കേരളത്തെ നൈപുണ്യ വികസനത്തിലൂടെ മാനവവിഭവശേഷിയുടെ ആഗോള ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025 സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29, 30 തീയതികളിലായി നടക്കുന്ന ഉച്ചകോടിയ്ക്ക് കൊച്ചി വേദിയാകും.  

വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സുപ്രധാന ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. കേരളത്തിന്റെ മാനവ വിഭവശേഷിയെ നവീകരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പ്രധാന ചാലകശക്തിയായി മാറ്റാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനായി ആഗോള വിദഗ്ധർ, വ്യവസായ നേതാക്കൾ, അക്കാദമിക് രംഗത്തെ വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവർ ചർച്ചയുടെ ഭാഗമാകും. 

സാക്ഷരത, ആരോഗ്യം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളിലൂടെ കേരളം ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. ഈ നേട്ടങ്ങളുടെ തുടർച്ചയായി, സംസ്ഥാനത്തെ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അവരെ അതിന് തയ്യാറാക്കുകയും ചെയ്യുന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.  ഉച്ചകോടിയുടെ ഭാഗമായി, പ്രശസ്ത കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും. കേരളത്തിലെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ മേഖലയിലെ പുതുതായി രൂപപ്പെടുന്ന പ്രവണതകൾ, ആഗോള തൊഴിൽ വിപണിയിലെ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നത്.

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് മുൻ സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (INCIT സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്കിൽസ് ഓസ്ട്രേലിയ) എന്നിവരുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. 

 കേരളത്തിന്റെ യുവജനങ്ങൾക്ക് ആഗോള നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുകയും, അവരുടെ കഴിവുകൾ ലോകവ്യാപകമായി അംഗീകരിക്കപ്പെടുന്ന രീതിയിൽ വളർത്തുകയും ചെയ്യാൻ ലക്ഷ്യമിടുന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025, സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്ക് പുതിയ വഴിത്തിരിവായി മാറും. നവീകരണത്തിന്റെയും നൈപുണ്യത്തിന്റെയും ശക്തിയെ ആശ്രയിച്ച് കേരളം, മനുഷ്യവിഭവ വികസനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായി ഉയർന്നുവരുന്നതിനുള്ള വേദിയാകും ഈ ഉച്ചകോടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-08-28 11:22:10

ലേഖനം നമ്പർ: 1839

sitelisthead