പ്രകൃതിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ലോക സൗഹൃദദിനമായ 2025 ഓഗസ്റ്റ് 3-ന്, ‘ചങ്ങാതിക്കൊരു തൈ’ എന്ന പേരിൽ നവീനവും സമഗ്രവുമായ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ‘ഒരു തൈ നടാം’ എന്ന ഹരിതകേരളം മിഷന്റെ ജനകീയ വൃക്ഷവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്. “സൗഹൃദം മഹാവൃക്ഷമായി വളരട്ടെ” എന്ന ആശയം ആസ്പദമാക്കി, വൃക്ഷത്തൈ കൈമാറ്റം പരിസ്ഥിതിയോടുള്ള ബോധവൽക്കരണത്തിനും മാനുഷികബന്ധങ്ങളുടെ ശാക്തീകരണത്തിനും ഒരു നവോത്ഥാന വഴിയാകുകയാണ് ഈ ക്യാമ്പയിൻ . സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്നതിലൂടെ സ്നേഹവും കരുതലും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തവും സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്‌ഷ്യം
ഹരിതകേരളം മിഷൻ, വൃക്ഷവൽക്കരണത്തിലൂടെ കേരളത്തെ ഹരിതാഭമാക്കാനും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള സമൂഹമായി രൂപപ്പെടുത്താനും ലക്ഷ്യമിട്ട് 2024 ജൂൺ 5-ന് ‘ഒരു തൈ നടാം’ കാമ്പയിൻ ഔദ്യോഗികമായി ആരംഭിച്ചിരുന്നു. 2025 സെപ്റ്റംബർ 30-നകം ഒരു കോടി തൈകൾ നട്ടുപിടിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ഈ പദ്ധതി പുരോഗമിക്കുകയാണ്. ‘ചങ്ങാതിക്കൊരു തൈ’ എന്ന സംരംഭം ഈ ദൗത്യത്തിന്റെ ഭാഗമായി, സൗഹൃദത്തിന്റെ പേരിൽ പാരിസ്ഥിതിക ബോധവൽക്കരണത്തിനും സമൂഹ പങ്കാളിത്തത്തിനും പുതിയ സാധ്യതകൾ തുറക്കുകയാണ്.
ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പ്രമുഖമായത് പരിസ്ഥിതിക ബോധം വർദ്ധിപ്പിക്കലാണ്. സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്നതിലൂടെ, പ്രത്യേകിച്ച് കുട്ടികളിൽ നിന്നും യുവതലമുറയിലേക്കുള്ള പാരിസ്ഥിതിക അവബോധം ശക്തമാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം, സൗഹൃദം ഒരു തൈയുടെ വളർച്ചപോലെയാണെന്നും, അത് സ്‌നേഹത്തോടെയും കരുതലോടെയും പരിപാലിക്കേണ്ടതാണെന്നും സമൂഹത്തെ ഓർമിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. ലോക സൗഹൃദദിനത്തിൽ 10 ലക്ഷത്തിലധികം തൈകൾ കൈമാറി സംസ്ഥാനത്തിന്റെ ഹരിത ആവരണം വർദ്ധിപ്പിക്കുക എന്നത്, ‘ഒരു തൈ നടാം’ പദ്ധതിക്ക് കരുത്ത് പകരുന്നതാണ്. നിലവിലുള്ള പച്ചത്തുരുത്തുകൾ പുനരുജ്ജീവിപ്പിക്കുകയും പുതിയ പച്ചത്തുരുത്തുകൾ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെയും ഈ ലക്ഷ്യം സാധ്യമാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ സർക്കാർ വകുപ്പുകൾ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.
ആഗോളതാപനം, ജൈവവൈവിധ്യ നഷ്ടം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി മനുഷ്യരുടെ നിലനിൽപ്പിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, വൃക്ഷവൽക്കരണം വളരെ അത്യാവശ്യമായ ഇടപെടലാണ്. സൗഹൃദത്തിന്റെ പേരിൽ ഒരൊറ്റ തൈ കൈമാറുന്നതിനും വലിയ പ്രതീകാത്മകതയുണ്ട്. അതിലൂടെ പ്രകൃതിയോടുള്ള പ്രതിബദ്ധതയും ദീർഘകാല സഹവാസത്തിന്റെയും സന്ദേശവുമാണ് കൈമാറപ്പെടുന്നത്.
ഈ ക്യാമ്പയിന്റെ വിജയകരമായ നടപ്പിലാക്കലിനായി ഹരിതകേരളം മിഷൻ വിവിധ പ്രവർത്തങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ, കോളേജുകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് സംസ്ഥാനമാകെ തൈ കൈമാറ്റ പരിപാടികൾ സംഘടിപ്പിക്കുന്നതാണ് ആദ്യഘട്ടം. തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, എംജിഎൻആർഇജിഎസ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം എന്നിവയുടെ സഹകരണത്തോടെ ആവശ്യമായ തൈകൾ ഉത്പാദിപ്പിക്കുകയും കൃത്യസമയത്ത് വിതരണം ചെയ്യുകയും ചെയ്യും. സമൂഹമാധ്യമങ്ങൾ, അച്ചടി–ദൃശ്യ മാധ്യമങ്ങൾ എന്നിവ മുഖേന ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപകമായി നടപ്പാക്കുകയും പച്ചത്തുരുത്തുകളുടെ വികസനത്തിലൂടെ തൈകൾക്ക് അനുയോജ്യമായ വളർച്ചാ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യും. ബയോ-ടാഗിംഗ് പോലുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് തൈകളുടെ വളർച്ച നിരീക്ഷിക്കാൻ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് പരിപാലന സമിതികൾ പ്രവർത്തിക്കുക.
ഒരു തൈ നടാം’ കാമ്പയിനും ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിയിലും ലഭിച്ച ജനപങ്കാളിത്തം സംസ്ഥാനത്തെ ഹരിതാവരണം ഗണ്യമായി വർദ്ധിക്കാൻ സഹായിക്കും. തൈ കൈമാറ്റം ഒറ്റദിന പരിപാടിയായി മാത്രം പരിഗണിക്കാതെ, പരിസ്ഥിതിയെ പ്രതിദിന ജീവിതത്തിന്റെ ഭാഗമാക്കുന്ന ഒരു ചിന്താനിലയമായി മാറുകയാണ്. സൗഹൃദത്തിന്റെയും സഹജീവിതത്തിന്റെയും പുതിയ അർത്ഥങ്ങൾ ഈ സംരംഭത്തിലൂടെ കൂടുതൽ ആഴത്തോടെ വെളിപ്പെടുത്തപ്പെടുകയും മനുഷ്യബന്ധങ്ങൾ പുതുമ കൊണ്ടുവരുകയും ചെയ്യുന്നു. വിവിധ മേഖലകളിൽ നിന്നുള്ള സംയുക്ത പങ്കാളിത്തം മുഖേന, ഈ പദ്ധതികൾ വലിയ സാമൂഹിക ഉദ്ദേശങ്ങൾ കൈവരിക്കാൻ വഴിയൊരുക്കുന്ന മാതൃകയായി ഉയരും
2025 ഓഗസ്റ്റ് 3-ന് ലോക സൗഹൃദദിനത്തിൽ ഹരിതകേരളം മിഷൻ ആരംഭിച്ച ‘ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിൻ, സംസ്ഥാനത്തിന്റെ സുസ്ഥിരവും പരസ്പരം ബന്ധിതവുമായ ഭാവിക്കായുള്ള ശക്തമായ ഒരു ചുവടുവെയ്പാണ്. പരിസ്ഥിതി സംരക്ഷണത്തെ മാനവിക ബന്ധങ്ങളുമായി ചേർത്ത് നോക്കുന്ന ഈ സമീപനം, കേരളത്തെ കൂടുതൽ ഹരിതവും സഹജീവിതവും നിറഞ്ഞതുമായ സമൂഹത്തിലേക്ക് നയിക്കും."സൗഹൃദം മഹാവൃക്ഷമായി വളരട്ടെ" എന്ന സന്ദേശം, പ്രകൃതിയുടെയും ബന്ധങ്ങളുടെയും സമഗ്രതയെയും പ്രതിനിധീകരിക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-08-03 09:20:22
ലേഖനം നമ്പർ: 1816