സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ സമഗ്രമായ ദുരന്തനിവാരണ-ആരോഗ്യ പ്രതിരോധ നടപടികൾ ശക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുൻകരുതൽ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടൊപ്പം, മഴയെ തുടർന്നുണ്ടാകാനിടയുള്ള പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (KSDMA) സംയുക്തമായി അടിയന്തര തയ്യാറെടുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

മഴക്കെടുതിയിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കായി പതിനായിരം രൂപ സർക്കാർ അനുവദിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എ.സ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് എന്നിവയിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭിക്കും. വീട് ശുചീകരണത്തിനായി ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകും.

പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി.
വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായി വർധിപ്പിച്ചു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കും. 

കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കാൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഏജൻസികളുമായി സഹകരിച്ച് ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസിലിയൻസ് പ്രോഗ്രാം ശക്തമാക്കും.  നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.    

മഴക്കെടുതി മൂലം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പകരം പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനും, സർക്കാരിലേക്ക് അർഹമായ പട്ടിക ലഭ്യമാകുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പ്രധാന രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. 

ആരോഗ്യ വകുപ്പ്  അടിയന്തര നടപടികളും തയ്യാറെടുപ്പുകളും

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർമാർ (DMO), NHM ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവരുടെ ഏകോപനം ഉറപ്പാക്കി സംസ്ഥാനത്തൊട്ടാകെ മുൻകരുതൽ നടപടികൾ പുരോഗമിക്കുന്നു.

താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വിലപിടിപ്പുള്ള വൈദ്യശാസ്ത്ര ഉപകരണങ്ങളും മരുന്നുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചു.

ടെറ്റനസ് ഇഞ്ചക്ഷൻ, ഒസൾട്ടാമിവീർ, ഒ.ആർ.എസ്, ഡോക്‌സിസൈക്ലിൻ തുടങ്ങിയവയുടെ സ്റ്റോക്ക് എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. കടുത്ത ജലദോഷം, ചുമ, ശ്വാസംമുട്ട് എന്നിവയുള്ള രോഗികൾക്കും ജലദോഷ ലക്ഷണങ്ങളുള്ള എല്ലാ ഗർഭിണികൾക്കും ഒസൾട്ടാമിവീർ നിർബന്ധമായും നൽകാൻ നിർദ്ദേശമുണ്ട്. പാമ്പുകടി, പേവിഷബാധ എന്നിവയ്‌ക്കെതിരെയുള്ള വാക്സിനുകളും ലഭ്യമാക്കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നു. ശുദ്ധജല സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യാനും രോഗലക്ഷണമുള്ളവർക്കായി മാസ്‌കുകൾ നൽകി മാറ്റി പാർപ്പിക്കാനും ക്രമീകരണമൊരുക്കിയിട്ടുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങാതെ നൽകുന്നു.

വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണങ്ങൾ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (DTPC) പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.

അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും യാത്രാ നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യും. വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ ബാധിതമേഖലകളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് മഴ മുന്നറിയിപ്പുകളും അടിയന്തര സഹായ നമ്പറുകളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ  

സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാം. 

കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കർഷകർക്ക് കൃഷി വകുപ്പിന്റെ AIMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി www.aims.kerala.gov.in ൽ ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച വിളകളുടെയും വിവരങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് അപേക്ഷ നൽകണം. 

കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ജില്ലാതല കൺട്രോൾ റൂമുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

തിരുവനന്തപുരം: 9383470086, 9383470700, കൊല്ലം: 9383470318, 9383470770, ആലപ്പുഴ: 9383470561, 9383471108, കോട്ടയം: 9383470704, 9383471300, പത്തനംതിട്ട: 9383470499, 9383470900, എറണാകുളം: 9383471150, 9383471500, ഇടുക്കി: 9383470821, 9383471400, തൃശ്ശൂർ: 9383473242, 9383471600, പാലക്കാട്: 9383471457, 9383471700, മലപ്പുറം: 9383471618, 9383471800, കോഴിക്കോട്: 9383471779, 9383471900, വയനാട്: 9383471912, 9383472442, കണ്ണൂർ: 9383472028, 9383472300, കാസർഗോഡ്: 9383471961, 9383472400.

പൊതുജനങ്ങൾക്കുള്ള പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ

മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ എലിപ്പനി സാധ്യത കണക്കിലെടുത്ത് പ്രത്യേക ശ്രദ്ധ പുലർത്തണം.

ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം തുടങ്ങിയ കൊതുക് ജന്യ-ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ (ഉപയോഗശൂന്യമായ പാത്രങ്ങൾ, കവറുകൾ മുതലായവ) ശേഖരിച്ച് നീക്കം ചെയ്യുക.

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനുള്ള സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കുക. അപകടസാധ്യത കണ്ടാൽ ഉടൻ KSEB-യുടെ 1912 എന്ന നമ്പറിൽ ബന്ധപ്പെടുക.

കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറ്റിയത് മാത്രം ഉപയോഗിക്കുക. ആഹാരപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക.

അനാവശ്യമായ ദീർഘദൂര യാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും പൂർണ്ണമായും ഒഴിവാക്കുക.

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ പരമാവധി ജലനിരപ്പ്, പൂർണ സംഭരണ ശേഷി, റൂൾ ലെവൽ തുടങ്ങിയ വിവരങ്ങൾ  sdma.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ആവശ്യമുള്ള സാഹചര്യങ്ങളിൽ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്യുക.

ജില്ലാതല അടിയന്തര കൺട്രോൾ റൂം നമ്പറുകൾ

മഴ മുന്നറിയിപ്പുകൾ അവസാനിക്കുന്നത് വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്.

ജില്ല   കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം - 9447700112 (തഹസിൽദാർ), 9497711282 (താലൂക്ക്)
കൊല്ലം - 0474 2794002, 0474 2794004, 9447677800
പത്തനംതിട്ട  -0468 2322515 (കളക്ടറേറ്റ്), 0468 2222221 (കോഴഞ്ചേരി)
കോട്ടയം- 94465 62236 (ഡിസാസ്റ്റർ മാനേജ്മെന്റ്), 85479 85727 (താലൂക്ക്)
പാലക്കാട്-  8921994727, 0491 2505292
കോഴിക്കോട്- 0495 2371002, 9446538900
മലപ്പുറം- 0483 2736320, 8848922188
വയനാട്- 04936 204151, 9526804151
കണ്ണൂർ- 94466 82300, 88486 52025
കാസർഗോഡ്- 04994 257700, 9446601700

ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് (ദിശ): 104, 1056, 0471 2552056
ആരോഗ്യ നിർദ്ദേശങ്ങൾക്ക് സന്ദർശിക്കുക: health.kerala.gov.in

കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-08-04 09:57:37

ലേഖനം നമ്പർ: 2056

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo