നവകേരള സൃഷ്ടിക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ വികസന–സാമൂഹ്യ ക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങളും, അവ സംബന്ധിച്ചുള്ള ജനങ്ങളുടെ അനുഭവങ്ങളും, പുതിയ നിർദേശങ്ങളും നേരിട്ട് ശേഖരിക്കുന്നതിനായി നവകേരള വികസന ക്ഷേമ പഠനപരിപാടി (നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം) ആരംഭിച്ച് സംസ്ഥാന സർക്കാർ. 

ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ച് ഭാവിയിലെ നയനിർമ്മാണത്തിന് ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കുക എന്നതാണ് ഈ പഠന പരിപാടിയുടെ പ്രധാന ലക്ഷ്യം. 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയാണ് സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം സംസ്ഥാനത്ത് നടപ്പാക്കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാ കേരളീയർക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയും. 

സംസ്ഥാനത്തെ ഓരോ കുടുംബത്തിന്റെയും വിവിധ കൂട്ടായ്മകളുടെയും വാക്കുകൾ ഭരണസിരാകേന്ദ്രത്തിലേക്ക് നേരിട്ട് എത്തിക്കുന്ന ബൃഹത്തായ ജനാധിപത്യ പ്രക്രിയയാണ് ഈ പരിപാടി. വീടുകൾ, പൊതുകൂട്ടായ്‍മകൾ എന്നിവ വഴി ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ ആവശ്യങ്ങൾ, അഭിപ്രായങ്ങൾ, വികസന കാഴ്ചപ്പാടുകൾ എന്നിവ രേഖപ്പെടുത്തുന്ന ഈ പഠന പരിപാടി ഭരണനടപടികളെ കൂടുതൽ ജനകീയവും അനുഭവാധിഷ്ഠിതവുമാക്കാൻ സഹായിക്കും. 

കേരളത്തിന്റെ 2031ലെ വികസന ദർശനം യാഥാർത്ഥ്യമാക്കുന്ന പ്രക്രിയയിൽ, ജനങ്ങളുടെ ജീവിതരേഖകളെ പൂർണമായി ഉൾക്കൊണ്ട് അവയെ വികസനരേഖകളാക്കി മാറ്റുകയാണ് ഇതിലൂടെ. നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം കേരളത്തിന്റെ വികസനയാത്രയിൽ ഒരു പുതിയ അധ്യായം തുറക്കുന്ന, ദീർഘകാല ദർശനമുള്ള ജനകീയ പരിപാടിയാണ്. കേരളം ഇതുവരെ കൈവരിച്ച സാമൂഹിക, സാമ്പത്തിക, മാനുഷിക വികസന നേട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി, വികസിത രാജ്യങ്ങളിലെ മധ്യ വരുമാന ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുപോലുള്ള ഉയർന്ന ജീവിതനിലവാരം എല്ലാ കേരളീയർക്കും ഉറപ്പാക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

കേരളം കൈവരിച്ചിട്ടുള്ള സമഗ്രമായ വിദ്യാഭ്യാസ മുന്നേറ്റം, ആരോഗ്യമേഖലയിലെ അതുല്യ പുരോഗതി, സാമൂഹിക സംരക്ഷണത്തിന്റെ ദീർഘകാല പൈതൃകം, ദുരന്ത പ്രതിരോധത്തിൽ കേരളം തെളിയിച്ച അനന്യമായ ഭരണക്ഷമത എന്നിവയെല്ലാം ഈ പരിപാടിയുടെ അടിത്തറയാണ്. സർക്കാർ ജനങ്ങളോട് പറയുക എന്ന ഏകപക്ഷീയ ആശയവിനിമയത്തിനപ്പുറം, ജനങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഭവനം, സാമൂഹ്യസുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, യുവജന–വനിത ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ നിലവിലെ സ്ഥിതി വിലയിരുത്തി, പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളും വിഭാഗങ്ങളും കണ്ടെത്തി, സമഗ്രമായ പരിഹാരങ്ങൾ രൂപപ്പെടുത്തുകയാണ് ഈ പരിപാടിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. വികസനത്തിന്റെ ഗുണഫലം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സമനിലയിൽ എത്തിക്കുക എന്ന സാമൂഹ്യനീതിയിലൂന്നിയ സമീപനമാണ് നവകേരളത്തിന്റെ ദർശനം.

സാമൂഹിക സന്നദ്ധസേനാ അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി വാർഡ് അടിസ്ഥാനത്തിലാണ് അഭിപ്രായം തേടുക. സംസ്ഥാന സാമൂഹ്യ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് നാല്‌ സന്നദ്ധപ്രവർത്തകരെ ഓരോ വാർഡിലും നിയോഗിക്കും. എൻ.എസ്.എസ്. വളണ്ടിയർമാർ, എൻ.സി.സി. കേഡറ്റുകൾ, പ്രൊഫഷണൽ വിദ്യാർഥികൾ എന്നിവർക്കും ഈ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ അവസരമുണ്ടാകും. പഠനത്തിന്റെ ഭാഗമാകുന്ന ഇവർക്ക് അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൽകും.
 
സന്നദ്ധപ്രവർത്തകർ വീടുകൾ, ഫ്ളാറ്റുകൾ, വാസസ്ഥലങ്ങൾ, ഉന്നതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ-വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽശാലകൾ, കുടുംബശ്രീ, തൊഴിലുറപ്പ്, ബസ്/ ഓട്ടോ/ടാക്സി സ്റ്റാൻഡുകൾ. വായനശാലകൾ, ക്ലബ്ബുകൾ, മറ്റു കൂട്ടായ്മകൾ എന്നിവിടങ്ങൾ സന്ദർശിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കും. വികസന ആവശ്യങ്ങൾ, നിലവിൽ നടപ്പാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ, സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും തുടങ്ങിയവ റിപ്പോർട്ടിൻ്റെ ഭാഗമാകും. കൂടാതെ സാമൂഹ്യജീവിതത്തിലെ വ്യത്യസ്ത പ്രശ്നങ്ങളും ഉൾപ്പെടുത്തി തയാറാക്കുന്ന പഠന റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും.

2031-ൽ കേരള സംസ്ഥാനം രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ, "വിഷൻ 2031" എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കുന്നതിൽ നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം നിർണായക പങ്ക് വഹിക്കും. സർക്കാരും ജനങ്ങളും പങ്കാളികളാകുന്ന ഈ പരിപാടി, കേരളത്തിന്റെ ഭാവി വികസനം രൂപപ്പെടുത്തുന്ന ഒരു ശക്തമായ ജനകീയ പ്രസ്ഥാനമായി മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-01 15:20:14

ലേഖനം നമ്പർ: 1928

sitelisthead