കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9ന് നടക്കും. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദവും സുതാര്യവുമായ ഒരു ജനകീയ പ്രക്രിയയായി നടത്തുകയാണ് ലക്ഷ്യം. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അതേ ദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4ന് വോട്ടെണ്ണൽ നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും ക്രമബദ്ധവുമായിരിക്കാനായി നാം പാലിക്കേണ്ട ചില നിർദ്ദേശങ്ങളും മാർഗ്ഗനിർദേശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. 

 സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടികയിലെ കണക്ക് അനുസരിച്ച്  2.70 കോടി വോട്ടർമാരാണുള്ളത്. ആകെ വോട്ടർമാരിൽ 1.38 കോടി പേർ സ്ത്രീകളും 1.31 കോടി  പേർ പുരുഷന്മാരുമാണ്. ആകെ ഭിന്നലിംഗ വോട്ടർമാർ- 277.വോട്ടർ പട്ടിക പരിശോധിക്കാൻ സന്ദർശിക്കുക. 

 ഹരിതചട്ടം: 

ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ  തിരഞ്ഞെടുപ്പ് മാതൃക രൂപപ്പെടുത്തിയിട്ടുണ്ട് . ഹരിതചട്ടത്തിന്റെ  ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളം നടപ്പിലാക്കിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധ നേടിയതിന്റെ തുടർച്ചയായാണ് ഈ നടപടി.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പരിസ്ഥിതിക്ക് ഒട്ടും ആഘാതമുണ്ടാക്കരുത് അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചാരണ ബോർഡുകളും ബാനറുകളും നിർമ്മിക്കുമ്പോൾ പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ തുടങ്ങിയ പുനഃചംക്രമണം ചെയ്യാൻ കഴിയാത്ത വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. പകരം നൂറ് ശതമാനം കോട്ടൺ തുണികളോ അല്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃചംക്രമണയോഗ്യമായ പോളി എതിലീൻ വസ്തുക്കളോ മാത്രമേ ഉപയോഗിക്കാവൂ. ഓരോ പ്രചാരണ സാമഗ്രിയിലും പ്രിന്റിങ് യൂണിറ്റിന്റെ വിവരങ്ങളും ക്യൂ ആർ കോഡും നിർബന്ധമാക്കിയത് സുതാര്യത ഉറപ്പാക്കാനാണ്.

പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നത് തടയാൻ പ്രത്യേക കർമ്മപദ്ധതികൾ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. റാലികളിലും റോഡ് ഷോകളിലും ദാഹശമനത്തിനായി ഉപയോഗിക്കുന്ന ഒറ്റത്തവണ പ്ലാസ്റ്റിക് ബോട്ടിലുകളും കപ്പുകളും പ്ലേറ്റുകളും ഒഴിവാക്കി സ്റ്റീൽ, ഗ്ലാസ് എന്നിവ പോലുള്ള പുനരുപയോഗ സാമഗ്രികൾ പ്രോത്സാഹിപ്പിക്കും. നിബന്ധനകൾ ലംഘിച്ച് സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുക മാത്രമല്ല, അതിന്റെ ചെലവ് ബന്ധപ്പെട്ട വ്യക്തികളിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 

മാതൃകാ പെരുമാറ്റച്ചട്ടം: 

വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പുതിയ പദ്ധതി പ്രഖ്യാപനങ്ങളോ സാമ്പത്തിക സഹായങ്ങളോ ഈ കാലയളവിൽ പാടില്ല. ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗിച്ചുള്ള പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അവധി നൽകേണ്ടി വരും. പൾസ് പോളിയോ പോലുള്ള ആരോഗ്യ പരിപാടികൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. 

തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രതിനിധികൾക്ക് പുതിയ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിക്കാനോ സർക്കാർ ഫണ്ടുപയോഗിച്ച് പുതിയ പദ്ധതികൾ ആരംഭിക്കാനോ സാധിക്കില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ തുടർന്നേക്കാം, എന്നാൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിയില്ല.

എംപിമാരുടെയോ എംഎൽഎമാരുടെയോ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പുതിയ പദ്ധതികൾക്ക് പണം അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നിർത്തിവയ്ക്കണം. അതുപോലെ പുതിയ പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്താനും അനുവദനീയമല്ല. അടിയന്തര പദ്ധതികൾക്ക് മാത്രം കമ്മിഷന്റെ പ്രത്യേക അനുമതി വേണം. ഇതിനകം പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ഉദ്യോഗസ്ഥർക്ക് മാത്രം നടത്താം.

തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ സർക്കാരിന് കഴിയില്ല. മാറ്റം ആവശ്യമായാൽ കമ്മിഷന്റെ അനുമതി നിർബന്ധമാണ്. മന്ത്രിമാരോ ജനപ്രതിനിധികളോ ഔദ്യോഗിക വാഹനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സർക്കാർ പണത്തിൽ സ്ഥാപിച്ച പരസ്യ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം. മുൻപ് സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പരസ്യബോർഡുകളും ഒഴിവാക്കേണ്ടതുണ്ട്.

രക്തസാക്ഷി ദിനം, സദ്ഭാവനാദിനം, പ്രമുഖ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് പങ്കെടുക്കാം. എന്നാൽ അവരുടെ പ്രസംഗം ചടങ്ങിന്റെ വിഷയവുമായി മാത്രം ബന്ധപ്പെട്ടിരിക്കണം.

സർവകലാശാലകളിലോ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നടക്കുന്ന ബിരുദദാന ചടങ്ങുകളിൽ ഗവർണർക്ക് മാത്രം പങ്കെടുക്കാം. തടവുപുള്ളികൾക്ക് പരോൾ അനുവദിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ചാണ് തീരുമാനം എടുക്കേണ്ടത്.

പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കുന്നതും ഉദ്യോഗസ്ഥ സംഘങ്ങളെ നിയമിക്കുന്നതും അനുവദനീയമാണ്. ജീവനക്കാരുടെ വിരമിക്കൽ നടപടികൾ, ഡപ്യൂട്ടേഷൻ മൂലമുള്ള ഒഴിവുകൾ നികത്താൻ ഡിപിസി യോഗം ചേരൽ, ജലവിതരണം പോലുള്ള പൊതുസേവന സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയും തുടരാം. 

കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതും ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ നടത്താൻ സർക്കാരിന് സാധിക്കും. 

രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മുതൽ പോളിംഗ് ഏജന്റുമാർ വരെ ഹരിതചട്ടത്തിലും പെരുമാറ്റച്ചട്ടത്തിലും ശരിയായ പരിശീലനം നേടുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും ലൗഡ് സ്പീക്കറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും കർശന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും ഹരിതാഭമാക്കാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം അത്യാവശ്യമാണ്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനൊപ്പം തന്നെ നമ്മുടെ നാടിന്റെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാനും നാം പ്രതിജ്ഞാബദ്ധരാകണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-16 16:14:17

ലേഖനം നമ്പർ: 1991

sitelisthead