സാമൂഹ്യനീതിയിലധിഷ്ഠിതമായ സാമ്പത്തിക വളർച്ചയും പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാനസൗകര്യ വികസനവും സമന്വയിപ്പിച്ചു കൊണ്ടുള്ള 'പുതുയുഗ കേരളം' യാഥാർത്ഥ്യമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ജനകേന്ദ്രീകൃതവും സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവ്വഹണത്തിലൂടെ സംസ്ഥാനത്തെ സുദീർഘമായ വികസന മുന്നേറ്റത്തിലേക്ക് നയിക്കാനുള്ള സമഗ്രമായ കർമ്മപദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദരിദ്ര-പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങളിലും സാമൂഹ്യസുരക്ഷാ പെൻഷനുകളിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വികസനവും ക്ഷേമവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, പ്ലസ് വൺ സീറ്റ് വർധന, മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി പ്രഖ്യാപിച്ചു. ഈ അവധിക്ക് പരകരം സ്‌പെഷ്യൽ ക്ലാസുകൾ ഏർപ്പെടുത്തും, സ്വകാര്യമേഖലകളിൽ ആറ് മാസം പ്രസവ അവധി നിർബന്ധമാക്കും. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ, പട്ടയവിതരണം കാര്യക്ഷമമാക്കും, സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം, നെല്ല് റബ്ബർ, നാളികേര കർഷകർക്ക് അർഹമായ പരിഗണന, ഉൾനാടൻ മത്സ്യ ബന്ധനം പ്രോത്സാഹിപ്പിക്കും സഹകരണ മേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടായി.  

വഖഫ് ബോർഡ് നവീകരിക്കാനും, നാലുവരി പാതകളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിടുന്ന സർക്കാർ ഐടി വകുപ്പിന്റെ പേരും പരിഷ്‌കരിച്ചു. ഇനി ഫ്യൂചർ ടെക്‌നോളജി എന്നാകും വകുപ്പ് അറിയപ്പെടുക.ഗവേഷക വിദ്യാർത്ഥികൾക്ക് കൂടുതൽ സ്‌കോളർഷിപ്പുകളും സർക്കാർ ഉറപ്പു നൽകുന്നു.


പ്രധാന വികസന മുൻകൈകളും വാർഷിക പദ്ധതികളും:

1. സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ 'ഇന്ദിരാ ഗ്യാരന്റികൾ'


സ്ത്രീ സൗഹൃദ യാത്ര: സംസ്ഥാനത്തുടനീളമുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി.

ക്ഷേമപെൻഷൻ വർദ്ധനവ്: അർഹരായ ഗുണഭോക്താക്കൾക്കുള്ള സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ പ്രതിമാസം 3,000 രൂപയായി ഉയർത്തും.

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കും.

വിദ്യാഭ്യാസ-സംരംഭകത്വ പിന്തുണ: കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ വിദ്യാഭ്യാസ സഹായവും, യുവസംരംഭകർക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും അനുവദിക്കും. 

വയോജന ക്ഷേമത്തിനായി രാജ്യത്താദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ചു.


2. കാർഷിക മേഖലയുടെ ഡിജിറ്റൈസേഷനും ആധുനികവത്കരണവും

നെല്ല്, തേങ്ങ, റബ്ബർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് സമയബന്ധിതമായി ന്യായവില ഉറപ്പാക്കും.


ഉൽപ്പാദനക്ഷമത കൂട്ടാൻ 'ദ്വിതീയകൃഷി', യന്ത്രവത്കരണം എന്നിവയ്‌ക്കൊപ്പം ശാസ്ത്രീയമായ 'സമഗ്ര മണ്ണ് പരിശോധന നയവും' മണ്ണ്-പരിശോധന രജിസ്റ്ററും നടപ്പിലാക്കും.


വനിതാ കർഷകരെ അണിനിരത്തിക്കൊണ്ട് ഈ വർഷം 'വനിതാ കർഷക കൺസോർഷ്യം' രൂപീകരിക്കും.


സുതാര്യതയ്ക്കായി 'അഗ്രിസ്റ്റാക്ക്' പദ്ധതി ശക്തിപ്പെടുത്തുകയും ഡിജിറ്റൽ വിള സർവ്വേകൾ പൂർത്തിയാക്കി ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം സ്ഥാപിക്കുകയും ചെയ്യും.

 3. 'കേരള ടെക്' - ഡിജിറ്റൽ ഭരണനിർവ്വഹണ മാതൃക

ഇലക്ട്രോണിക്‌സ് ആന്റ് ഐ.റ്റി വകുപ്പിനെ 'ഐ.റ്റി, ഫ്യൂച്ചർ ടെക്‌നോളജീസ് ആൻഡ് സ്റ്റാർട്ട് അപ്‌സ് വകുപ്പ്' (കേരള ടെക്) എന്ന് പുനർനാമകരണം ചെയ്യും.


കേരള ഐ.റ്റി മിഷനെ 'ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മിഷൻ' ആയി മാറ്റുകയും, ഇതിനുകീഴിൽ എ.ഐ (AI) മിഷൻ, എമർജിംഗ് ടെക്‌നോളജീസ് മിഷൻ എന്നിവ സ്ഥാപിക്കുകയും ചെയ്യും. 

സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപങ്ങൾക്കായി പ്രത്യേക മിഷൻ നിലവിൽ വരും.


 4. ആഭ്യന്തര സുരക്ഷയും ലഹരി വിരുദ്ധ ദൗത്യവും

മയക്കുമരുന്ന് ശൃംഖലകൾ പൂർണ്ണമായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കം കുറിച്ചു. വിൽപനക്കാരുടെ ആസ്തികൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.


ഓൺലൈൻ ലഹരി ശൃംഖലകളെ നിരീക്ഷിക്കാൻ 'സ്റ്റേറ്റ് നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ' സ്ഥാപിക്കും. ഈ വരുന്ന ജൂൺ മാസത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനവ്യാപക ലഹരി വിരുദ്ധ ദൗത്യം ആരംഭിക്കും.


5. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ നവീകരണം

മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളെ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും നൽകി ആധുനികവത്കരിക്കും.


ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭരണപരമായ ഏകോപനത്തിനായി 'അക്കാദമിക് സിൻഡിക്കേറ്റ്' രൂപീകരിക്കും. വിദ്യാർത്ഥികളെയും വ്യവസായ മേഖലയെയും ബന്ധിപ്പിക്കുന്ന അപ്രന്റീസ്ഷിപ്പ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്ഫോമും ശാസ്ത്രാവബോധത്തിനായി 'ജവഹർലാൽ നെഹ്‌റു സയന്റിഫിക് സെന്ററുകളും' സ്ഥാപിക്കും.


 6. സുസ്ഥിര പരിസ്ഥിതിയും പുതിയ ജലനയവും

കാലാവസ്ഥാ വ്യതിയാന പ്രതിരോധം മുൻനിർത്തി 'ക്ലീൻ എനർജി ഇനിഷ്യേറ്റീവ്‌സ്', ഇലക്ട്രോണിക് മൊബിലിറ്റി എന്നിവ പ്രോത്സാഹിപ്പിക്കും.


തടങ്ങളിലെ ജലമാനേജ്‌മെന്റ് മുൻനിർത്തി 'വാട്ടർ ക്രെഡിറ്റുകൾ' അവതരിപ്പിക്കുന്ന പുതിയ ജലനയം രൂപീകരിക്കും. ജലാശയങ്ങളുടെ സംരക്ഷണത്തിനായി വാട്ടർ പ്രൊട്ടക്ഷൻ ഫോഴ്‌സ് ശക്തിപ്പെടുത്തും.


മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ എ.ഐ, സോളാർ/ജൈവ വേലികൾ, സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കും.

7. സ്ത്രീ-ശിശു സൗഹൃദ അന്തരീക്ഷം

50-ലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേകെയർ സെന്ററുകളും ക്രെഷുകളും നിർബന്ധമാക്കും.


'മെൻസ്ട്രൽ ഡിഗ്‌നിറ്റി'പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മാസത്തിൽ 3 ദിവസം വരെ ആർത്തവ അവധി അനുവദിക്കും. കുട്ടികൾ പഠനത്തിൽ പിന്നിലാകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ക്ലാസുകൾ ഒരുക്കും.


ഫോസ്റ്റർ കെയർ സംവിധാനങ്ങൾ വിപുലീകരിച്ച് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ 'അനാഥ രഹിത' സംസ്ഥാനമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

ആരോഗ്യമേഖലയിൽ ചെലവു കുറഞ്ഞ ചികിത്സ ഉറപ്പാക്കുക, ലഹരി വിമുക്ത കേരളത്തിന് പ്രത്യേക പദ്ധതി ഒരുക്കാനും ലഹരിമാഫിയയ്‌ക്കെതിരെ കർശന നടപടി തുടങ്ങിയ സമഗ്ര മേഖലകളിലും കാലോചിതമായ വികസമ മാറ്റങ്ങൾക്ക് അടിത്തറയിടുന്നതായിരുന്നു നിയസഭയിൽ അവതരിപ്പിച്ച സർക്കാരിന്റെ നയപ്രഖ്യാപനം. ധനപരമായ ഉത്തരവാദിത്വവും ഭരണകാര്യക്ഷമതയും ഉറപ്പാക്കാൻ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കുന്ന 'ധനകാര്യ ധവളപത്രം' തയ്യാറാക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാൻ തൊഴിലാളികൾ, കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-01 10:17:34

ലേഖനം നമ്പർ: 2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo