സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2025 ഡിസംബർ 9, ഡിസംബർ 11 തീയതികളിലായി രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. ഇവിടെ ഡിസംബർ ഒൻപത് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ നേരത്തെ പൂർത്തിയാക്കി.

സംസ്ഥാനത്തെ ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 സ്ഥാപനങ്ങളിലേക്കാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ് വിഭജനത്തിലൂടെ ആകെ വാർഡുകളുടെ എണ്ണം 21,900-ൽ നിന്ന് 23,612 ആയി വർദ്ധിച്ചു. ഇതിൽ 941 ഗ്രാമ പഞ്ചായത്തുകളിലായി 17,337 വാർഡുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2,267 വാർഡുകളും, 14 ജില്ലാ പഞ്ചായത്തുകളിലായി 346 വാർഡുകളും ഉൾപ്പെടുന്നു. നഗരമേഖലയിൽ 86 മുനിസിപ്പാലിറ്റികളിലായി 3,205 വാർഡുകളിലേക്കും 6 കോർപ്പറേഷനുകളിലായി 421 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ആകെ 23,576 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. 

പുതിയ വാർഡുകൾക്കനുസൃതമായി വോട്ടർപട്ടിക 2025 ഓഗസ്റ്റിലും ഒക്ടോബറിലും രണ്ട് പ്രാവശ്യം പുതുക്കിയിരുന്നു. ഓഗസ്റ്റിൽ തയ്യാറാക്കിയ വോട്ടർ പട്ടിക സെപ്റ്റംബർ 29ന്  വീണ്ടും കരടായി പ്രസിദ്ധീകരിക്കുകയും അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡറുകളും  ഉൾപ്പെടെ ആകെ 2,84,30,761 വോട്ടർമാരുണ്ട്. പ്രവാസി ഭാരതീയർക്കുള്ള വോട്ടർ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ  2841 വോട്ടർമാരാണുളളത്. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് നവംബർ 4, 5 തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. അതോടൊപ്പം ഒഴിവാക്കലിനും ഭേദഗതിയ്ക്കും സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. സപ്ലിമെന്ററി ലിസ്റ്റുകൾ 14ന് പ്രസിദ്ധീകരിക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

പോളിംഗ് ക്രമീകരണങ്ങൾ

വോട്ടെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ 33,746 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ മൂന്ന് വോട്ടുകൾ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക്) രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ നഗരസഭാ തലത്തിൽ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) നിർമ്മിച്ച് നൽകിയ 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈകുന്നേരം 6ന് അവസാനിക്കും. വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള 8 അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാവുന്നതാണ്.

മാതൃകാ പെരുമാറ്റച്ചട്ടവും സുരക്ഷാ മാനദണ്ഡങ്ങളും ലിങ്കിൽ

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-11-10 16:54:57

ലേഖനം നമ്പർ: 1912

sitelisthead