:33:26
ലേഖനം നമ്പർ: 2085