വയോജനങ്ങളുടെ സമഗ്രമായ പരിരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും സമൂഹത്തിൽ അവരുടെ പ്രാധാന്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനും ലക്ഷ്യമിട്ട് ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നു. ''പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുതിർന്നവർ : നമ്മുടെ അഭിലാഷങ്ങൾ, നമ്മുടെ ക്ഷേമം, നമ്മുടെ അവകാശങ്ങൾ” എന്ന പ്രമേയത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ 2025ലെ അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്.
പ്രതിരോധശേഷിയുള്ളതും സമത്വം പൂർണ്ണവുമായ സമൂഹം രൂപപ്പെടുത്തുന്നതിൽ വയോജനങ്ങൾ വഹിക്കുന്ന പരിവർത്തനാത്മക പങ്ക് ഊന്നിപ്പറയുന്ന ഈ വയോജന ദിനത്തിൽ, രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ രൂപീകരിക്കുന്ന സംസ്ഥാനം എന്ന അഭിമാന നേട്ടമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്.
സാമൂഹ്യവികസനത്തിൽ മാതൃകാപരമായ മുന്നേറ്റങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ വയോജന കമ്മീഷൻ രൂപീകരിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് വയോജന കമ്മീഷൻ പ്രവർത്തിക്കുന്നത്. വയോജനങ്ങളുടെ ക്ഷേമത്തിനും നീതിക്കും വേണ്ടി അനേകം പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നത്. വയോമിത്രം, വയോരക്ഷ, വയോ അമൃതം, വയോമധുരം , ഓർമ്മത്തോണി തുടങ്ങി വിവിധ പദ്ധതികൾ വകുപ്പ് നടപിലാക്കുന്നു.
വയോജന ക്ഷേമം മുൻ നിർത്തി MWPSC ആക്ട് (Maintenance and Welfare of Parents and Senior Citizens Act, 2007) പ്രകാരമുള്ള പ്രൊവിഷൻസ് കൃത്യമായി സംസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനും ജാഗ്രത പുലർത്തുന്നുണ്ട്. ആരോഗ്യമുള്ള വാർദ്ധക്യം സന്തുഷ്ടമായ വാർദ്ധക്യം എന്നതാണ് കേരളം മുന്നോട്ട് വെക്കുന്ന ലക്ഷ്യം.
വയോജന കമ്മീഷൻ: ആവശ്യകത
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും പരിചയസമ്പത്തും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമാണ് കമ്മീഷൻ രൂപീകരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ കേരള വയോജന കമ്മീഷൻ ബിൽ കേരളത്തിൽ വയോജന സംരക്ഷണ രംഗത്ത് പുതുയുഗമാണ് സൃഷ്ടിക്കുന്നത്. നിലവിൽ വന്ന കേരളം സംസ്ഥാന വയോജന കമ്മീഷൻ ആക്ടിലെ (2025) മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പു പ്രകാരമാണ് കമ്മീഷന് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനുമായി ചെയർപേഴ്സണെയും നാല് അംഗങ്ങളെയും നിയമിച്ചിരിക്കുന്നത്.
മൂന്ന് വർഷത്തേക്കാണ് ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി. ചെയർപേഴ്സണ് ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും. സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ ഫിനാൻസ് ഓഫീസറായും പ്രവർത്തിക്കും.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച് വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി കമ്മീഷൻ അഭിസംബോധന ചെയ്യും. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് കമ്മീഷൻ പ്രവർത്തിക്കുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും.
പുനരധിവാസം ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് സാധ്യമാക്കുന്നതും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് ആയത് കമ്മീഷൻ ലഭ്യമാക്കും. കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കിൽ തർക്കത്തിലേർപ്പെട്ട കക്ഷികൾക്ക് പരിഹാരത്തിനായോ സർക്കാരിലേക്ക് അയക്കാം.
വയോജന കമ്മീഷൻ അംഗങ്ങൾ
വയോജന കമ്മീഷൻ ചെയർമാനായി കെ. സോമപ്രസാദിനെ നിയമിച്ചു. മുൻ രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കും പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാമൂഹ്യപ്രവർത്തകനാണ് കെ. സോമപ്രസാദ്. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, വനിതാ കമ്മീഷൻ അംഗമായ ഇ.എം. രാധ, പട്ടികവർഗ്ഗ വികസന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ.എൻ.കെ നമ്പൂതിരി, മുൻ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ജനസംഖ്യാ വളർച്ചാനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2026 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, വാർദ്ധക്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലെ ചില മുൻവിധികൾ കൂടി സൂക്ഷ്മമായി പരിശോധിക്കുകയും മറികടക്കാൻ ശ്രമിക്കുകയും ചെയ്യാൻ സർക്കാർ തീരുമാനിച്ചതിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ് വയോജന നിയമവും, കമ്മീഷനും.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന കമ്മീഷനായി വയോജന കമ്മീഷൻ മാറും. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് മുന്നിൽ നിൽക്കുന്ന കേരളത്തെ കൂടുതൽ വയോജനസൗഹൃദ സംസ്ഥാനമാക്കാനുള്ള സുപ്രധാന ചുവടുവെയ്പാണ് കമ്മീഷൻ രൂപീകരണം. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന വയോജന കമ്മീഷൻ, സാമൂഹ്യനീതിയുടെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും നേർ മാതൃകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-03 11:26:24
ലേഖനം നമ്പർ: 1878