ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സംഘടിപ്പിക്കുന്നു. ജനുവരി 20 മുതൽ 22 വരെ കൊച്ചിയിൽ നടക്കുന്ന ദേശീയ സംഗമം, സാംസ്കാരിക-കലാ -സാഹിത്യ വൈവിധ്യങ്ങളുടെ സംഗമവേദിയാകും.
സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും കലാരൂപങ്ങളെയും അണിനിരത്തി ദേശീയസംഗമം ഒരുക്കിയിരിക്കുന്നത്. കേരള ഫോക്‌ലോർ അക്കാദമി, ഗോപിനാഥ് നാട്യഗ്രാമം, കേരള കലാമണ്ഡലം, ഭാരത് ഭവൻ തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
പരമ്പരാഗത, സമകാല കലാരൂപങ്ങളുടെ അവതരണവും സെമിനാറുകളും സംവാദങ്ങളും വിവിധ പ്രദർശനങ്ങളും എട്ട് വേദികളിലായി അരങ്ങേറും. രാജ്യത്തെ പ്രശസ്‌ത സാഹിത്യകാരന്മാരും നർത്തകരും സംഗീതജ്ഞരും ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമാകും. ട്രാൻസ്ജെൻഡർ, ഭിന്നശേഷി അവതരണങ്ങൾ, ന്യൂനപക്ഷ സാമൂഹ്യ കൂട്ടായ്മ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. കൂടാതെ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് അങ്കണത്തിൽ 19 മുതൽ 24 വരെ പുസ്‌തകമേള സംഘടിപ്പിക്കും. അൻപതിലധികം പ്രമുഖ പ്രസാധകർ പങ്കെടുക്കും.
സെമിനാറുകളും സംവാദങ്ങളും
ഡിസംബർ 20: കല, സിനിമ, മതം – ‘നാടകവും സാമൂഹിക മാറ്റവും’ മാധ്യമ ഇൻ്റർഫേസ് സെഷൻ, ചലച്ചിത്ര രാഷ്ട്രീയ സംവാദങ്ങൾ, ലെ മിസറബിൾസ്’ മലയാള വിവർത്തനത്തിന്റെ നൂറാം വാർഷികം.
ഡിസംബർ 21: ഭാഷ, മാധ്യമം, ചരിത്രം – ഭാഷയും മാധ്യമങ്ങളും, കീഴടി പുരാവസ്തു കണ്ടെത്തലുകൾ, ‘നിർമ്മിത ബുദ്ധിയും സംസ്കാരവും’, റിത്വിക് ഘട്ടക് അനുസ്മരണം, രവിവർമ്മ മുതൽ ബിനാലെ വരെ കലാ ചരിത്ര സംവാദം.
ഡിസംബർ 22: വിദ്യാഭ്യാസം, ലിംഗനീതി, സാഹിത്യം – വിദ്യാഭ്യാസ പ്രതിസന്ധികൾ, സാംസ്കാരിക രാഷ്ട്രീയം, ക്വീർ പ്രതിനിധാനം, എഴുത്തച്ഛൻ പുരസ്കാര ജേതാക്കളുടെ ആദരം, ‘ബാറ്റിൽഷിപ്പ് പോട്ടെംകിൻ’ നൂറാം വാർഷിക അവതരണം, ദളിത് ജീവിതവും ജാതി വിവേചനവും.
വേദികൾ
ദർബാർ ഹാൾ ഗ്രൗണ്ട് – കേക, രാജേന്ദ്ര മൈതാനം – ടാഗോർ വേദി, ലളിതകല അക്കാദമി – ഷേക്‌സ്പിയർ സ്ക്വയർ (4 വേദികൾ), ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം – വൈക്കം മുഹമ്മദ് ബഷീർ വേദി, സുഭാഷ് പാർക്ക് – പിക്കാസോ വേദി, ഫൈൻ ആർട്സ് ഹാൾ – കാളിദാസരംഗ വേദി എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറുക.
രജിസ്ട്രേഷൻ
സെമിനാറുകളിലും സംവാദങ്ങളിലും പങ്കെടുക്കാൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ ഫോം സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്: culturedirectorate.kerala.gov.in ൽ ലഭ്യമാണ്.
അനുഷ്ഠാനകലകൾ, ഫോക്‌ലോർ രൂപങ്ങളായ പൂരക്കളി, കളരിപ്പയറ്റ്, നാടൻപാട്ട്, മന്നാൻ കൂത്ത്, ഇരുള നൃത്തം, മലപ്പുലയാട്ടം, ക്ഷേത്ര–രംഗ കലകളായ തെയ്യം, പടയണി, മുടിയേറ്റ്, കോൽക്കളി, ദഫ് മുട്ട്, പുള്ളുവൻപാട്ട്, തോൽപ്പാവക്കൂത്ത്, സർപ്പക്കളി, ക്ലാസിക്കൽ കലാരൂപങ്ങളായ ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, കഥകളി, ഭരതനാട്യം, കഥക്, മോഹിനിയാട്ടം എന്നിവയ്‌ക്കുപുറമെ, ഫ്യൂഷൻ നൃത്താവതരണങ്ങൾ, കഥാപ്രസംഗം, മെഗാ മിമിക്സ് ഷോ, കോമഡി നൈറ്റ് തുടങ്ങിയവയും അരങ്ങിലെത്തും. എല്ലാ വേദികളിലും പ്രവേശനം സൗജന്യമാണ്.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും, പരമ്പരാഗതവും സമകാലീനവുമായ കലാരൂപങ്ങളും ഉൾക്കൊള്ളുന്ന ദേശീയ സംഗമം, സാംസ്കാരിക സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും മുന്നേറ്റമാണ്.
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഷെഡ്യൂൾ
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-19 17:56:18
ലേഖനം നമ്പർ: 1920