സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് പിന്തുണയായി, ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന  നേട്ടം കൈവരിച്ച് കേരളം. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറിയത്. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇക്കോണമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെയും കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനത്തിന്റെ സമഗ്ര ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കിയത്.  സർക്കാർ സേവനങ്ങളും, ഓൺലൈൻ പണമിടപാടുകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകളും ഓൺലൈനിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും മറ്റും അവബോധം നൽകി എല്ലാവരെയും പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചാണ് ഡിജികേരളം പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14-നും 60-നും ഇടയിൽ പ്രായമുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. 
 
സ്മാർട് ഫോൺ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, സർക്കാരിന്റെ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നീ പാഠ്യവിഷയങ്ങൾ പ്രാവർത്തികമാക്കാൻ ഡിജിറ്റൽ സാക്ഷരരല്ലാത്ത 14 വയസിനുമുകളിലുള്ളവരുടെ വിവരം, 83,45,879 കുടുംബങ്ങളിലെ ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തി കണ്ടെത്തി. തുടർന്ന് 21,88,398 പേർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകുകയും ചെയ്തു. മൊബൈൽ ഫോണിലെ അടിസ്ഥാന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള പരിശീലനം 21,87,966 പഠിതാക്കൾ പൂർത്തിയാക്കി. ഇതിൽ 21,87,667 പേർ (99.98%) വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. ഇതിൽ 15,223 പേർ 90 വയസിന് മുകളിലുള്ളവരാണ്. ദേശീയ മാനദണ്ഡം 90 ശതമാനം ആയിരിക്കെയാണ് കേരളം അതിനെ മറികടന്ന് മുന്നേറിയത്.

കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി-എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, NSS, NCC, NYK, സന്നദ്ധ സേന വോളണ്ടിയർമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധസംഘടനകൾ, യുവതീ-യുവാക്കൾ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ 2,57,000 വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്.

പരിശീലനം പൂർത്തിയാക്കിയവരെ മൂല്യനിർണയ പ്രക്രിയയ്ക്ക് വിധേയരാക്കി. മൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നൽകി തുടർമൂല്യനിർണയവും ഉറപ്പാക്കി. 'ഡിജി കേരളം'പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തിൽ സൂപ്പർ ചെക്ക് പ്രക്രിയ ജില്ലാ ജോയിന്റ്  ഡയറക്ടറുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും ചെയ്തു.  സൂപ്പർ ചെക്കിൽ 10%-ൽ അധികം പഠിതാക്കൾ പരാജയപ്പെട്ട എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവേയിലൂടെ കണ്ടെത്തിയ എല്ലാ പഠിതാക്കൾക്കും വീണ്ടും പരിശീലനം നൽകി. ഡിജി കേരളം പദ്ധതിയുടെ തേർഡ് പാർട്ടി മൂല്യ നിർണ്ണയം ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേന നടത്തി. തുടർപ്രവർത്തനങ്ങൾക്കായി ഒരു വെബ് പോർട്ടലും, മൊബൈൽ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു.
 
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയത് സാങ്കേതിക നേട്ടം മാത്രമല്ല. സാമൂഹിക പുരോഗതിയുടെയും സാങ്കേതിക വിദ്യയിലെ ജനാധിപത്യ മുന്നേറ്റത്തിന്റെയും ഫലം കൂടിയാണ്. സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്നതിലൂടെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിച്ചു. ഒപ്പം ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കപ്പെട്ടതോടെ സമയം, പണം, ഊർജം എന്നിവ ലാഭിക്കാനും സാധിച്ചു. ഇതോടൊപ്പം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നീ മേഖലകളിൽ ജനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുത്തു. പ്രായഭേദമന്യേ, എല്ലാവർക്കും സാങ്കേതിക വിദ്യ കെെകാര്യം ചെയ്യാൻ സാധിച്ചതിലൂടെ സാമൂഹിക ഉൾക്കൊള്ളലിന്റെ മികച്ച മാതൃകയും രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തിപ്പെട്ടതോടെ കേരളത്തിന്റെ സമഗ്ര പുരോഗതിക്കും ഡിജിറ്റൽ  സമൂഹത്തിലേക്കുള്ള മുന്നേറ്റത്തിനും 'ഡിജി കേരളം' പദ്ധതി വഴികാട്ടിയായി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-08-20 15:14:19

ലേഖനം നമ്പർ: 1828

sitelisthead