തൃശൂരിൽ സംഘടിപ്പിച്ച 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ‘മത്സരമല്ല, ഉത്സവമാണ്’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ മറ്റൊരു ശ്രദ്ധേയ അധ്യായം കൂടി രേഖപ്പെടുത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായി സംസ്ഥാന സ്‌കൂൾ കലോത്സവം, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും പൊതുവിദ്യാഭ്യാസ രംഗത്തെ സർഗ്ഗാത്മക മുന്നേറ്റങ്ങളെയും പ്രതിനിധീകരിക്കുന്ന സുപ്രധാനമായ ഒരു വേദിയായിരുന്നു.

കുട്ടികളുടെ അന്തർലീനമായ കലാപ്രതിഭകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഈ മേള, കലയും വിദ്യാഭ്യാസവും സാമൂഹിക ഉത്തരവാദിത്തവും കൈകോർക്കുന്ന ഒരു സമഗ്ര സാംസ്‌കാരിക പ്രക്രിയയായി മാറി. അഞ്ചുദിനങ്ങളിലായി, പൂക്കളുടെ പേരുകൾ നൽകിയ 25 വേദികളിൽ, 249 കലാ ഇനങ്ങളിലായി, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ 15,000-ത്തിലധികം വിദ്യാർത്ഥികൾ കലാപ്രകടനങ്ങളുമായി പങ്കെടുത്തു. നഗരമൊട്ടാകെ കുട്ടികളുടെ ആത്മവിശ്വാസവും അധ്യാപകരുടെ മാർഗനിർദ്ദേശവും രക്ഷിതാക്കളുടെ പിന്തുണയും ഒരുമിച്ചുചേർന്ന ഉത്സവാന്തരീക്ഷമാണ് കലോത്സവം സൃഷ്ടിച്ചത്. കലോത്സവത്തിൽ ജില്ലകൾ തമ്മിൽ കടുത്ത മത്സരമാണ് അരങ്ങേറിയത്. ആവേശപോരാട്ടത്തിനൊടുവിൽ 1023 പോയിന്റുകൾ നേടി കണ്ണൂർ ജില്ല സ്വർണ്ണക്കപ്പ് സ്വന്തമാക്കി. തൃശൂർ (1018 പോയിന്റ്) രണ്ടാം സ്ഥാനവും കോഴിക്കോട് (1016 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
വേദികളും അടിസ്ഥാന സൗകര്യങ്ങളും: സംഘാടക മികവിന്റെ തെളിവ്
കലോത്സവത്തിനായി ഒരുക്കിയ 25 വേദികളും ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയത്. 8000 ഇരിപ്പിടങ്ങളുള്ള സൂര്യകാന്തിക്ക് പുറമെ പാരിജാതം (3000 ഇരിപ്പിടങ്ങൾ), നീലക്കുറിഞ്ഞി (2000 ഇരിപ്പിടങ്ങൾ) എന്നീ വേദികളും പ്രേക്ഷകരെ സ്വീകരിക്കാൻ സജ്ജമായിരുന്നു. ആധുനിക ലൈറ്റ് സംവിധാനങ്ങൾ, എൽ.ഇ.ഡി വാളുകൾ, ശബ്ദ–ദൃശ്യ ക്രമീകരണങ്ങൾ എന്നിവ കലാവതരണങ്ങൾക്ക് ദൃശ്യവിസ്മയം സമ്മാനിച്ചു. കുടിവെള്ളം, ആംബുലൻസ്, ശുചിമുറികൾ, താമസ സൗകര്യങ്ങൾ തുടങ്ങിയ അവശ്യ ക്രമീകരണങ്ങൾ എല്ലാ വേദികളിലും ഉറപ്പാക്കിയിരുന്നു.
നാടൻ രുചികളുടെ ഉത്സവം: ഊട്ടുപുര
കലോത്സവ നഗരിയിലെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു ഊട്ടുപുര. പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം ഒരുക്കുക എന്ന വലിയ ദൗത്യം വിജയകരമായി നടപ്പാക്കി . രാവിലെ നവധാന്യ ദോശയും വെജിറ്റബിൾ സ്റ്റൂവും മുതൽ ഉച്ചയ്ക്ക് ചക്കപ്പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ വരെ ഒരുക്കി. പ്രതിദിനം ഇരുപതിനായിരത്തിലധികം പേർക്ക് ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കി ഭക്ഷണവിതരണം നടത്തിയത് കലോത്സവത്തിന്റെ മികച്ച മാനേജ്മെന്റ് മികവിന് ഉദാഹരണമായി.

സുരക്ഷയും സാങ്കേതിക വിദ്യയും
കലോത്സവ നഗരിയിൽ പൂർണ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് വിന്യസിച്ചത്. 25 വേദികൾക്ക് പുറമെ ഊട്ടുപുര, പാർക്കിംഗ് ഏരിയകൾ, ട്രാഫിക് പോയിന്റുകൾ എന്നിവിടങ്ങളിലൊക്കെയും പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. സുരക്ഷയും സാങ്കേതികവിദ്യയും ഏകോപിപ്പിച്ച ഈ ക്രമീകരണങ്ങൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നിർണായകമായി.
വിദ്യാർത്ഥി മാധ്യമ പ്രവർത്തനം: ‘ഫ്രെയിംസ് ഫിയസ്റ്റ’
കലോത്സവ വേദിയിൽ ശ്രദ്ധേയമായ മറ്റൊരു സംരംഭമായിരുന്നു ഹയർ സെക്കൻഡറി ജേർണലിസം വിദ്യാർത്ഥികൾ ഒരുക്കിയ ‘ഫ്രെയിംസ് ഫിയസ്റ്റ’. കലോത്സവ വാർത്തകൾ റിപ്പോർട്ട് ചെയ്ത ഈ വിദ്യാർത്ഥി മാധ്യമ സംരംഭം, പഠനത്തെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച മാതൃകയായി. വാർത്ത ശേഖരണം മുതൽ അവതരണം വരെ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു.
വിജ്ഞാനത്തിന്റെ വേദിയായി വിദ്യാരംഗം സ്റ്റാൾ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയുടെ സ്റ്റാൾ കലോത്സവ നഗരിയിൽ വിജ്ഞാനത്തിന്റെ മറ്റൊരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. വിദ്യാരംഗം, ശാസ്ത്രരംഗം എന്നീ പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം, പുസ്തക ചർച്ചകൾ, സാഹിത്യ ക്വിസ്, സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവ സ്റ്റാളിനെ സജീവമാക്കി. കുട്ടികളെയും അധ്യാപകരെയും പൊതുജനങ്ങളെയും ഒരുപോലെ പങ്കാളികളാക്കി ഈ സ്റ്റാൾ ശ്രദ്ധ നേടി.
_1768815213.jpeg)
പരിസ്ഥിതി സൗഹൃദ മാതൃക: ‘ഉത്തരവാദിത്ത കലോത്സവം’
പൂർണമായും ഹരിതചട്ടം പാലിച്ചാണ് 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് നിയന്ത്രണം, മാലിന്യസംസ്കരണം, ജലസംരക്ഷണം തുടങ്ങിയ നടപടികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ആപ്തവാക്യം വാക്കുകളിലൊതുങ്ങാതെ പ്രാവർത്തികമാക്കി .‘ഉത്തരവാദിത്ത കലോത്സവം’ എന്ന മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, കലയോടൊപ്പം സാമൂഹിക പ്രതിബദ്ധത, സൗഹൃദം, സഹകരണം എന്നീ മൂല്യങ്ങൾ വരും തലമുറയ്ക്ക് പകർന്നു നൽകിയാണ് 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം സമാപിച്ചത്. സംസ്ഥാന സ്‌കൂൾ കലോത്സവം വെറും മത്സരവേദിയിലൊതുങ്ങാതെ, കേരളത്തിന്റെ സമൃദ്ധമായ സാംസ്‌കാരിക വൈവിധ്യങ്ങളെയും ഭാവിതലമുറയുടെ സ്വപ്നങ്ങളെയും ഒരുമിച്ച് ആഘോഷിക്കുന്ന ജനകീയ സാംസ്‌കാരിക വേദിയായി, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഒരിക്കൽ കൂടി അടയാളപ്പെടുത്തി
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-20 12:02:13
ലേഖനം നമ്പർ: 1941